ലൂക്ക മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ ജീവനാഡി. 2018ലെ ലോകകപ്പില്‍ മാത്രമല്ല, യൂറോ 2020ലും ക്രൊയേഷ്യന്‍ മുന്നേറ്റത്തിന്റെ കുന്തമുന മോഡ്രിച്ച് തന്നെ. പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ച സ്‌കോട്ട്‌ലന്‍ഡിനെതിരായ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ നേടിയ ഗോള്‍ മാത്രം തന്നെ ഇത് തെളിവ്. അറുപത്തിരണ്ടാം മിനിറ്റില്‍ പുറംകാൽ കൊണ്ട് നേടിയ അപൂർവഗോള്‍ ഈ യൂറോയിലെ ഏറ്റവും സുന്ദരമായ ഗോളുകളില്‍ ഒന്നാണ്. ഒരിക്കല്‍ സ്വയം ലക്ഷ്യം നേടുക മാത്രമല്ല, ക്രൊയേഷ്യയുടെ മറ്റൊന്നിന് വഴിയൊരുക്കുക കൂടി ചെയ്തു മോഡ്രിച്ച്.
 
ഈ ഗോള്‍ എനിക്ക് ഏറെ വിലപ്പെട്ടതാണ്. പക്ഷേ, അതിലും വിലപ്പെട്ട ടീമിന്റെ ജയം എന്നായിരുന്നു മത്സരശേഷം മോഡ്രിച്ചിന്റെ പ്രതികരണം. 2018ലെ ബാലണ്‍ദ്യോര്‍ ജേതാവ് ഫോമില്ലാതെ വലയുകയാണെന്ന കടുത്ത വിമര്‍ശനത്തിനുള്ള മറുപടി കൂടിയായിരുന്നു മോഡ്രിച്ചിന്റെ ഗോള്‍. അതുകൊണ്ട് തന്നെയാവണം മത്സരശേഷം ഏതാനും നിമിഷം ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്നശേഷമാണ് മോഡ്രിച്ച് ടീമിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
 
സ്‌കോട്ട്‌ലന്‍ഡിനെതിരായ സുന്ദരമായ ഗോള്‍ മറ്റൊരു രസരകരമായ നേട്ടം കൂടി സമ്മാനിച്ചിരിക്കുകയാണ് മോഡ്രിച്ചിന്. ഇതോടെ യൂറോയില്‍ ക്രൊയേഷ്യയ്ക്കുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന ഇരട്ടനേട്ടം കൂടി ഇനി മോഡ്രിച്ചിന് സ്വന്തമാണ്. സ്‌കോട്ട്‌ലന്‍ഡിന്റെ വല കുലുക്കുമ്പോള്‍ മുപ്പത്തിയഞ്ച് വയസാണ് മോഡ്രിച്ചിന് പ്രായം. 2008ലായിരുന്നു യൂറോയിലെ മോഡ്രിച്ചിന്റെ ആദ്യഗോള്‍. ജൂണ്‍ എട്ടിന് മത്സരത്തിന്റെ നാലാം മിനിറ്റില്‍ ഓസ്ട്രിയക്കെതിരേ ഒരു പെനാല്‍റ്റി വലയിലാക്കുമ്പോള്‍ 22 വര്‍ഷവും 273 ദിവസവുമായിരുന്നു മോഡ്രിച്ചിന്റെ പ്രായം. യൂറോയില്‍ ക്രൊയേഷ്യയ്ക്കുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി അങ്ങനെ മോഡ്രിച്ചിന് സ്വന്തമായി. 
 
ക്രൊയേഷ്യന്‍ ക്രൈഫ് എന്ന അപരനാമം വീണുകിട്ടിയത് ഈ യൂറോയിലാണ്. അക്കൊല്ലം മാന്‍ ഓഫ് ദി ടൂര്‍ണമെന്റും മോഡ്രിച്ചായിരുന്നു. ഡെവര്‍ സുക്കര്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ക്രൊയേഷ്യന്‍ താരം.
 
 ഇത്തവണത്തെ യൂറോയില്‍ പക്ഷേ, പഴയ മിന്നുന്ന ഫോം കണ്ടെത്താന്‍ പാടുപെടുന്ന മോഡ്രിച്ചിനെയാണ് കണ്ടത്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫോമില്ലായ്മയുടെ പേരില്‍ നിശിതമായ വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു മോഡ്രിച്ച്. സ്‌കോട്ട്‌ലന്‍ഡിനെതിരായ നിര്‍ണായ മത്സരത്തില്‍ പക്ഷേ, മോഡ്രിച്ച് വീണ്ടും ഫോമിലേയ്ക്ക് ഉയരുന്നതാണ് കണ്ടത്. 115 ടച്ച്. 88 ശതമാനം പാസ് കൃത്യത. 27 ഫൈനല്‍ തേഡ് പാസ്, അഞ്ച് ബോള്‍ റിക്കവറി... ഗംഭീരമായിരുന്നു മോഡ്രിച്ചിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്. ഒടുവില്‍ അസുലഭമായൊരു ഗോളും.
 
Content Highlights: Croatias Luka Modric becomes Oldest and youngest Croatian to score in the Euros