ഫിന്‍ലന്‍ഡിന്റെ വല കുലുക്കുക എന്നൊരു ലക്ഷ്യം മാത്രമേ ആ നാല്‍പത്തിമൂന്ന് മിനിറ്റും ക്രിസ്ത്യന്‍ എറിക്‌സണിന്റെ മനസില്‍ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും നാല്‍പത്തിമൂന്നാം മിനിറ്റില്‍ കുമ്മായവരയ്ക്കരികില്‍ അയാള്‍ കുഴഞ്ഞുവീണപ്പോള്‍ ഡെന്‍മാര്‍ക്കുകാര്‍ക്കൊപ്പം ഫിന്‍ലന്‍ഡുകാരും എഴുന്നേറ്റ് നിന്ന് നെഞ്ചില്‍ കൈവച്ച് പ്രാര്‍ഥിച്ചു. അയാളുടെ ദയനീയാവസ്ഥ ക്യാമറക്കണ്ണില്‍ നിന്നു മറയ്ക്കാന്‍ സ്വന്തം പതാക ഗ്രൗണ്ടിലേയ്ക്ക് എറിഞ്ഞുകൊടുത്തു. ക്യാപ്റ്റന്‍ സിമോണ്‍ കേറും മെഡിക്കല്‍ സംഘവും കൈമെയ് മറന്നു പരിശ്രമിക്കുമ്പോള്‍ ഒരു നിമിഷം നിശ്ചലമായിപ്പോയ ലോകത്തിനൊപ്പം അവരും ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാത്തിരുന്നു. പ്രാര്‍ഥനകളും കാത്തിരിപ്പിക്കും പരിശ്രമങ്ങളുമെല്ലാം സഫലമായി. മരണമുഖത്ത് നിന്ന് അത്ഭുതകരമായി തന്നെ എറിക്‌സൺ തിരിച്ചുവന്നു. എറിക്‌സണ്‍ ഇല്ലാത്ത ഡെന്‍മാര്‍ക്കിനെ സ്വന്തം ടീം തോല്‍പിക്കുമ്പോള്‍ അവര്‍ നിലവിട്ട് സന്തോഷിച്ചില്ല. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ കണ്ണീരൊപ്പി കൈയടിച്ചു.
 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ആള്‍ക്കൂട്ടം ഇതുപോലെ തന്നെ പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ പതിനേഴ് വര്‍ഷം മുന്‍പൊരു ഡിസംബര്‍ അഞ്ചിന്. ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍. അന്നത്തെ ആ പ്രാര്‍ഥനകളത്രയും പക്ഷേ, വിഫലമായി. എഴുപത്തിയെട്ടാം മിനിറ്റില്‍ ഗോളിയുമായി കൂട്ടിയിടിച്ചു ഗ്രൗണ്ടില്‍ വീണ ക്രിസ്റ്റ്യാനോ ജൂനിയര്‍ എന്ന ബ്രസീലുകാരൻ പ്രാര്‍ഥനകള്‍ വേണ്ടുവോളം ഉണ്ടായിട്ടും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നില്ല. സ്‌ട്രെച്ചറില്‍ ആശുപത്രിയിലേയ്ക്ക് പോകുംവഴി ചെറുതായൊന്ന് കണ്ണു തുറന്ന എറിക്‌സന്റെ ചിത്രം വലിയൊരു സമാശ്വാസമായിരുന്നു വിതുമ്പലടക്കിപ്പിടിച്ച ലോകത്തിന്. എന്നാല്‍, പോസ്റ്റിനരികെ കണ്ണുമിഴിച്ച് നിശ്ചലമായി കിടന്ന ക്രിസ്റ്റ്യാനോ ജൂനിയറിന്റെ ദയനീയമായ ചിത്രം ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്, അന്നത് കണ്ടവരെ മുഴുവന്‍.

