കോപ്പന്‍ഹേഗന്‍: യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണെ മൈതാനത്തുവെച്ചു തന്നെ കാര്‍ഡിയാക് മസാജിന് വിധേയനാക്കിയിരുന്നതായി ടീം ഡോക്ടര്‍. ആശുപത്രിയിലേക്ക് മാറ്റും മുമ്പ് എറിക്‌സണ്‍ സംസാരിച്ചിരുന്നതായും ടീം ഡോക്ടര്‍ മോര്‍ട്ടന്‍ ബോസെന്‍ വ്യക്തമാക്കി.

ടീം ഡോക്ടറുടെയും സഹതാരങ്ങളുടെയും റഫറിയുടെയും കൃത്യസമയത്തുള്ള ഇടപെടലാണ് ക്രിസ്റ്റിയന്‍ എറിക്‌സന്റെ ജീവന്‍ രക്ഷപ്പെട്ടതിന് കാരണം.

മത്സരത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ടീം ഡോക്ടര്‍ ഇക്കാര്യം പറഞ്ഞത്. മൈതാനത്ത് വീണുകിടന്ന എറിക്‌സണ് അടുത്തെത്തുമ്പോള്‍ അദ്ദേഹത്തിന് ശ്വാസവും പള്‍സും ഉണ്ടായിരുന്നുവെന്നും മോര്‍ട്ടന്‍ ബോസെന്‍ വ്യക്തമാക്കി.

''പക്ഷേ പൊടുന്നെനെ ആ ചിത്രം മാറി, തുടര്‍ന്ന് അദ്ദേഹത്തിന് ജീവന്‍ രക്ഷിക്കാന്‍ കാര്‍ഡിയാക് മസാജ് നല്‍കി. ഞങ്ങള്‍ക്ക് പെട്ടെന്നുതന്നെ സ്റ്റേഡിയം ഡോക്ടറുടെ സഹായവും ലഭിച്ചു, അങ്ങനെ ഞങ്ങള്‍ക്ക് ക്രിസ്റ്റിയനെ തിരികെ കിട്ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ക്രിസ്റ്റിയന്‍ എന്നോട് സംസാരിക്കുകയും ചെയ്തു.'' - മോര്‍ട്ടന്‍ ബോസെന്‍ പറഞ്ഞു.

ശനിയാഴ്ച ഫിന്‍ലാന്‍ഡിനെതിരായ മത്സരം 42 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. എതിര്‍ ഹാഫിലെ ത്രോയില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നോട്ടാഞ്ഞ ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്സന്‍ ആടിയുലഞ്ഞ് നിലത്തേക്ക് വീണു. പന്ത് എറിക്സന്റെ കാലുകളില്‍ തട്ടി പുറത്തേക്ക് പോകുന്നതും വീഡിയോകളില്‍ കാണാം.

അടുത്തുണ്ടായിരുന്ന സഹതാരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും ഫിന്‍ലന്‍ഡ് താരങ്ങള്‍ അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞ് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കളി നിയന്ത്രിച്ചിരുന്ന ആന്റണി ടെയ്ലര്‍ ഉടന്‍ തന്നെ വൈദ്യസംഘത്തെ വിളിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. ഡാനിഷ് താരങ്ങള്‍ എറിക്സന് ചുറ്റും നിന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. സംഭവത്തോടെ കാണികളും നടുക്കത്തിലായി. 15 മിനിറ്റോളം ശുശ്രൂഷ നല്‍കിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

തുടര്‍ന്ന് താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുവേഫ അറിയിച്ചു. മത്സരം റദ്ദാക്കിയതായി അറിയിപ്പ് വന്നെങ്കിലും ഇരു ടീമിലെയും താരങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മത്സരം പുനരാരംഭിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ 45 മിനിറ്റുകള്‍ക്ക് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

Content Highlights: Christian Eriksen received cardiac massage on pitch was able to speak