ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പരയിലേറ്റ ദയനീയ തോല്‍വിയെക്കുറിച്ച് വിന്‍ഡീസ് മറന്നുകഴിഞ്ഞു. ഏകദിന പരമ്പരയില്‍  പോരാട്ടത്തിന്റെ മുഖമാണ് ജേസണ്‍ ഹോള്‍ഡറും സംഘവും യുവനിരയും കാഴ്ച വയ്ക്കുന്നത്. 

ആദ്യ രണ്ടു മത്സരങ്ങളിലും ടീം  മുന്നൂറിലധികം റണ്‍സ് സ്‌കോര്‍ ചെയ്തു. ടൈയിലായ രണ്ടാം മത്സരത്തില്‍ താരങ്ങളുടെ പരിചയ സമ്പത്തില്ലായ്മയാണ് അവര്‍ക്ക് തിരിച്ചടിയായത്. മൂന്നാം മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച അവര്‍ക്ക്  നാലാം മത്സരത്തില്‍ മാത്രമാണ് കാലിടറിയത്. 

പരിചയസമ്പന്നനായ മര്‍ലോണ്‍ സാമുവല്‍സിനെപ്പോലുള്ള താരങ്ങള്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ ഷിമ്റോണ്‍ ഹെറ്റ്മേയറെയും ഷായി ഹോപ്പിനെയും പോലുള്ള താരങ്ങളാണ് അവര്‍ക്കുവേണ്ടി പൊരുതുന്നത്.  ആഷ്ലി നഴ്സും വിന്‍ഡീസ് നിരയില്‍ തിളങ്ങി.

west indies players who an shine against india

ഷെമ്റണ്‍ ഹെറ്റ്മെയര്‍ 

അണ്ടര്‍ 19 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന് ചരിത്രത്തിലാദ്യമായി കിരീടം നേടിക്കൊടുത്ത താരം. ബംഗ്ലാദേശില്‍ നടന്ന 2015-16 ലോകകപ്പിലായിരുന്നു കരിയറിലെ വഴിത്തിരിവായ നേട്ടത്തിലേക്ക് ഹെറ്റ്മെയര്‍ ടീമിനെ നയിച്ചത്. വിന്‍ഡിസീനായി 16 ഏകദിനങ്ങള്‍ കളിച്ച ഹെറ്റ്മെയര്‍ മൂന്നു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും നേടിക്കഴിഞ്ഞു. ഇതില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഇന്ത്യന്‍ പര്യടനത്തിലാണ് പിറന്നത്. അവസാന രണ്ട് ഏകദിനങ്ങളില്‍ തിളങ്ങാനായില്ലെങ്കിലും വ്യാഴാഴ്ചത്തെ നിര്‍ണായക മത്സരത്തില്‍ നല്ലൊരു ഇന്നിങ്സ് കാഴ്ചവയ്ക്കാനുള്ള പടപ്പുറപ്പാടിലാണ് താരം. ഭാവിയിലെ വെസ്റ്റിന്‍ഡീസ് ക്യാപ്ടനായാണ് ഹെറ്റ്മെയറിനെ ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ വിലയിരുത്തുന്നത്.

west indies players who an shine against india

ഷായ് ഹോപ്

ജെഫ് ഡുജോണിനെപ്പോലയുള്ള പ്രതിഭാധനന്‍മാരായ വിക്കറ്റ് കീപ്പര്‍മാരുടെ പിന്‍മുറക്കാരനാകാനുള്ള പാതയിലാണ് ഷായ് ഹോപ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമായി താരം ടീമിന്റെ മുന്നണിപ്പോരാളിയാണ്. മികച്ച ഒരു ബാറ്റ്സ്മാനായി വിലയിരുത്തപ്പെടുന്ന ഹോപ് 40 ഏകദിനമത്സരങ്ങളില്‍ നിന്നായി രണ്ടു സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറിയുമടക്കം 1365 റണ്‍സ് നേടിയിട്ടുണ്ട്.

west indies players who an shine against india

ആഷ്ലി നഴ്സ്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ പ്രകടനം കൊണ്ടും വിക്കറ്റു വീഴുമ്പോഴുള്ള ആഘോഷംകൊണ്ടും ശ്രദ്ധിക്കപ്പെട്ട താരമാണ് ആഷ്ലി നഴ്സെന്ന ഓഫ് സ്പിന്നര്‍. നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ വീഴ്ത്തുകയും വ്യത്യസ്തമായ രീതിയില്‍ അതിന്റെ ആഹ്ലാദം നടത്തുകയും ചെയ്യുന്ന ആഷ്ലിയെ കാണികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനൊപ്പം ബാറ്റിങ്ങിലും തിളങ്ങാന്‍ വെസ്റ്റിന്‍ഡീസ് താരത്തിനായി. പരിക്കായതിനാല്‍ നഴ്സ് വ്യാഴാഴ്ച കളിക്കുന്ന കാര്യം സംശയമാണ്.

west indies players who an shine against india

ജേസണ്‍ ഹോള്‍ഡര്‍

വിന്‍ഡീസ് ക്രിക്കറ്റിന്റെ മാറിയ മുഖമാണ് ജേസണ്‍ ഹോള്‍ഡര്‍. 2014-ല്‍ ഇരുപത്തിരണ്ടാം വയസ്സില്‍ വിന്‍ഡീസ് ടീമിന്റെ ക്യാപ്റ്റന്‍ പദവി ഹോള്‍ഡറെ തേടിയെത്തി. മിതഭാഷിയാണ് ഈ ഓള്‍ റൗണ്ടര്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ വിന്‍ഡീസ് ക്രിക്കറ്റിന്റെ നെടുംതൂണാകാന്‍ ഈ മീഡിയം ഫാസ്റ്റ് ബൗളര്‍ക്ക് കഴിയുന്നുണ്ട്. മുംബൈയില്‍ നാലാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറിയോടെ പുറത്താകാതെ നിന്ന ഹോള്‍ഡര്‍ മാത്രമാണ് തിളങ്ങിയത്. തിങ്കളാഴ്ചത്തെ ഹോള്‍ഡറുടെ പ്രകടനം കണ്ട കമന്ററേറ്റര്‍മാര്‍ ബാറ്റിങ് ഓര്‍ഡറില്‍ അദ്ദേഹം നേരത്തെ ഇറങ്ങണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി.

