മ്യൂണിക്ക്: യൂറോ കപ്പിൽ ജർമനിക്ക് മുമ്പിൽ പോർച്ചുഗൽ തോൽവിയിലേക്ക് വീണെങ്കിലും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോൾ വന്ന വഴി കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ഫുട്ബോൾ ലോകം. 15-ാം മിനിറ്റിൽ ജർമനിയുടെ കോർണർ പാളിയപ്പോൾ സ്വന്തം പോസ്റ്റിൽ നിന്ന് പന്ത് ക്ലിയർ ചെയ്ത് ജർമൻ ഗോൾമുഖത്തേക്ക് പാഞ്ഞ് ക്രിസ്റ്റ്യാനോ വല കുലുക്കുകയായിരുന്നു.

14-ാം മിനിറ്റിൽ ടോണി ക്രൂസ് എടുത്ത കോർണറിൽ മാറ്റ് ഹമ്മൽസും അന്റോണിയോ റൂഡിഗറും ഹെഡ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഇത് പാളിയതോടെ പോർച്ചുഗൽ ഒരു കൗണ്ടർ അറ്റാക്ക് നടത്തുകയായിരുന്നു. 36 -കാരനായ ക്രിസ്റ്റിയാനോ ആ കോർണർ ആദ്യം ക്ലിയർ ചെയ്തു. എന്നിട്ട് ബെർണാഡൊ സിൽവയ്ക്ക് കൈമാറി. മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാഡോ ആ പന്തുമായി കുതിച്ചു. അതിനിടയിൽ ഡീഗോ ജോട്ടയും ക്രിസ്റ്റിയാനോയും ജർമൻ ബോക്സിലേക്ക് എത്തിയിരുന്നു. ബോക്സിന് തൊട്ടടുത്തുണ്ടായിരുന്ന ഡീഗോ ജോട്ടയ്ക്ക,് ബെർണാഡോ അളന്നുമുറിച്ച് പാസ് നൽകി. ആ പന്ത് നെഞ്ച്കൊണ്ട് നിയന്ത്രിച്ച് ഡീഗോ ജോട്ട പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ജർമൻ ഗോൾകീപ്പർ തടഞ്ഞു. ഈ പന്ത് ക്രിസ്റ്റ്യാനോയുടെ കാലിലെത്തി. പിന്നെ പോർച്ചുഗീസ് ക്യാപ്റ്റൻ ഒരു നിമിഷം പോലും ആലോചിച്ചില്ല. പന്ത് ജർമൻ വലയിൽ.

ഈ ഗോളിനായി ക്രിസ്റ്റിയാനോ പോർച്ചുഗൽ പോസ്റ്റിൽ നിന്ന് പാഞ്ഞെത്തിയത് 14.2 സെക്കന്റിലാണ്. 92 മീറ്റർ ഓട്ടത്തിൽ ക്രിസ്റ്റിയാനോ പാഞ്ഞത് മണിക്കൂറിൽ 32 കിലോമീറ്റർ വേഗത്തിൽ! അതു മാത്രമല്ല, ജർമൻ താരങ്ങളെ കബളിപ്പിച്ച് 'നോ ലുക്ക് ബാക്ക് ഹീലിലൂടേ'യും ക്രിസ്റ്റിയാനോ ആരാധകരെ ആവേശത്തിലാഴ്ത്തി.

യൂറോ കപ്പിലും ലോകകപ്പിലുമായി ആകെ നേടിയ ഗോളുകളുടെ എണ്ണത്തിൽ പോർച്ചുഗീസ് ക്യാപ്റ്റൻ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പമെത്തി. 19 ഗോളുകളാണ് ലോകകപ്പിലും യൂറോയിലുമായി ക്രിസ്റ്റിയാനോ പോർച്ചുഗീസ് ജഴ്സിയിൽ നേടിയത്.

Content Highlights: Cristiano Ronaldo sprint across the length of the pitch in 14.2 secondsEuro Cup 2020