മ്യൂണിക്: യൂറോ കപ്പിൽ ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ കൊക്കോ കോളയുടെ കുപ്പികൾ എടുത്തുമാറ്റി പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനൊ റൊണാൾഡോ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഇതിന് പിന്നാലെ കൊക്ക കോള കമ്പനി വലിയ നഷ്ടവും നേരിട്ടു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.

ഏതായാലും ആരാധകരും ഈ സംഭവം ഏറ്റുപിടിച്ചിരിക്കുകയാണ്. കൊക്കോ കോള എടുത്തുമാറ്റിയതു പോലെ സെവൻ അപ്പിന്റെ കുപ്പികളും എട്ടുത്തുമാറ്റുമോ എന്നാണ് ചില ആരാധകർ ചോദിക്കുന്നത്. ഈ ചോദ്യം ട്രോളുകളായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ബ്രസീൽ വിരുദ്ധരാണ് ഈ ട്രോളുകൾക്ക് പിന്നിൽ. 2014 ഫിഫ ലോകകപ്പിൽ ബെല ഹൊറിസോണ്ടയിൽ നടന്ന സെമി ഫൈനലിൽ ബ്രസീലിനെ ജർമനി 7-1ന് തോൽപ്പിച്ചിരുന്നു. അതിനുശേഷം 'സെവൻ അപ്' എന്നാണ് ബ്രസീലിനെ എതിരാളികൾ കളിയാക്കുന്നത്.

ശീതള പാനീയങ്ങൾക്ക് പകരം വെള്ളം കുടിക്കാൻ പറഞ്ഞാണ് ക്രിസ്റ്റ്യാനോ കൊക്കോ കോള കുപ്പികൾ എടുത്തുമാറ്റിയത്. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ മാർഗം പിന്തുടർന്ന് ഫ്രാൻസിന്റെ സൂപ്പർ താരം പോൾ പോഗ്ബയും രംഗത്തുവന്നു. ജർമനിക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിനിടെ മുന്നിലെ മേശയിലുള്ള ഹെയ്നെകെൻ കമ്പനിയുടെ ബിയർ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ ക്രിസ്റ്റ്യാനൊ മാതൃകയാക്കിയത്.യൂറോ കപ്പിന്റെ പ്രധാന സ്പോൺസർമാരാണ് കൊക്കോ കോളയും ഹെയ്നെകെനും.

Content Highlights: Cristiano Ronaldo s Coca Cola Snub Trolls