west indies players who an shine against india

ബീച്ച് വോളിയുമായി വിന്‍ഡീസ് താരങ്ങള്‍

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആദ്യ മത്സരത്തിനെത്തിയ ജേസണ്‍ ഹോള്‍ഡറും കൂട്ടരും മത്സരത്തിന് മുമ്പുള്ള ദിവസം അടിച്ചു പൊളിക്കാനായാണ് മാറ്റിവച്ചത്. പരിശീലനത്തിനിറങ്ങുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ഉച്ചയോടെ ബീച്ച് വോളി കളിക്കാന്‍ തീരുമാനിച്ചത്.

രാവിലെ തന്നെ ടീം താമസിക്കുന്ന റാവിസ് ലീല  ഹോട്ടല്‍ അധികൃതര്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഹോട്ടലിന്റെ ബീച്ചിനോട് ചേര്‍ന്നുള്ള ഭാഗമാണ് കോര്‍ട്ടാക്കിയത്. റോഡിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ പുറത്ത് കാണാത്ത തരത്തില്‍ നെറ്റ് കെട്ടി മറച്ചിരുന്നു. ഉച്ചയ്ക്ക് 11.45 ഓടെയാണ് താരങ്ങള്‍ താമസിക്കുന്ന ഭാഗത്ത് നിന്നും കളിസ്ഥലത്തേക്ക് എത്തിത്തുടങ്ങിയത്. താരങ്ങളെ പ്രതീക്ഷിച്ച് നിരവധി പേര്‍ ബീച്ചിന്റെ പലഭാഗത്തും നില്‍പ്പുണ്ടായിരുന്നു. 

പാട്ട് കേട്ടുകൊണ്ടാണ് പലരും കളിസ്ഥലത്തേക്ക് എത്തിയത്. മാര്‍ലോണ്‍ സാമുവല്‍ ഒരു പടികൂടി കടന്ന് നൃത്തച്ചുവടുകളുമായാണ് വന്നത്. ഹോട്ടലിന്റെ പൂന്തോട്ടത്തില്‍ കുറേ നേരം പാട്ടിനൊപ്പം നൃത്തംചെയ്ത ശേഷമാണ് സാമുവല്‍ റോഡിലേക്ക് വന്നത്. ഇതിനിടയില്‍ മാധ്യമ ക്യാമറകളെ കണ്ടതോടെ ക്യാമറകളുടെ അടുത്തുപോയി നോക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. താരങ്ങളെ കാണാനെത്തിയ യുവാക്കളും ഇത് കണ്ട് തടിച്ചു കൂടി. പോലീസ് കര്‍ശനമായ സുരക്ഷ ഉറപ്പു വരുത്തിയിരുന്നു.

എല്ലാവരും എത്തിയതോടെ കളി തുടങ്ങി. ഒരു മണിക്കൂറോളം നീണ്ട കളിക്കുശേഷം വിന്‍ഡീസ് താരങ്ങള്‍ ഉച്ചഭക്ഷണത്തിനായി മടങ്ങി. ഇതിനിടയില്‍ താരങ്ങളുടെ കളി കാണാന്‍ ബീച്ചിലും റോഡിലുമെല്ലാം നാട്ടുകാരും തടിച്ചു കൂടി. തീരത്തും റോഡിലുമെല്ലാം പോലീസിനെ നിയോഗിച്ചിരുന്നു. കളിക്കുന്ന ഭാഗത്തേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.  രണ്ട് ടീമുകളായി മത്സരത്തില്‍ വാശിക്കും ഒട്ടും കുറവില്ലായിരുന്നു. പരസ്പരം അഭിനന്ദിച്ചും, പ്രോത്സാഹിപ്പിച്ചുമെല്ലാം താരങ്ങള്‍ മത്സരം ആസ്വദിച്ചു.

കൂടാതെ ബീച്ചില്‍ അമ്പെയ്ത്തിനും ക്രിക്കറ്റ് താരങ്ങളെത്തി. അവസാനദിവസം ആഘോഷമാക്കി മാറ്റി കേരളത്തിന്റെ തീരദേശഭംഗി ആസ്വദിക്കാനായിരുന്നു വിന്‍ഡീസ് താരങ്ങളുടെ തീരുമാനം. ഉച്ചയ്ക്ക് ശേഷം വിശ്രമത്തിനായാണ് താരങ്ങള്‍ മാറ്റിവച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ പ്രധാനപ്പെട്ടവരെല്ലാം ഹോട്ടലില്‍ തന്നെയാണ് ചെലവഴിച്ചത്. വിരാട് കോലി, ധോനി, രോഹിത് ശര്‍മ്മ, ബുംറ, ശിഖര്‍ധവാന്‍ തുടങ്ങിയ താരങ്ങളെല്ലാം ഹോട്ടലിലെ നീന്തല്‍ക്കുളത്തിലും ജിമ്മിലും എത്തിയിരുന്നു. ഇവര്‍ പുറത്തേക്ക് വന്നില്ല.