Christian Eriksen

 
അതുകൊണ്ടു തന്നെ എറിക്‌സണ്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ ഉയരുന്നൊരു ചോദ്യമുണ്ട്. എന്തുകൊണ്ട് അന്ന് ക്രിസ്റ്റ്യാനോ ജൂനിയറിനെയും ഇതുപോലെ രക്ഷിച്ചെടുക്കാനായില്ല.? ഡെന്‍മാര്‍ക്കല്ല ഇന്ത്യ. യൂറോ അല്ല ഫെഡറേഷന്‍ കപ്പ്. പക്ഷേ, കളിക്കാരുടെ ജീവന്റെ വിലയ്ക്ക് ഏറ്റക്കുറച്ചിലില്ല. താരപദവിയും ബാധകമല്ല. എറിക്‌സന്റെ ജീവനെ കാത്തത്ത് ഗ്രൗണ്ടിലെ മെഡിക്കല്‍ സംഘത്തിന്റെ മികവാണെങ്കില്‍ ബോധരഹിതനായി വീണ ക്രിസ്റ്റ്യാനോയെ പരിശോധിക്കാന്‍ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ പേരിനുപോലുമൊരു ഡോക്ടറുണ്ടായിരുന്നില്ല ഡ്യൂട്ടിക്ക്.
 
ഈസ്റ്റ് ബംഗാള്‍ ഗോളി സുബ്രതോ പാലിന്റെ ഇടങ്കൈ പഞ്ച് തലയ്‌ക്കേറ്റാണ് ഡെംപോ സ്‌ട്രൈക്കറായ ക്രിസ്റ്റ്യാനൊ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. ടീമംഗങ്ങള്‍ ഓടിക്കൂടിയെത്തിയെങ്കിലും അവര്‍ക്ക് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ ഏറെ നേരം കഴുത്ത് മുകളിലേയ്ക്കാക്കി കണ്ണു മിഴിച്ച് കിടന്നു ആ വര്‍ഷത്തെ ടോപ് സ്‌കോറററായ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍. ഏറെനേരം കഴിഞ്ഞു ക്രിസ്റ്റ്യാനോയെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോകാന്‍. റോഡിനപ്പുറത്ത് മല്ല്യ ഹോസ്പിറ്റല്‍ ഉണ്ടായിട്ടും ബോധരഹിതനായാ ക്രിസ്റ്റ്യാനോയെ കൊണ്ടുപോയത് ഏറെ അകലെയുള്ള ഹൊസ്മത് ആശുപത്രിയില്‍. ബെംഗളൂരുവിലെ നഗരത്തിരക്കിലൂടെ ഓടിക്കിതച്ച് ആശുപത്രിയില്‍ എത്തുമ്പോഴേയ്ക്കും ജീവിതത്തിലേയ്ക്ക് ഇനിയൊരു മടക്കമില്ലാത്തവണ്ണം ചേതനയറ്റ് കഴിഞ്ഞിരുന്നു ക്രിസ്റ്റ്യാനോ. സ്‌റ്റേഡിയത്തില്‍ ഡെംപോ ചാമ്പ്യന്മാരാകുമ്പോള്‍ മരവിച്ചുതുടങ്ങിയിരുന്നു ഗോളടിയന്ത്രത്തിന്റെ ശരീരം. ഒരാഴ്ചയാണ് ആ മൃതദേഹം ബെംഗളൂരുവിലെ മോര്‍ച്ചറിയില്‍ കിടന്നത്.
 
കളിക്കുവേണ്ടി ഒരു ഡോക്ടറെ വിട്ടുതരാന്‍ ആതിഥേയരായ കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് അന്ന് ആശുപത്രിയുടെ ഡയറക്ടറും അസ്ഥിരോഗവിഭാഗം തലവനുമയിരുന്ന പ്രമുഖ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ദ്ധന്‍ ഡോ. തോമസ് ചാണ്ടി പറഞ്ഞത്. ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് അസോസിയേഷനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും ഡോക്ടര്‍ അന്നുതന്നെ പറഞ്ഞിരുന്നു. ഇന്ത്യയുടെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്താനുള്ള ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലായിട്ടും മോഹന്‍ ബഗാനോ ഡെംപോയ്‌ക്കോ ഒരു ടീം ഡോക്ടര്‍ പോലുമുണ്ടായിരുന്നില്ലെന്ന ഞെട്ടുന്ന വെളിപ്പെടുത്തല്‍ കൂടി നടത്തി അന്ന് ഡോക്ടര്‍ ചാണ്ടി. ടീമുകള്‍ക്ക് സ്വന്തമായി ഡോക്ടര്‍ വേണമെന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ കര്‍ശന നിര്‍ദേശമുള്ളപ്പോഴായിരുന്നു ഇത്.
 
കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ അന്ന് ആശുപത്രി അധികൃതരോട് ആകെ ആവശ്യപ്പെട്ടത് ഒരു ഫിസിയോതെറാപ്പിസ്റ്റും ഒരു ആംബുലന്‍സും മാത്രമാണ്. ഈ രണ്ട് ഫിസിയോതെറാപ്പിസ്റ്റുകളെയാവട്ടെ ഗ്രൗണ്ടില്‍ വീണുകിടക്കുന്ന ക്രിസ്റ്റ്യാനോയ്ക്കരികിലേയ്ക്ക് ചെല്ലാന്‍ റഫറി അനുവദിക്കുകയും ചെയ്തില്ല. ക്രിസ്റ്റ്യാനോ ബോധരഹിതനായി കിടക്കുകയാണെന്ന് റഫറിക്ക് ബോധ്യം വന്നതു തന്നെ ഏതാണ്ട് ഏഴു മിനിറ്റ് കഴിഞ്ഞാണ്. കളിക്കാരുടെ ആഘോഷമാണെന്ന് തെറ്റിദ്ധരിച്ചുപോയത്രെ. എറിക്‌സണ്‍ കുഴഞ്ഞുവീണ ഉടനെ കളി നിര്‍ത്താന്‍ ഇംഗ്ലീഷുകാരന്‍ റഫറി ആന്തണി ടെയ്‌ലര്‍ കാണിച്ച വേഗതയ്ക്ക് എറിക്‌സന്റെ ജീവനോളം തന്നെ വിലയുണ്ടായിരുന്നുവെന്ന് നമ്മള്‍ ഓര്‍ക്കുന്നത് ക്രിസ്റ്റ്യാനോയുടെ കഥയറിയുമ്പോഴാണ്.
 
ഫൈനലിന് ഡോക്ടറെ ആവശ്യപ്പെടാതിരിക്കാന്‍ സംഘാടകര്‍ നിരത്തിയ കാരണമായിരുന്നു അതിവിചിത്രം. ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ നടത്തിപ്പുകാര്‍ക്ക് ഡോക്ടര്‍ക്ക് കൊടുക്കാന്‍ ഒരു ആയിരം രൂപ കൈവശമില്ല. നിത്യവൃത്തി തേടി ബ്രസീലില്‍ നിന്ന് ഇന്ത്യയിലെത്തിയ ക്രിസ്റ്റ്യാനോ അടക്കമുള്ള ഫുട്‌ബോള്‍ പ്രതിഭകളുടെ ജീവന് ആയിരം രൂപ പോലും വില കല്‍പിച്ചിട്ടില്ല ഫുട്‌ബോള്‍ മുതലാളിമാര്‍.
 
ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരം എറിക്‌സന്റെ ആരോഗ്യസ്ഥിതി അറിയുംവരെ നിര്‍ത്തിവച്ചു. എന്നാല്‍, ക്രിസ്റ്റ്യാനോ ചേതനയറ്റ് കിടക്കുമ്പോള്‍ തന്നെ ഫൈനല്‍ തകൃതിയായി നടന്നു. സംഘാടകര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരേ പോലീസ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സുബ്രതോ പാലിനെ രണ്ട് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കേസിന് പിന്നീട് എന്തു സംഭവിച്ചുവെന്ന് ഒരു വിവരവുമില്ല. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം അതും മണ്ണടിഞ്ഞുപോയിക്കാണും. പന്ത് ഇല്ലാത്ത വേളയില്‍ സുബ്രതോ നടത്തിയത് ബോധപൂര്‍വമായ അഗ്രസീവ് ടാക്ലിങ്ങായിരുന്നുവെന്നും ഡ്യൂറന്റ് കപ്പിലും സുബ്രതോ ഇതാവര്‍ത്തിച്ച ചരിത്രമുണ്ടെന്നും പലരും പറഞ്ഞിട്ടും സുബ്രതോ പാല്‍ ഏറെക്കഴിയാതെ വീണ്ടും കളത്തിലിറങ്ങി. ഒട്ടും വൈകാതെ തന്നെ ഇന്ത്യയുടെ കുപ്പായമണിയുകയും ചെയ്തു. 
 
