റ്റലിക്കാരന്‍ റോബര്‍ട്ടോ ബാജിയോയെയാണ് ഇതിന് മുന്‍പ് ഇങ്ങനെ കണ്ടത്. ബ്രസീലിനെതിരായ 1994 ലോകകപ്പ് ഫൈനലില്‍ നിര്‍ണായകമായ കിക്ക് ആകാശത്തേയ്ക്ക് അടിച്ചുപറത്തി റോള്‍ബൗള്‍ സ്‌റ്റേഡിയത്തില്‍ തലകുമ്പിട്ടുനിന്ന റോബര്‍ട്ടോ ബാജിയോയെ. അതേ ബാജിയോയുടെ ഇറ്റലിക്കാര്‍ ആഘോഷമാക്കിയ രാവില്‍ പാഴായ കിക്കിനെ ഓര്‍ത്ത് ചങ്കുതകര്‍ന്ന്, കണ്ണുനനഞ്ഞ് തലകുനിച്ച് ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരുവേള ബുക്കായോ സാക്ക എന്ന പത്തൊന്‍പതുകാരന്‍ ഒരൊറ്റ കിക്കുകൊണ്ട് വീണുടഞ്ഞ ബാജിയോ എന്ന വിഗ്രഹത്തെ സ്മരിച്ചുകാണും. 

വെംബ്ലിയില്‍ ഇരമ്പുന്നൊരു കടലിന് മുന്നിലായിരുന്നു ആ പത്തൊന്‍പതുകാരന്‍. ഉള്ളിലെ സമ്മര്‍ദത്തിന്റെ ഇരമ്പം അവന്റെ മുഖത്ത് ഓളംവെട്ടി. ചങ്കിടിപ്പ് നിറഞ്ഞഗ്യാലറിയുടെ ആര്‍പ്പുവിളികളെ ഭേദിച്ചു. സമ്മര്‍ദത്തിന്റെ കടലിരമ്പമമത്രയും ഉള്ളിലൊതുക്കി ഇടങ്കാല്‍ കൊണ്ട് വലത്തേ വല ലാക്കാക്കി തൊടുത്ത വെടിയുണ്ട ജിയാന്‍ലൂജി ഡോണ്ണാറുമ എന്ന അതിമാനുഷന്‍ ഇടത്തോട്ട് പറന്ന് കുത്തിയകറ്റുന്നത് അവിശ്വസനീയതയോടെ മാത്രമേ അവന് കണ്ടുനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ഇറ്റാലിയന്‍ നക്ഷത്രങ്ങള്‍ മാത്രം തിളങ്ങിനിന്ന വെംബ്ലിയുടെ കനംതൂങ്ങിയ ആകാശത്തിന് കീഴെ ചങ്കുതകര്‍ന്ന് നില്‍ക്കുന്ന സാക്കയെ പക്ഷേ, ഒരാള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ഇംഗ്ലീഷ് കോച്ച് ഗരെത്ത് സൗത്ത്‌ഗേറ്റ്. അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പുകൊണ്ട് ഒരു മഹാരാജ്യം ഊണിലും ഉറക്കത്തിലുമായി നീറ്റിയെടുത്ത സ്വപ്‌നം, മൂന്നേമൂന്ന് കിക്ക് കൊണ്ട് ചുണ്ടിനോട് ചേര്‍ന്ന് തകര്‍ന്നു തരിപ്പണമായിട്ടും അയാള്‍ പഴിച്ചില്ല. നിയന്ത്രണം വിട്ട് വിതുമ്പിപ്പോയ സാക്കയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. സാക്കയെ മാത്രമല്ല, അവസാന കിക്കുകളെടുത്ത മാര്‍ക്കസ് റാഷ്‌ഫോഡിനെയും ജേഡന്‍ സാഞ്ചോയും അയാള്‍ ഒരു ചെറുവാക്ക് കൊണ്ടുപോലും പഴിച്ചില്ല. പാഴായ കിക്കുകളുടെ, പിഴച്ച പരീക്ഷണങ്ങളുടെ പഴിയത്രയും അയാള്‍ സ്വയമേറ്റു.

