കോപ്പൻഹേഗ്: ആശുപത്രിയിൽ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് ഡെൻമാർക്ക് താരം ക്രിസ്റ്റിയൻ എറിക്സൺ. യൂറോ കപ്പ് ഫുട്ബോളിൽ ഫിൻലന്റിന് എതിരായ മത്സരത്തിനിടെ എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞുവീണിരുന്നു. 'സുഖമായിരിക്കുന്നു' എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച താരം സെൽഫി ചിത്രമാണ് പങ്കുവെച്ചത്.

'ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിങ്ങളുടെ എല്ലാ സന്ദേശങ്ങൾക്കും നന്ദി. ഞാനും എന്റെ കുടുംബവും ആ സന്ദേശങ്ങളെയെല്ലാം വിലമതിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഞാൻ സുഖമായിരിക്കുന്നു. ആശുപത്രിയിൽ ഇനിയും ചില പരിശോധനകൾക്ക് വിധേയമാകാനുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ഡെൻമാർക്കിനായി ആരവമുയർത്താൻ ഞാനുണ്ടാകും.' എറിക്സൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

യൂറോ കപ്പിലെ ഗ്രൂപ്പ് ബിയിലെ ത്സരത്തിൽ ഫിൻലന്റിനെതിരേ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് എറിക്സൺ കുഴഞ്ഞുവീണത്. പ്രാഥമിക ശുശ്രൂഷ നൽകി വേഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്ബോൾ ലോകം ഭയന്നുപോയ നിമഷങ്ങളായിരുന്നു അത്. മത്സരം കുറച്ചുനേരം നിർത്തിവെയ്ക്കുകയും ചെയ്തു. താരം അപകടനില തരണം ചെയ്തതിന് ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഫിൻലന്റ് വിജയിച്ചു.

ഹൃദയാഘാതമായിരുന്നു കാരണമെന്നും 13 മിനിറ്റ് സിപിആർ നൽകിയതിന് ശേഷമാണ് എറിക്സണെ തിരികെ കിട്ടിയതെന്നും ഡെൻമാർക്ക് ടീം ഡോക്ടർ പിന്നീട് വ്യക്തമാക്കി.

Content Highlights: Christian Eriksen gives thumbs up in new selfie from hospital bed after cardiac arrest