റൊമാനിയ: നിര്‍ണായക മത്സരത്തില്‍ യുക്രൈനിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഓസ്ട്രിയ യൂറോകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 

ഇതാദ്യമായാണ് ഓസ്ട്രിയ യൂറോകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കുന്നത്.  ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതര്‍ലന്‍ഡ്‌സ് നേരത്തേ പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു. മൂന്നു മത്സരങ്ങളില്‍ നിന്നും ആറുപോയന്റാണ് ഓസ്ട്രിയ നേടിയത്. പ്രീക്വാര്‍ട്ടറില്‍ ശക്തരായ ഇറ്റലിയാണ് ഓസ്ട്രിയയുടെ എതിരാളികള്‍.

രണ്ടുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ യുക്രൈനിനും ഓസ്ട്രിയയ്ക്കും തുല്യ പോയന്റുകളായിരുന്നു. ഇന്ന ജയിക്കുന്ന ടീം പ്രീ ക്വാര്‍ട്ടറില്‍ കടക്കുമെന്ന് ഉറപ്പുള്ളതിനാല്‍ കൈയ്യും മെയ്യും മറന്നാണ് ഇരുടീമുകളും കളിച്ചത്. 21-ാം മിനിട്ടില്‍ ക്രിസ്റ്റോഫ് ബൗംഗാര്‍ട്‌നറാണ് ഓസ്ട്രിയയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും യുക്രൈനിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യകള്‍ മങ്ങിയിട്ടില്ല. ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാനുള്ള അവസരമുണ്ട്.

മത്സരത്തില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. കോര്‍ണറില്‍ നിന്നാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്. 21-ാം മിനിട്ടില്‍ ഓസ്ട്രിയയുടെ അലാബയെടുത്ത കിടിലന്‍ ഫ്രീകിക്ക് കൃത്യമായി ബൗംഗാര്‍ട്‌നറുടെ കാലുകളിലാണ് വന്നുപതിച്ചത്. ഒട്ടും വൈകാതെ പന്ത് വലയിലെത്തിച്ച് താരം ടീമിനെ പ്രീക്വാര്‍ട്ടറിലെത്തിച്ചു. 

ഗോള്‍ വഴങ്ങിയതോടെ പരമാവധി ആക്രമിച്ചുകളിക്കാന്‍ യുക്രൈന്‍ ശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ഓസ്ട്രിയന്‍ പ്രതിരോധം മറികടക്കാന്‍ ടീമിന് സാധിച്ചില്ല. 

Content Highlights: Austria vs Ukraine Euro 2020 group C