വാസ്തവത്തില്‍ ഫുട്‌ബോളില്‍ ഒരു ക്യാപ്റ്റന് ഗ്രൗണ്ടില്‍ എന്താണ് റോള്‍? ആംബാന്‍ഡ് ധരിച്ച് ടീമിനെ ഗ്രൗണ്ടിലേയ്ക്ക് നയിച്ചാല്‍, ടോസ് ഇട്ട് നിലയുറപ്പിക്കേണ്ട വശം തീരുമാനിച്ചാല്‍ തീര്‍ന്നോ ഫുട്‌ബോളില്‍ നായകന്റെ റോള്‍. ഇതിഹാസനായകര്‍ പലരുമുണ്ട് ചരിത്രത്തിലെങ്കിലും തന്ത്രങ്ങളിലും ടീമിന്റെ തിരഞ്ഞെടുപ്പിലും വിന്യാസത്തിലുമെല്ലാം അവസാനവാക്ക് പരിശീലകന്റേതാണ്. അപ്പോള്‍ പേരെടുത്തവനെങ്കിലും നായകന്‍ വെറും നാമധാരിയാകുന്നത് സ്വാഭാവികം.

എന്നാല്‍, എന്താണ് ക്യാപ്റ്റന്‍. എന്താവണം ക്യാപ്റ്റന്‍ എന്ന് ലോകം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ചു പ്രാര്‍ഥിച്ച ശനിയാഴ്ച രാത്രി കാണിച്ചുതന്നു ഒരാള്‍. സിമോണ്‍ കേര്‍ എന്ന ഡാനിഷ് നായകന്‍. ഫിന്‍ലന്‍ഡിനെതിരായ യൂറോകപ്പ് പോരാട്ടത്തിനിടെ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മരണത്തിന്റെ വക്കിലേയ്ക്ക് വഴുതിവീണുപോയ ടീമംഗം ഹാന്‍സ് ക്രിസ്റ്റ്യൻ എറിക്‌സണെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ക്യാപ്റ്റന്‍ സിമോണാണ്.

ഒരു ത്രോ സ്വീകരിക്കാന്‍ ഒരുങ്ങുകയായിരുന്ന എറിക്‌സണ്‍ സകലരെയും ഞെട്ടിച്ചുകൊണ്ട് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണപ്പോള്‍ ആദ്യം ഓടിയെത്തിയത് ക്യാപ്റ്റനാണ്. എത്തിയ ഉടനെ ഒരു കൃതഹസ്തനായ ഡോക്ടറുടെ വൈദഗ്ദ്ധ്യത്തോടെ എറിക്‌സന്റെ കഴുത്ത് നേരെ പിടിച്ചുയര്‍ത്തി ശ്വാസതടസം വരാതിരിക്കാന്‍ ശ്രദ്ധിച്ചു. ഒട്ടും വൈകാതെ ഹൃദയസ്തംഭനം ഒഴിവാക്കാനായി സിപിആര്‍ കൊടുത്തു. നാവു കടിച്ചുപോകാതരിക്കാനുള്ള മുന്‍കരുതലെടുത്തു. പ്രാഥമിക ചികിത്സയുടെ രംഗങ്ങള്‍ പുറത്തുള്ളവര്‍ കാണാതിരിക്കാന്‍ ക്ഷണത്തില്‍ സഹതാരങ്ങളോട് എറിക്‌സന് ചുറ്റും ഒരു മതിലായി അണിനിരക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍ മെഡിക്കല്‍ സംഘം ഗ്രൗണ്ടില്‍ ഓടിയെത്തുമ്പൊഴേയ്ക്കും എറിക്‌സണെ വലിയൊരു അപകടത്തില്‍ നിന്ന് കരകയറ്റിക്കഴിഞ്ഞിരുന്നു ക്യാപ്റ്റന്‍. ലോകം ശ്വാസമടക്കി, പ്രാര്‍ഥനയില്‍ മുഴുകവെ സ്‌ട്രേച്ചറില്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ തന്നെ കണ്ണു തുറന്നുകഴിഞ്ഞിരുന്നു എറിക്‌സണ്‍. എതിരാളികളായ ഫിന്‍ലന്‍ഡിന്റെ പതാക കൊണ്ട് മൂടി പുറത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ തന്നെ എറിക്‌സന്റെ നാഡിമിടിപ്പ് ശരിയായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ മാര്‍ട്ടിന്‍ ബോസന്‍ പിന്നീട് പറഞ്ഞു. എറിക്‌സണ്‍ സ്വയം ശ്വാസമെടുക്കുകയും ചെയ്തിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. എറിക്‌സണ്‍ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ചിരുന്ന മത്സരം പുനരാരംഭിച്ചപ്പോള്‍ മാനസികമായി തളര്‍ന്നുപോയ ഡെന്‍മാര്‍ക്കിന് ജയം സമ്മാനിക്കാന്‍ സിമോണിന് കഴിഞ്ഞില്ല. എന്നാല്‍, മരണമുഖത്തെ പോരാട്ടത്തില്‍ നിന്ന് എറിക്‌സണെ കരകയറ്റിയ നായകനെ റിയല്‍ ഹീറോ എന്നാണ് ഫുട്‌ബോള്‍ ലോകം ഒറ്റസ്വരത്തില്‍ വാഴ്ത്തിയത്.

