വ്യാഴാഴ്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തിന്റെ ആരവമുയരുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് 30 വര്‍ഷം മുന്‍പ് ഇതേ ടീമുകള്‍ തമ്മില്‍ നടന്ന മത്സരമാണ്. അന്ന് യൂണിവേഴ്സിറ്റി കോളേജില്‍ ഡിഗ്രിക്കു പഠിക്കുകയായിരുന്നു ഞാന്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഒരു ഏകദിന മത്സരം വരുന്നുവെന്ന പത്രവാര്‍ത്ത കണ്ടതു മുതല്‍ അതു നേരില്‍ക്കാണണമെന്നുള്ള അതിയായ ആഗ്രഹത്തിലും ആവേശത്തിലുമായിരുന്നു ഞങ്ങള്‍ (അന്നത്തെ യുവതലമുറ).
1983-ലെ ലോകകപ്പ് വിജയിച്ചതിനുശേഷം 1984-ല്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒരു ഏകദിന മത്സരം തിരുവനന്തപുരത്തു നടന്നെങ്കിലും അന്നു മഴയാണ് കളിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം പെയ്ത മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടിവന്നു. അതിനുശേഷം തിരുവനന്തപുരത്തുകാര്‍ക്കു കിട്ടിയ ഒരു വലിയ ഭാഗ്യമായിരുന്നു വിന്‍ഡീസുമായുള്ള മത്സരം. ഏഴു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ അവസാന മത്സരമായിരുന്നു തിരുവനന്തപുരത്തേത്.
യൂണിവേഴ്സിറ്റി കോളേജിലെ ക്രിക്കറ്റ് ടീം അംഗങ്ങളായ ഞങ്ങള്‍ പത്തുപേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. എന്റെ കൂടെയുണ്ടായിരുന്ന ദിലീപ്, വിനായക്, പ്രദീപ്, മനോജ്, കെന്നത്ത് എന്നീ ടീം അംഗങ്ങളെക്കൂടാതെ വൈകുന്നേരങ്ങളിലെ പ്രാക്ടീസ് കാണാനും പ്രോത്സാഹിപ്പിക്കാനുമായി യൂണിവേഴ്സിറ്റി കോളേജിന്റെ ചരിത്രമുറങ്ങുന്ന മുത്തച്ഛന്മരങ്ങളുടെ ചോട്ടില് സ്ഥിരം സ്ഥാനംപിടിച്ചിരുന്ന ചേട്ടന്മാരായ, ഇപ്പോഴത്തെ പ്രശസ്ത സാഹിത്യകാരന്മാരായ പി.കെ.രാജശേഖരനും അന്‍വര്‍ അലിയും ആയിരുന്നു കാഴ്ചസംഘം.
അന്നത്തെ ഗാലറിയെന്നു പറഞ്ഞാല്‍ വെറും പടിക്കെട്ടു മാത്രമായിരുന്നു. ടെലിവിഷനില്‍ കണ്ട ഓര്‍മയില്‍ ഡോലക്കും ചെറിയ ചെണ്ടകളുമായിട്ടായിരുന്നു കളികാണാനെത്തിയത്. ശ്രീകാന്തും അകാലത്തില്‍ പൊലിഞ്ഞ രമണ്‍ ലംബയുമായിരുന്നു നമ്മുടെ ഓപ്പണര്‍മാര്‍. ഭീമാകാരനായ പാട്രിക് പാറ്റേഴ്സണിന്റെ ആദ്യത്തെ ബോള്‍തന്നെ ശ്രീകാന്തിന്റെ ബാറ്റിന്റെ എഡ്ജെടുത്ത് സ്ലിപ്പിലേക്കു പറന്നെങ്കിലും ഫില്‍ സിമ്മണ്‍സ് അതു വിട്ടുകളഞ്ഞു. അതോടെ ഞങ്ങള്‍ക്ക് ആശ്വാസമായി.
