കോപ്പന്‍ഹേഗന്‍: ഓരോതവണ എതിരാളിയെ കീഴടക്കുമ്പോഴും സിമോണ്‍ കേറും സംഘവും ജയിച്ചിരുന്നത് അനവധി ഹൃദയങ്ങളെക്കൂടിയായിരുന്നു. യൂറോകപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ ആദ്യകളിയുടെ 42-ാം മിനിറ്റില്‍ ഹൃദയം നിലച്ച് വീണുപോയ ക്രിസ്റ്റ്യന്‍ എറിക്‌സനുവേണ്ടിയായിരുന്നു അവരുടെ ഓരോ പോരാട്ടവും. കളിപ്രേമികള്‍ അവരുടെ കളിയെ ഹൃദയത്തോടൊപ്പം ചേര്‍ത്തുവെച്ചു. ഒടുവില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഹൃദയഭേദകമായ പുറത്താകല്‍.

1992-ലെ കിരീടവിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രതിസന്ധികളില്‍നിന്നുള്ള അവരുടെ അതിജീവനപോരാട്ടം ഫുട്ബോളിന്റെ ചരിത്രത്തില്‍ എന്നുമുണ്ടാകും. സമാനതകളില്ലാത്ത പോരാട്ടമാണ് ഡെന്‍മാര്‍ക്ക് യൂറോകപ്പില്‍ നടത്തിയത്. 

ആദ്യകളിയില്‍ത്തന്നെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സന്‍ മൈതാനത്ത് കുഴഞ്ഞുവീണു. പിന്നെ പ്രിയതാരത്തിനായി പ്രര്‍ഥനയോടെയുള്ള മണിക്കൂറുകള്‍. എറിക്‌സന്‍ അപകടനില തരണംചെയ്തതിനുപിന്നാലെ, തളര്‍ന്ന മനസ്സും ഓടിയെത്താന്‍ കഴിയാത്ത ശരീരവുമായി കളത്തിലിറങ്ങിയ ഡാനിഷ് സംഘം ഫിന്‍ലന്‍ഡിനോട് തോറ്റുമടങ്ങി. അടുത്തകളിയില്‍ ബെല്‍ജിയത്തിനുമുന്നിലും അവര്‍ വീണു. മൂന്നാമത്തെ കളിയില്‍ അനിവാര്യമായ ജയം റഷ്യക്കെതിരേ വന്‍ മാര്‍ജിനില്‍ വെട്ടിപ്പിടിച്ചശേഷം അവര്‍ പ്രഖ്യാപിച്ചു, ടീമിന്റെ വിജയങ്ങള്‍ എറിക്‌സനുള്ളതാണ്. 

ആശുപത്രിവിട്ട എറിക്‌സന്‍ വീട്ടിലേക്ക് മടങ്ങിയെങ്കിലും ടീമിനുമുന്നില്‍ പ്രചോദനമായി. പ്രീക്വാര്‍ട്ടറില്‍ വെയ്ല്‍സും ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കും ഡാനിഷ് ടീമിനുമുന്നില്‍ മുട്ടുമടക്കി. എന്നാല്‍, വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരേ ജയം നേടാന്‍ കഴിയാതെ ഡാനിഷ് ടീം ടൂര്‍ണമെന്റില്‍നിന്ന് മടങ്ങുന്നു.

യൂറോയിലേക്കെത്തുമ്പോള്‍ എറിക്‌സനെന്ന സൂപ്പര്‍താരമായിരുന്നു ടീമിലെ അറിയപ്പെടുന്ന കളിക്കാരന്‍. എന്നാല്‍, യൂറോയില്‍നിന്ന് മടങ്ങുമ്പോള്‍ നായകന്‍ സിമോണ്‍ കേര്‍, മൈക്കല്‍ ഡാംസ്ഗാര്‍ഡ്, കാസ്പര്‍ ഡോള്‍ബര്‍ഗ്, മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റ്, യോക്കീം നേല്‍, തോമസ് ഡെലാനി, എമില്‍ ഹോയ്ബെര്‍ഗ്, ആന്ദ്രെസ് ക്രിസ്റ്റ്യന്‍സന്‍, കാസ്പര്‍ ഷ്മൈക്കേല്‍ എന്നിവരെല്ലാം ഫുട്ബോള്‍ പ്രേമികള്‍ക്ക് സുപരിചിതര്‍. എറിക്‌സനുവേണ്ടി കപ്പ് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹൃദയങ്ങള്‍ ജയിച്ച് അവര്‍ മടങ്ങുന്നു...

Content Highlights: Denmark return home after Euro 2020 exit