തിരുവനന്തപുരം: ഏകദിന മത്സരത്തലേന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ രവിശാസ്ത്രിയും കളിക്കാരും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലും കരിക്കകം ചാമുണ്ഡിദേവീ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. 

ഓപ്പണിങ് ബാറ്റ്സ്മാനായ ശിഖര്‍ ധവാനും ബൗളറായ ഉമേഷ് യാദവും പരിശീലകസംഘത്തില്‍പ്പെട്ടവരും ഒപ്പമുണ്ടായിരുന്നു. വൈകീട്ട് അഞ്ചോടെയാണ് ഇവര്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെത്തിയത്. 

ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു. ഹനുമാന്‍ പ്രതിഷ്ഠയില്‍ മുഴുക്കാപ്പിനും രവിശാസ്ത്രി പണമടച്ചു. കഴിഞ്ഞ വര്‍ഷവും ക്രിക്കറ്റ് മത്സരത്തിനു മുന്‍പ് ശാസ്ത്രിയും ധവാനും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ എത്തിയിരുന്നു. 

ഇവിടെനിന്ന് കരിക്കകം ചാമുണ്ഡി ദേവീക്ഷേത്രത്തിലേക്കാണ് സംഘം പോയത്. പഞ്ചാരിമേളത്തോടെയാണ് ഇവിടെ കളിക്കാരെ സ്വീകരിച്ചത്. ദര്‍ശനം നടത്തി പ്രസാദവും വാങ്ങിയാണ് സംഘം മടങ്ങിയത്. രക്തചാമുണ്ഡി, ബാലചാമുണ്ഡി നടതുറപ്പ് നേര്‍ച്ചയും നടത്തി.

അസിസ്റ്റന്റ് കോച്ച് ഭരത് അരുണ്‍, ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍, ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധര്‍ എന്നിവരും പരിശീലകസംഘത്തിലെ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. രണ്ട് ക്ഷേത്രങ്ങളിലും താരങ്ങളെ കാണാന്‍ വലിയ തിരക്കുമുണ്ടായിരുന്നു.


'മഹത്തായ ക്ഷേത്രസന്നിധിയില്‍ മനസ്സിന് ഊര്‍ജംനല്‍കുന്ന ആനന്ദദായകമായ ദര്‍ശനാനുഭൂതി', ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ സന്ദര്‍ശക ബുക്കില്‍ രവിശാസ്ത്രി ഇങ്ങനെ കുറിച്ചു.