ക്രമണമാണ് മികച്ച പ്രതിരോധമെന്ന പൊതുതത്ത്വമായിരുന്നു ഇത്തവണത്തെ യൂറോകപ്പ് ഫുട്‌ബോളിന്റെ മുഖമുദ്ര. 50 കളികളില്‍നിന്ന് 140 ഗോളുകള്‍ പിറന്ന, 2.80 ഗോള്‍ശരാശരിയുള്ള, ഓരോ 32 മിനിറ്റിലും ഗോളുകളുണ്ടാകുന്ന ടൂര്‍ണമെന്റ്. ഗോള്‍വേട്ട സമീപകാലത്തൊന്നുമില്ലാത്തത്ര മാരകവും.

നോക്കൗട്ട് ഘട്ടത്തിലെ 14 കളികളില്‍ ഏഴെണ്ണവും എക്‌സ്ട്രാടൈമിലേക്ക് പോയത് കളിയുടെ കടുപ്പവും ടീമുകളുടെ ആക്രമണമികവുമായിരുന്നു. ഇത്തരത്തില്‍ ആക്രമണ ഫുട്‌ബോളിന്റെ ഏറ്റവും മനോഹരമായ മുഖം കണ്ട ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ രണ്ട് ടീമുകളുടെ പ്രധാന സവിശേഷത അവരുടെ പ്രതിരോധമായിരുന്നു, പ്രതിരോധത്തിലെ തന്ത്രങ്ങളായിരുന്നു.

മറ്റ് ടീമുകളെപ്പോലെ ഇംഗ്ലണ്ടും ഇറ്റലിയും ആക്രമണ ഫുട്‌ബോള്‍തന്നെയാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. എന്നാല്‍ ആക്രമണ ഫുട്‌ബോള്‍ മൂര്‍ച്ചയോടെ കണ്ട ടൂര്‍ണമെന്റില്‍ അവരെ ഫൈനലിലേക്ക് നയിച്ചത് ദീര്‍ഘവീക്ഷണത്തോടെ കൂട്ടിയിണക്കിയ പ്രതിരോധമായിരുന്നു. അവര്‍ തന്ത്രപൂര്‍വം കൈക്കൊണ്ട പ്രതിരോധനയമായിരുന്നു. ആക്രമണ ഫുട്‌ബോള്‍ കാലത്തെ ചില പ്രതിരോധപ്രവര്‍ത്തനങ്ങള്‍.

കോട്ടകെട്ടി ഇംഗ്ലണ്ട്

ഈ ടൂര്‍ണമെന്റില്‍ കളിസമയത്ത് ഗോള്‍ വഴങ്ങാത്ത ഏക ടീം ഇംഗ്ലണ്ടാണ്. സെമിയില്‍ ഇംഗ്ലണ്ടിനെതിരേ ഡെന്‍മാര്‍ക്ക് പോലും ഗോള്‍നേടുന്നത് സെറ്റ്പീസില്‍ നിന്നാണ്. താരസമ്പന്നമായ ഇംഗ്ലണ്ട് അവരുടെ പ്രതിരോധം ചേര്‍ത്തുവെച്ചതിലെ തന്ത്രമാണ് അവരെ മുന്നോട്ടുനയിച്ചത്.

പരിക്കില്‍നിന്ന് മുക്തനായി ഹാരി മഗ്വയര്‍ മടങ്ങിവന്നതിന് ശേഷം പ്രതിരോധത്തില്‍ അവര്‍ കൃത്യമായൊരു സമവാക്യമുണ്ടാക്കി. സെന്‍ട്രല്‍ ഡിഫന്‍സിന്റെ ഇടതുവശത്തായി കളിക്കുന്ന മഗ്വയറിനൊപ്പം ക്ലബ്ബില്‍ ഒരുമിച്ചു കളിക്കുന്ന ലൂക്ക് ഷോയെ കളിപ്പിച്ചു. അതുപോലെ ജോണ്‍ സ്റ്റോണ്‍സിനൊപ്പം ഒരേ ക്ലബ്ബില്‍ കളിക്കുന്ന കെയ്ല്‍ വാക്കര്‍ വലതു വിങ്ബാക്കായി. ഇതോടെ പ്രതിരോധത്തില്‍ അവര്‍ക്ക് തുടര്‍ച്ച കിട്ടി.