ഗ്രൗണ്ടില്‍ പ്രാഥമിക ചികിത്സ നല്‍കാതിരുന്നത് മാത്രമായിരുന്നില്ല ക്രിസ്റ്റ്യാനോ സംഭവത്തിന്റെ പ്രശ്‌നം. ഹൃദയസ്തംഭനമാണ് ഹൊസ്മത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുറിച്ച മരണകാരണം. എന്നാല്‍, ക്രിസ്റ്റ്യായാനോ മരിച്ചത് തലയ്ക്കിടിയേറ്റാണെന്ന് ബ്രസീലിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഹൃദയം നീക്കം ചെയ്ത ശരീരമാണ് ബ്രസീലിയയിലേയ്ക്ക് അയച്ചത്. ഈ ഹൃദയം വിട്ടുകിട്ടാന്‍ ക്രിസ്റ്റിയാനോയുടെ ഭാര്യ ജൂലിയാന ഫുട്‌ബോള്‍ ഫെഡറേഷന്‍കാരുടെ പിറകേ കുറേ നടന്നെങ്കിലും നിയമത്തിന്റെ നൂലാമാല ചൂണ്ടിക്കാട്ടി അവര്‍ ഒഴിഞ്ഞുമാറി. ബെംഗളൂരുവില്‍ നടന്ന ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് നിലപാടിലായിരുന്നു ജൂലിയാന. എന്നാല്‍, രണ്ടാമതൊരു പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി നല്‍കാന്‍ പനാജി കോടതി വിസമ്മതിച്ചു.
 
എന്നാല്‍, ബ്രസീലിലെ ഡോക്ടര്‍മാരുടെ ആരോപണത്തെക്കുറിച്ച് ഇന്ത്യയില്‍ യാതൊരു തുടര്‍ അന്വേഷണവും ഉണ്ടായില്ല. ഗ്രൗണ്ടില്‍ ബോധരഹിതനായി കിടക്കുന്ന ക്രിസ്റ്റ്യാനോയുടെ വയറില്‍ മുട്ടുകുത്തിനിന്ന് ചികിത്സ നടത്തിയ ആളെക്കുറിച്ച് പോലും അന്വേഷണം നടന്നില്ല. എല്ലാം ശുഭം. ക്രിസ്റ്റ്യാനോ ഒരു വിദൂരസ്മൃതിയായി. ഏതെങ്കിലും കളിക്കളങ്ങളില്‍ ഒരു അപകടമരണം അരങ്ങേറുമ്പോള്‍ മാത്രം കുത്തിപ്പൊക്കിയെടുക്കുന്നൊരു ഓര്‍മ മാത്രമായി. അല്ലെങ്കിലും ഇത്തരം സെലക്ടീവ് സ്മൃതികളും വിസ്മൃതികളും തന്നെയാണല്ലോ ഇന്ത്യന്‍ കായികരംഗത്തിന്റെ മുഖമുദ്ര. നമുക്കും എറിക്‌സണ്‍മാര്‍ക്കുവേണ്ടി മാത്രം പ്രാര്‍ഥിക്കാം. കാരണം അവര്‍ക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള അവസരമുണ്ട്. ഇക്കാലത്തും പ്ലേ അറ്റ് യുവര്‍ ഓണ്‍ റിസ്‌ക്ക് എന്ന ബോര്‍ഡ് വെക്കേണ്ട കളിക്കളങ്ങളില്‍ നമ്മുടെ കായികതാരങ്ങള്‍ക്കെല്ലാം അതുപോലുള്ള അവിശ്വസനീയമായ തിരിച്ചുവരവ് സാധ്യമായിക്കൊള്ളണമെന്നില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രാര്‍ഥനകള്‍ വിഫലമായിപ്പോയേക്കാം.
 
Content Highlights: Christian Eriksen Denmark Euro Cup Cristiano Júnior Dempo Goa Federation Cup