റോം: കോവിഡിൽ വലഞ്ഞ ജനതയ്ക്ക് ആശ്വാസത്തിന്റെ മധുരം പകർന്നതായിരുന്നു യൂറോ കപ്പ് ഫുട്ബോൾ. നിറഞ്ഞുനിന്ന ഗാലറിയെ സാക്ഷിയാക്കി ഉദ്ഘാടന മത്സരത്തിൽ ഇറ്റലി മൂന്നു ഗോളിന് തുർക്കിയെ പരാജയപ്പെടുത്തി. ഇതിന് പിന്നാലെ വൈകാരികമായിട്ടാണ് ഇറ്റാലിയൻ താരങ്ങൾ പ്രതികരിച്ചത്. കോവിഡ് മഹാമാരിയിൽ നിരാശരായ ആരാധകർ മനസ്സുനിറഞ്ഞ് സന്തോഷിക്കുന്നത് കാണുമ്പോൾ അത് തങ്ങളുടെ ഹൃദയത്തിൽ തൊടുന്നുവെന്ന് ഇറ്റാലിയൻ താരങ്ങൾ പറയുന്നു.

'ഈ നശിച്ച വൈറസിന് ശേഷം നമ്മൾ ഒരുമിച്ചുകൂടിയിരിക്കുന്നു. ആരാധകരുടെ ആഘാഷോങ്ങൾ വീണ്ടും കാണാനായത് വിസ്മയിപ്പിക്കുന്നു.' തുർക്കിക്കെതിരേ ഗോൾ കണ്ടെത്തിയ ഇറ്റലിയുടെ മുന്നേറ്റതാരം സീറോ ഇമ്മൊബിൽ പറയുന്നു.

തുർക്കിക്കെതിരെ ക്ഷമയോടെയാണ് കളിച്ചത്. അവർ കരുത്തരായ ടീമാണ്. നിരവധി മികച്ച ടീമുകളെ അട്ടിമറിക്കാൻ കഴിവുള്ള ടീമാണ് അവർ. ആദ്യ പകുതിയിൽ തന്നെ ആധിപത്യം സ്ഥാപിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. നിർഭാഗ്യം കൊണ്ട് ഷോട്ടുകൾ ഗോൾ പോസ്റ്റിലിടിച്ച് പോകുകയായിരുന്നു. രണ്ടാം പകുതിയിൽ തുർക്കി നിറംമങ്ങി. ആദ്യ ഗോൾ വഴങ്ങിയതിന്ശേഷം അവർക്ക് സ്പേസ് നൽകേണ്ടി വന്നു. അവിടെ ഞങ്ങൾ ഞങ്ങളുടെ ക്വാളിറ്റി പുറത്തെടുത്തു. ആദ്യ യൂറോയിൽ സ്വന്തം ആരാധകർക്കു മുന്നിൽ ഗോൾ നേടാനായതിൽ അഭിമാനിക്കുന്നു. ഇതിലും മികച്ചത് ലഭിക്കാനില്ല.' ഇമ്മൊബിൽ വ്യക്തമാക്കുന്നു.

സ്റ്റേഡിയത്തിലേക്ക് ടീം ബസ് പുറപ്പെട്ടതുമുതൽ എല്ലാം വൈകാരികമായിരുന്നെന്നും റോഡുകളിലെല്ലാം ആളുകൾ അഭിവാദ്യമർപ്പിക്കുന്ന കാഴ്ച്ച രോമാഞ്ചമുണ്ടാക്കിയെന്നും മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് സ്പിനാസോള വ്യക്തമാക്കി.

Content Highlights: Ciro Immobile Euro Cup Football Italian Win