ന്യൂഡല്‍ഹി: യൂറോ കപ്പ് മത്സരത്തിന് മുന്‍പ് നടന്ന വാര്‍ത്താസാമ്മേളനത്തില്‍ കൊക്കകോള കുപ്പി എടുത്തു മാറ്റിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരസ്യത്തിനായി കൂട്ടുപിടിച്ചു അമൂലും ഫെവിക്കോളും. ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുന്‍പാണ് ക്രിസ്റ്റിയാനോ കൊക്കോ കോള കുപ്പികള്‍ എടുത്തു മാറ്റിയത്. ഇതു വലിയ ചര്‍ച്ചയാകുകയും ഇതിന്റെ വീഡിയോ വളരെ വേഗത്തില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഈ സംഭവം അമൂല്‍, ഫെവിക്കോള്‍ ബ്രാന്റുകള്‍ പരസ്യത്തിനായി ഉപയോഗിച്ചത്.

'ആ ബോട്ടില്‍ അവിടെ നിന്ന് അനങ്ങില്ല, മൂല്യത്തിലും തിരിച്ചടി ഉണ്ടാകില്ല'- ഫെവിക്കോള്‍ ട്വീറ്റ് ചെയ്തു. വാര്‍ത്താസമ്മേളനത്തിന്റെ മാതൃകയില്‍ മേശയില്‍ ഫെവിക്കോള്‍ വെച്ചാണ് ഈ പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

'ഒരിക്കലും മാറ്റി നിര്‍ത്താനാവില്ല, ആരുടേയും വികാരങ്ങളെ മൂടി വെക്കില്ല' ഇതാണ് അമൂലിന്റെ പരസ്യ  വാചകം. ഒരു ഫുട്‌ബോള്‍ കൈമുട്ടില്‍ താങ്ങി നിര്‍ത്തി ബ്രെഡില്‍ ജാം തേക്കുന്ന അമൂല്‍ പെണ്‍കുട്ടിയുടെ ചിത്രവും ഈ പരസ്യ വാചകത്തിന് ഒപ്പമുണ്ട്. ഈ രണ്ട് ട്വീറ്റുകളും വളരെ വേഗത്തില്‍ ആരാധകര്‍ക്കിടയില്‍ പ്രചരിച്ചു.

Content Highlights: Amul, Fevicol turn Ronaldo's Coca-Cola snub into a marketing moment