കോപ്പെന്‍ഹേഗന്‍: അവിശ്വസനീയമായ പ്രകടനം പുറത്തെടുത്ത് റഷ്യയെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഡെന്മാര്‍ക്കിന്റെ വിജയം. ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാര്‍ക്ക് അവസാന 16-ല്‍ എത്തിയത്.

ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഡെന്മാര്‍ക്ക് റഷ്യയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഡെന്മാര്‍ക്കിനും റഷ്യയ്ക്കും ഫിന്‍ലന്‍ഡിനും മൂന്ന് പോയന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയുടെ ബലത്തില്‍ ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്തി.

ഡെന്മാര്‍ക്കിനായി മിക്കേല്‍ ഡാംസ്ഗാര്‍ഡ്, യൂസഫ് പോള്‍സെന്‍, ആന്‍ഡ്രിയാസ് ക്രിസ്റ്റിയന്‍സെന്‍, ജോക്കിം മാലെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പെനാല്‍ട്ടിയിലൂടെ ആര്‍ട്ടെം സ്യൂബ റഷ്യയ്ക്കായി ആശ്വാസ ഗോള്‍ നേടി. ഈ തോല്‍വിയോടെ റഷ്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുകയും ചെയ്തു.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഡെന്മാര്‍ക്ക് ആക്രമിച്ചുകളിച്ചു. വലിയ മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ പരമാവധി ഗോളുകള്‍ നേടാനാണ് ടീം ശ്രമിച്ചത്. അതിന്റെ ഫലമായി 38-ാം മിനിട്ടില്‍ ഡാംസ്ഗാര്‍ഡിലൂടെ ആദ്യ ഗോള്‍ പിറന്നു. വെറും 20 വയസ്സുമാത്രമുള്ള ഡാംസ്ഗാര്‍ഡ് ഹോബ്യര്‍ഗില്‍ നിന്നും ലഭിച്ച പാസ് കൃത്യമായി പിടിച്ച് പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് പായിച്ചു. ആദ്യ പകുതിയില്‍ ഡെന്മാര്‍ക്ക് 1-0 ന് മുന്നില്‍ നിന്നു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണം ഡാനിഷ് ടീം അഴിച്ചുവിട്ടു. അതിന്റെ ഭാഗമായി പോള്‍സണ്‍ 59-ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടി. റഷ്യയുടെ പ്രതിരോധപ്പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. എന്നാല്‍ 70-ാം മിനിട്ടില്‍ സോബോലേവിനെ പെനാല്‍ട്ടി ബോക്‌സിനകത്ത് വീഴ്ത്തിയതിന് റഷ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത നായകന്‍ സ്യൂബ പന്ത് കൃത്യമായി വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി. ഈ ഗോള്‍ വീണതോടെ റഷ്യ പ്രീ ക്വാര്‍ട്ടര്‍ ഏകദേശം ഉറപ്പിച്ചു.

എന്നാല്‍ റഷ്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് 79-ാം മിനിട്ടില്‍ ക്രിസ്റ്റിയന്‍സണും 82-ാം മിനിട്ടില്‍ ജോക്കിം മാലെയും ഗോള്‍ നേടിയതോടെ റഷ്യന്‍ വന്മതില്‍ തകര്‍ന്നു. അവിശ്വസനീയ വിജയവുമായി ഡെന്മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.

Content Highlights: Denmark vs Russia 2020 Euro cup