Simon Kjær

വാഴ്ത്തിയ നാവുകൊണ്ട് ഇതേ സിമോണിനെ പണ്ട് തെറിവിളിച്ച ചരിത്രവുമുണ്ട് ഫുട്‌ബോള്‍ ലോകത്തിന്. 2010 ലോകകപ്പിന്റെ യോഗ്യതാ മത്സരത്തിന്റെ സമയമായിരുന്നു. പോര്‍ച്ചുഗലുമായുള്ള നിണായക പേരാട്ടത്തില്‍ എന്താണ് ഡെന്‍മാര്‍ക്കിന്റെ തന്ത്രം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് കേറിനെ കുരുക്കിലാക്കിയത്. ടീമിന്റെ രഹസ്യായുധം ഡിഫന്‍ഡറായ കേര്‍ പരസ്യമാക്കി അതേയുള്ളൂ കാര്യം. പോര്‍ച്ചുഗലിന്റെ കുന്തമുനയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഏതുവിധേനയും പൂട്ടുക. നല്ല കടുത്ത ടാക്ലിങ് തന്നെ പുറത്തെടുക്കുക. വേണ്ടിവന്നാല്‍ അല്‍പസ്വല്‍പം ഫൗളെുക്കെ ആവും എന്ന്. വാവിട്ട വാക്ക് പിന്നെ വളഞ്ഞുകുത്താന്‍ വലിയ കാലതാമസം വേണ്ടിവന്നില്ല. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് യോജിക്കാത്ത നടപടിക്ക് കേറിന് സസ്‌പെന്‍ഡ് ചെയ്യണം എന്നതായിരുന്നു പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ കൊടുത്ത പരാതി. ക്രിസ്റ്റിയാനോ ആരാധകരും സിമോണിന്റെ ചോരയ്ക്ക് വേണ്ടി മുറവിളി കൂട്ടി. ഒടുവില്‍ നടപടി ഒഴിവാക്കിക്കിട്ടാന്‍ കഠിനശ്രമം തന്നെ നടത്തേണ്ടിവന്നു ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്.