സാക്കയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ സൗത്ത്‌ഗേറ്റിന്റെ മനസില്‍ മിന്നിമാഞ്ഞത് വെംബ്ലിയിലെ തന്നെ ഇതിലും നരച്ച മറ്റൊരു രാത്രിയായിരുന്നു. കാല്‍നൂറ്റാണ്ട് മുന്‍പ് ഇതുപോലൊരു ശപിക്കപ്പെട്ട ഷൂട്ടൗട്ടിലാണ് ജര്‍മനിയോട് ആതിഥേയരായ ഇംഗ്ലണ്ട് അടിയറവു പറഞ്ഞത്. ഒന്നൊഴികേ കിക്കുകളെല്ലാം തന്നെ വലയില്‍ വെടിയുണ്ടയായി തുളച്ചുകയറിയ 1998 യൂറോകപ്പ് സെമിയില്‍ അന്ന് ഒരേയൊരാള്‍ക്കേ പിഴച്ചുള്ളൂ. ഇംഗ്ലണ്ടിന്റെ അവസാന കിക്കെടുത്ത ഡിഫൻസീവ് മിഡ്ഫീൽഡർ സൗത്ത്‌ഗേറ്റിന്. ഇന്നത്തെ പരിശീലകന്. അലന്‍ ഷിയററും ഡേവിഡ് പ്ലാറ്റും സ്റ്റുവര്‍ട്ട് പിയേഴ്ും പോള്‍ ഗാസ്‌കോയിനും ഷെറിങ്ഗാമും വല കുലുക്കിയപ്പോള്‍ വലങ്കാല്‍ കൊണ്ട് സൗത്ത്‌ഗേറ്റ് തൊടുത്ത ഗ്രൗണ്ടര്‍ വലത്തോട്ട് ചാടി കൈപ്പിടിയിലൊതുക്കുകയായിരുന്നു ജര്‍മന്‍ ഗോളി ആന്ദ്രെ കോപ്‌കെ. ബുക്കായോ സാക്കയേക്കാള്‍ നെഞ്ചുതകര്‍ന്നാണ് അന്ന് സൗത്ത്‌ഗേറ്റ് വെംബ്ലിയില്‍ നിന്നത്. ആന്ദ്രെ മുള്ളറുടെ അവസാന കിക്ക് ലക്ഷ്യം കണ്ട് ഇംഗ്ലണ്ടിനെ മറികടന്ന ജര്‍മനി കലാശപ്പോരില്‍ സ്വിസ്പ്രതിരോധവും തകര്‍ത്ത് യൂറോയുമായി മടങ്ങി. യൂറോയ്ക്ക് വീണ്ടും വെംബ്ലി അരങ്ങായപ്പോള്‍ കണക്കുതീര്‍ക്കാനുള്ള അവസരമാണ് പരിശീലകകുപ്പായത്തിലേയ്ക്ക് കുടുമാറിയ സൗത്ത്‌ഗേറ്റിന് ലഭിച്ചത്. കാല്‍നൂറ്റാണ്ടിനുശേഷവും വെംബ്ലി കാത്തുവച്ചത് ദുരന്തത്തിന്റെ തനിയാവര്‍ത്തനം തന്നെ. ചരിത്രത്തിന് അങ്ങനെയുമുണ്ട് ചില ക്രൂരവിനോദങ്ങള്‍.

