തിരുവനന്തപുരം: നാണയത്തിലെ ഭാഗ്യം ഇത്തവണയും തുണച്ചാല്‍ ഇന്ത്യന്‍ നായകന് സ്വന്തമാകുക അപൂര്‍വനേട്ടം. രണ്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മുഴുവന്‍ തവണയും ടോസ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. വിന്‍ഡീസിനെതിരേ നാല് ഏകദിനങ്ങളിലും ടോസും ജയിച്ചാണ് ഇന്ത്യന്‍ നായകന്‍ തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.

ഒരു പരമ്പരയില്‍ അഞ്ച് ടോസും ജയിക്കുന്ന നാലാമത്തെ നായകനെന്ന നേട്ടവും കോലിയെ കാത്തിരിക്കുന്നുണ്ട്. മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിങ് ധോനി എന്നിവരാണ് ഇക്കാര്യത്തില്‍ കോലിയുടെ മുന്‍ഗാമികള്‍. വിന്‍ഡീസിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മുമ്പ് രണ്ട് ക്യാപ്റ്റന്‍മാര്‍ എല്ലാ ടോസും ജയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഹാന്‍സി ക്രോണ്യ, ഓസ്ട്രേലിയയുടെ സ്റ്റീവ് വോ എന്നിവരാണവര്‍.

ഇതില്‍ രസകരമായ കാര്യം ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ എല്ലാ ടോസും കോലിക്ക് നഷ്ടമായിരുന്നു.

Content Highlights: Toss history awaits Virat Kohli in Thiruvananthapuram