തിരുവനന്തപുരം: ഏകദിന പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന മത്സരത്തിന്റെ തലേന്ന് സമ്മര്‍ദങ്ങളൊന്നുമില്ലാതെ കൂളായിരുന്നു ഇരു ടീമുകളും. ഇന്ത്യയുടെ പ്രധാനതാരങ്ങളും വിന്‍ഡീസ് ടീമും ഗ്രൗണ്ടിലെ പരിശീലനം ഒഴിവാക്കി. 

നീന്തലിനും ജിമ്മിലെ പരിശീലനത്തിനുമാണ് ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ സമയം ചെലവിട്ടത്. ബാക്കി സമയം വിശ്രമിച്ചു. രവി ശാസ്ത്രി, ശിഖര്‍ ധവാന്‍, ഉമേഷ് യാദവ് എന്നിവര്‍  വൈകീട്ട് പദ്മനാഭസ്വാമി ക്ഷേത്രത്തിലും കരിക്കകം ക്ഷേത്രത്തിലും ദര്‍ശനം നടത്തി.

കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബില്‍ ബുധനാഴ്ച നടന്ന പരിശീലനത്തിന് കുറച്ചുതാരങ്ങള്‍ മാത്രമേ പങ്കെടുത്തുള്ളൂ. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ ധോനി എന്നിവരടക്കമുള്ളവര്‍ സ്റ്റേഡിയത്തിലേക്ക് വന്നില്ല. 

രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഹോട്ടലിലെ നീന്തല്‍ക്കുളത്തിലേക്കും ജിമ്മിലേക്കുമാണ് പ്രധാനതാരങ്ങള്‍ പോയത്. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലേക്ക് പോയി. ഇന്ത്യന്‍ ടീമിന്റെ ഹോം മാച്ചുകളിലെ സ്ഥിരം സാന്നിധ്യമായ ആരാധകന്‍ ബിഹാര്‍ സ്വദേശി സുധീര്‍ കുമാറും ആരവമുയര്‍ത്താന്‍ എത്തിയിട്ടുണ്ട്.

Content Highlights: ravi shastri shikhar dhawan umesh yadav visited sree padmanabha swamy temple