ലോകകപ്പ് ഫൈനല്‍ റൗണ്ടിനുള്ള ടീമില്‍ ഇടം നേടിയ കേര്‍, പക്ഷേ, തന്റെ തന്ത്രമൊന്നും മാറ്റാന്‍ തയ്യാറായിരുന്നില്ല. ആദ്യ ഹോളണ്ടിനും കാമറൂണിനും എതിരായ രണ്ട് മത്സരങ്ങളിലും മറ്റേത് ഡിഫന്‍ഡറെയും പോലെ കണ്ണില്‍ ചോരയില്ലാത്ത ടാക്ലിങ് തന്നെയായിരുന്നു വജ്രായുധം. അതിന് റഫറിയുടെ കൈയില്‍ നിന്ന് മനസ്സറിഞ്ഞ് ഒരു മഞ്ഞകാര്‍ഡും കിട്ടി. അങ്ങനെ ജപ്പാനെതിരായ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ പുറത്തിരിക്കേണ്ടിയും വന്നു. മഞ്ഞ കിട്ടിയെങ്കിലും സിമോണിന്റെ ഒരൊറ്റ ലോംഗ് റേഞ്ചറാണ് കാമറൂണിനെതിരായ മത്സരത്തില്‍ വിധിയെഴുതിയ ബെന്‍ഡ്‌നറുടെ ഗോളിന് വഴിവച്ചത്. ഡെന്‍മാര്‍ക്കിന്റെ പോരാട്ടം ഈയൊരൊറ്റ ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ അവസാനിച്ചെങ്കിലും സാമ്വല്‍ എറ്റു അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ വാഴ്ത്തുകള്‍ വേണ്ടുവോളം വാരിക്കോരി കിട്ടി സിമോണിന്.

സെന്‍ട്രല്‍ ഡിഫന്‍സിലെ പ്രതിരോധപങ്കാളി ഡാനിയല്‍ അഗ്ഗര്‍ വിരമിച്ചതോടെയാണ് സിമോണ്‍ ആദ്യമായി ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിഞ്ഞത്. നായകനായി കയറ്റിറക്കങ്ങളുടേതായിരുന്നു കരിയര്‍. 2018ലെ ലോകകപ്പില്‍ ടീമിനെ നയിച്ച് പ്രീക്വാര്‍ട്ടറില്‍ എത്തിച്ചു. ഫൈനല്‍ വരെയെത്തിയ ക്രൊയേഷ്യയോടായിരുന്നു പ്രീക്വാര്‍ട്ടറിലെ തോല്‍വി. അതും ഷൂട്ടൗട്ടില്‍. അന്ന് ക്രോയേഷ്യന്‍ വലയില്‍ കയറിയ രണ്ട് സ്‌പോട്ട് കിക്കുകളില്‍ ഒന്ന് നായകന്റേതായിരുന്നു.

തുടര്‍ന്ന് മൂന്ന് വര്‍ഷം കഴിഞ്ഞ് യൂറോ കപ്പിലും ടീമിനെ നയിക്കാനുളള നിയോഗം ഈ ഡിഫന്‍ഡറെ തന്നെ തേടിയെത്തി. പലപ്പോഴും പ്രതിരോധത്തില്‍ ടീമിന്റെ രക്ഷകനായി നിന്ന നായകന്‍ ഒടുവില്‍ ഒരു ടീമംഗത്തിന്റെ തന്നെ രക്ഷകനാവും അപൂര്‍വ കാഴ്ചയ്ക്കും ഈ യൂറോ സാക്ഷ്യംവഹിച്ചു. അതും സ്വന്തം രാജ്യതലസ്ഥാനത്ത് വച്ച്. കോപ്പന്‍ഹേഗനിലെ പാര്‍ക്കെന്‍ സ്‌റ്റേഡിയം കഴിഞ്ഞ ദിവസം ഒന്നടങ്കം തൊണ്ടയിടറി ഉച്ചത്തില്‍ അലറി വിശേഷിപ്പിച്ചത് ഹീറോ എന്നു മാത്രമല്ല, റിയല്‍ ക്യാപ്റ്റന്‍ എന്നുകൂടിയാണ്.

Content Highlights: Denmark Captain Simon Kjær Real Hero Christian Eriksen collapsein EuroCup Match Aganinst Finland