 പെനാല്‍റ്റിദുരത്തിന്റെ വേദന മറക്കാന്‍ സൗത്ത്‌ഗേറ്റ് കണ്ടുപിടിച്ച മാര്‍ഗമായിരുന്നു വിചിത്രം. ഇംഗ്ലണ്ടില്‍ വലിയ കോളിളക്കങ്ങള്‍ക്ക് വഴിവച്ച തോല്‍വിക്കുശേഷം പിസ ഹട്ടിറെ ഒരു പരസ്യത്തല്‍ അഭിനയിച്ചു. കൂട്ടിന് മറ്റ് രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ കൂടിയുണ്ടായിരുന്നു. 1990 ഇറ്റലി ലോകകപ്പ് സെമിയില്‍ നിര്‍ണായകമായ പെനാല്‍റ്റികള്‍ പാഴാക്കിയ രണ്ട് പേര്‍. സ്റ്റുവര്‍ട്ട് പിയേഴ്‌സും ക്രിസ് വാഡിലും. ഈ രണ്ട് പിഴച്ച പെനാല്‍റ്റികളുടെ മികവില്‍ അന്ന് അര്‍ജന്റീനയുമായുള്ള കലാശപ്പോരിക്ക് യോഗ്യത നേടിയതാവട്ടെ ജര്‍മനിയും. ഡീഗേ മാറഡോണയുടെ അര്‍ജന്റീനയെ തോല്‍പിച്ച് അവരന്ന് ചാമ്പ്യന്മാരാവുകയും ചെയ്തു.

എന്തായാലും വെംബ്ലിയിലെ പെനാല്‍റ്റി നഷ്ടം ഇംഗ്ലണ്ടിനെയും സൗത്ത്‌ഗേറ്റിനെയും ഒരുപോലെ ഏറെക്കാലം വേട്ടയാടുമെന്ന് ഉറപ്പ്. റഹീം സ്‌റ്റെര്‍ലിങ് പോലൊരു പരിചയസമ്പന്നനെ മറികടന്ന് വെറും പത്തൊന്‍പത് വയസ് മാത്രം പ്രായമുള്ള, സാക്കയെപ്പോലൊരു യുവതാരത്തെ ഇത്രയും സമ്മര്‍ദമുള്ള സാഹചര്യത്തില്‍ കിക്കെടുക്കാന്‍ പറഞ്ഞുവിട്ട സൗത്തിഗേറ്റിന്റെ തീരുമാനത്തിനെതിരേ ഇപ്പോള്‍ തന്നെ ലണ്ടനില്‍ വിമര്‍ശനപ്പുക ഉയര്‍ന്നുകഴിഞ്ഞു.  അതുപോലെ 119 മിനിറ്റും സൈഡ് ബെഞ്ചിലിരുത്തി ഷൂട്ടൗട്ടിനുവേണ്ടി മാത്രം മാര്‍ക്കസ് റാഷ്‌ഫോഡിനെയും ജേഡന്‍ സാഞ്ചോയെയും കളത്തിലിറക്കിയതും ഇഴകീറപ്പെട്ടുതുടങ്ങി. സൗത്ത് ഗേറ്റ് പെനാല്‍റ്റി പാഴാക്കിയ 1996ലെ യൂറോയില്‍ ഇംഗ്ലണ്ടിനെ നയിച്ച അലന്‍ ഷിയറര്‍ തന്നെ പഴയ ടീമംഗത്തിനെതിരേ രംഗത്തുവന്നു. കളക്കളത്തിലെ പിഴച്ച തീരുമാനങ്ങളേക്കാള്‍ വലിയ വില കൊടുക്കേണ്ടിവരും ചിലപ്പോള്‍ പുറത്തുനിന്നെടുക്കുന്ന തീരുമാനങ്ങള്‍ക്ക്. പെനാല്‍റ്റി നഷ്ടത്തേക്കാള്‍ വേദനാജനകമായിരിക്കും പലപ്പോഴും ഇത്തരം ചില സെല്‍ഫ് ഗോളുകള്‍. തന്റെയും ശിഷ്യരുടെയും പെനാല്‍റ്റി നഷ്ടത്തേക്കാളേറെ ചരിത്രം അടയാളപ്പെടുത്തുക ഒരു പക്ഷേ, സൗത്ത്‌ഗേറ്റിന്റെ ഈ സെല്‍ഫ് ഗോളായിരിക്കും.

Content Highlights: England coach Gareth Southgate Penalty Miss in Euro Final against Italy Bukayo Saka