പിന്നീടങ്ങോട്ട് ശ്രീകാന്തിന്റെ സ്വതസിദ്ധമായ ബാറ്റിങ് വിരുന്നായിരുന്നു. ലംബ ഉടനെ പുറത്തായെങ്കിലും മൊഹീന്ദര്‍ അമര്‍നാഥുമായി ചേര്‍ന്ന് നല്ലൊരു കൂട്ടുകെട്ട് ശ്രീകാന്ത് കെട്ടിപ്പടുത്തു. സെഞ്ചുറി നേടിയ ശ്രീകാന്ത് ഉടന്‍ പുറത്തായപ്പോള്‍ റണ്‍റേറ്റ് കൂട്ടാനായി കപില്‍ദേവ് സെക്കന്‍ഡ് ഡൗണായി വന്നു. ഒരു റണ്‍സ് മാത്രമെടുത്ത കപിലിനെ വിവിയന്‍ റിച്ചാര്‍ഡ്സ് തന്റെ ഓഫ് സ്പിന്നിലൂടെ എല്‍.ബി.യില്‍ കുടുക്കി. ആരും പ്രതീക്ഷിക്കാത്ത പ്രഹരമായിരുന്നു അത്. മാത്രമല്ല, പിന്നാലെ വന്ന ക്യാപ്റ്റന്‍ രവിശാസ്ത്രിയെയും(3 റണ്‍സ്) പെട്ടെന്നു മടക്കി. അര്‍ദ്ധസെഞ്ചുറി അടിച്ച അമര്‍നാഥും(56) അസ്ഹറുദ്ദീനും(36) മാത്രമാണ് പിന്നെ ഇന്ത്യക്കുവേണ്ടി സ്കോര്‍ചെയ്തത്. 45 ഓവറില്‍ 8 വിക്കറ്റിന് ഇന്ത്യ 239 റണ്‍സ് നേടി.
വിന്‍ഡീസിന്റെ കലിപ്സോ ബാറ്റിങ്ങായിരുന്നു ഉച്ചയ്ക്കുശേഷം കണ്ടത്. ഗോര്‍ഡന്‍ ഗ്രീനിഡ്ജും സിമ്മണ്‍സും യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇന്ത്യന്‍ ബൗളര്‍മാരെ കൈകാര്യംചെയ്തു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ ചെറിയ ബൗണ്ടറികളും കടന്ന് ഗാലറികളിലേക്ക് സിക്സറുകള്‍ പറന്നു. മനീന്ദര്‍ സിങ്ങിന്റെ പന്തില്‍ കിരണ്‍മോറെ അനായാസമായ സ്റ്റമ്പിങ്ങിലൂടെ ഗ്രീനിഡ്ജിനെ(84) പുറത്താക്കിയില്ലായിരുന്നെങ്കില്‍ പത്ത് വിക്കറ്റ് വിജയം വിന്‍ഡീസ് നേടിയേനെ. മാന്‍ ഓഫ് ദ മാച്ചായ സിമ്മണ്‍സ് സെഞ്ചുറിയുമായി(104) പുറത്താകാതെ നിന്നു.
മഹാനായ വിവിയന്‍ റിച്ചാര്‍ഡ്സിന്റെ ബാറ്റിങ് നേരിട്ടുകാണാനായില്ലല്ലോ എന്ന നിരാശയായിരുന്നു ഞങ്ങള്‍ക്കു പലര്‍ക്കും. മത്സരത്തിന്റെ തലേദിവസം പരിശീലനത്തിനുശേഷം ഗ്രൗണ്ടില്‍നിന്ന് മാസ്കറ്റ് ഹോട്ടലിലേക്കു നടന്നുനീങ്ങിയ ഇന്ത്യയുടെയും വിന്‍ഡീസിന്റെയും താരങ്ങള്‍ ഞാനുള്പ്പെടെയുള്ളവര്ക്കു നിര്‍ലോഭം ഓട്ടോഗ്രാഫുകള്‍ നല്കിയതോര്ക്കുമ്പോള് ഇപ്പോഴത്തെ സുരക്ഷാകവചങ്ങള്‍ താരങ്ങളെ യഥാര്‍ത്ഥ ആസ്വാദകരില്‍നിന്ന് അകറ്റുകയാണോയെന്ന സംശയം ബാക്കിനില്ക്കുന്നു. 1988-ലെ ജനുവരി 25-ാം തീയതിയിലെ കളിയുടെ കാഴ്ചകളും മുന്നൊരുക്കങ്ങളും നിറവര്‍ണങ്ങളുടെ പൂത്തിരിയാണ് ഇന്നും മനസ്സില്‍ കത്തിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: Srikkanth's century and West Indies calypso