കളിക്കാര്‍ തമ്മിലുള്ള രസതന്ത്രം കൃത്യമായതോടെ എതിരാളികള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത കോട്ടയായി. ഇതിനൊപ്പം പ്രതിരോധ മനസ്സുള്ള കാള്‍വിന്‍ ഫിലിപ്പ്‌സും ഡിക്ലെന്‍ റീസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും വന്നു. മികച്ച ആക്രമണനിരയുള്ള ഇംഗ്ലണ്ടിന് പ്രതിരോധത്തിലെ രസതന്ത്രം ഏറെ ഗുണം ചെയ്‌തെന്ന് അവരുടെ ഫൈനല്‍ പ്രവേശനം സാക്ഷ്യപ്പെടുത്തുന്നു.

കില്ലിനി - ബന്നൂച്ചി രസതന്ത്രം

പ്രതിരോധാത്മക ഫുട്‌ബോളിന്റെ വക്താക്കളായി അറിയപ്പെടുന്ന ഇറ്റലി ഇത്തവണ 433 ആക്രമണ ശൈലിയിലാണ് കളിച്ചത്. മികച്ച പാസിങ്‌പ്രൈസിങ് ഗെയിം പുറത്തെടുത്ത ടീം അതിനൊപ്പം വിജയങ്ങളുമായാണ് ഫൈനല്‍ വരെയെത്തുന്നത്. പരിശീലകനായി എത്തിയശേഷം റോബര്‍ട്ടോ മാന്‍സീനി ടീമിനെ ഉടച്ചുവാര്‍ത്തെങ്കിലും മാറ്റം വരുത്താതെ നിലനിര്‍ത്തിയ രണ്ട് പേരുണ്ട്. സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കുന്ന നായകന്‍ ജോര്‍ജിയോ കില്ലിനിയും ലിയനാര്‍ഡോ ബന്നൂച്ചിയും. പ്രായം തളര്‍ത്താത്ത പോരാളികള്‍. ഇറ്റലിക്കായി നൂറിലേറെ മത്സരങ്ങളുടെ അനുഭവസമ്പത്തിലാണ് ടീമിന്റെ പ്രതിരോധം ഉറയ്ക്കുന്നത്. പ്രാഥമിക റൗണ്ടില്‍ ഗോള്‍ വഴങ്ങാത്ത ടീം നോക്കൗട്ട് ഘട്ടത്തില്‍ മൂന്ന് ഗോള്‍ മാത്രമാണ് വഴങ്ങിയത്.

കില്ലിനിയെയും ബന്നൂച്ചിയെയും കാവല്‍ നിര്‍ത്തി ബാക്കി കളിക്കാരെ മുഴുവന്‍ ആക്രമണത്തിന് ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള ഗെയിംപ്ലാനാണ് മാന്‍സീനി നടപ്പാക്കുന്നത്. ഏറെ വര്‍ഷങ്ങളായി രാജ്യത്തിനും ക്ലബ്ബിനും ഒരുമിച്ചു കളിക്കുന്ന താരങ്ങളാണിവര്‍. 2005 മുതല്‍ കില്ലിനി യുവന്റസിലുണ്ട്.

2010-17 സീസണില്‍ യുവന്റസില്‍ കളിച്ച ബന്നൂച്ചി ഇടയ്ക്ക് ടീം വിട്ടെങ്കിലും 2018-ല്‍ മടങ്ങിയെത്തി. ഇരുതാരങ്ങള്‍ തമ്മിലുള്ള രസന്ത്രമാണ് ഇത്തവണത്തെ കടുത്ത ആക്രമണങ്ങളിലും ടീമിനെ രക്ഷപ്പെടുത്തിയത്.

Content Highlights: Defence tactics in Euro cup 2020, England vs Italy euro cup final