ലോക റാങ്ക് - 4

നേട്ടങ്ങള്‍: ലോകകപ്പ് (1966)

ക്യാപ്റ്റന്‍: ഹാരി കെയ്ന്‍

പരിശീലകന്‍: ഗാരെത് സൗത്ത്ഗേറ്റ് 

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ ലീഗുകളിലൊന്ന് നടക്കുന്ന രാജ്യമായിട്ടും അന്താരാഷ്ട്ര ഫുട്ബോളില്‍ ഇംഗ്ലണ്ടിന് നേട്ടങ്ങള്‍ ഏറെ അവകാശപ്പെടാനില്ല. താരധാരാളിത്തം ഇത്തവണയുമുണ്ടെങ്കിലും ടീമിന്റെ സ്ഥിരത പരിശീലകന്‍ സൗത്ത് ഗേറ്റിനെ അലട്ടുന്നുണ്ട്.

കടലാസില്‍ അതിശക്തമാണ് ഇംഗ്ലണ്ട് ടീം. മികച്ച ഒരു സംഘം യുവകളിക്കാരുടെ സാന്നിധ്യം ടീമിലുണ്ട്. ലീഗുകളില്‍ മിന്നുന്ന പ്രകടനമാണ് എല്ലാവരും കാഴ്ചവെക്കുന്നത്. അതിനൊത്ത പ്രകടനം യൂറോയിലുമുണ്ടായാല്‍ ആദ്യമായി കിരീടം നേടാനാകും.

പ്രതിരോധത്തില്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ അസാന്നിധ്യം ടീമിന് തിരിച്ചടിയാണ്. പരിക്കാണ് വില്ലനായത്. അതുപോലെ മാസണ്‍ ഗ്രീന്‍വുഡും പരിക്കുകാരണം ടീമിലില്ല. ജോര്‍ഡാന്‍ പിക്ഫോഡാകും ആദ്യ ഇലവനിലെ ഗോള്‍ കീപ്പര്‍. പ്രതിരോധത്തില്‍ കെയ്ല്‍ വാക്കര്‍, ലൂക്ക് ഷോ, ഹാരി മഗ്വയര്‍, ജോണ്‍ സ്റ്റോണ്‍സ്, കെയ്റണ്‍ ട്രിപ്പിയര്‍, ബെന്‍ ചില്‍വെല്‍, റീസെ ജെയിംസ് എന്നിവരുണ്ട്.

ജോര്‍ഡാന്‍ ഹെന്‍ഡേഴ്സന്‍, ഡിക്ലെന്‍ റീസെ, മാസണ്‍ മൗണ്ട്. ജൂഡ് ബെല്ലിങ്ഹാം എന്നിവരാണ് മധ്യനിരയിലെ കരുത്തര്‍. മുന്നേറ്റനിര ആഴമേറിയതാണ്.

ജാക് ഗ്രീലിഷ്, ഹാരി കെയ്ന്‍, റഹീം സ്റ്റെര്‍ലിങ്, മര്‍ക്കസ് റാഷ്ഫോഡ്, ജേഡന്‍ സാഞ്ചോ, ഡൊമെനിക് കാള്‍വര്‍ട്ട് ലെവിന്‍, ഫില്‍ ഫോഡന്‍, ബുകയോ സാഖ എന്നിവരാണ് അണിനിരക്കുന്നത്. ടീമില്‍ അവസരം കിട്ടാത്ത താരങ്ങളെ അണിനിരത്തി മികച്ച ഇലവനെത്തന്നെ ഉണ്ടാക്കാന്‍ ഇംഗ്ലണ്ടിന് കഴിയും.

Content Highlights: England national football team Euro 2020 squad preview