ക്രിസ്റ്റ്യൻ എറിക്‌സണ്‍ ഇല്ലാതെ ഡെന്‍മാര്‍ക്ക് യൂറോ കപ്പിലെ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങുകയാണ്. ബെല്‍ജിയമാണ് എതിരാളി. എന്നാല്‍, ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എറിക്‌സണ് ആദരമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് എതിരാളികളായ ബെല്‍ജിയം. ഇരു ടീമുകള്‍ക്കും കാഴ്ചക്കാര്‍ക്കും ആദരമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഭാഗമായി ബെല്‍ജിയംകാര്‍ മത്സരത്തിന്റെ പത്താം മിനിറ്റില്‍ പന്ത് പുറത്തേയ്ക്കടിക്കും. കാരണം എറിക്‌സന്റെ ജെഴ്‌സിനമ്പര്‍ പത്താണ്.

ഇന്റര്‍ മിലാനില്‍ എറിക്‌സന്റെ സഹതാരമായ ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാവുവാണ് ഇക്കാര്യം അറിയിച്ചത്. ഇരു ടീമുകളും സംയുക്തമായാണ് ആദരമര്‍പ്പിക്കുകയെന്ന് ലുക്കാക്കു പറഞ്ഞു. റഷ്യയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ ഗോള്‍ ലുക്കാക്കു എറിക്‌സണു വേണ്ടിയാണ് സമര്‍പ്പിച്ചത്. മത്സരത്തില്‍ ബെല്‍ജിയം മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റഷ്യയെ തകര്‍ത്തത്. അതേസമയം എറിക്‌സണ്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച് മത്സരം പുനരാരംഭിച്ചപ്പോള്‍ ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.

അതേസമയം കോപ്പൻഹേഗനിലെ സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ് എറിക്സൺ.

Content Highlights: Belgium to kick ball out of play vs Denmark in Eriksen tribute