തിരുവനന്തപുരം: കാത്തുകാത്തിരുന്ന് ലഭിച്ച കാര്യവട്ടം ഏകദിനത്തിന് മഴ ഭീഷണി. മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് മഴ ഭീഷണിയാകുന്നത്.

നേരത്തെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തിരുവനന്തപുരത്ത് ഇന്ന് ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ബുധനാഴ്ച വൈകീട്ട് സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇന്നലെ മഴ പെയ്യുകയും ചെയ്തു. രാവിലെയും ചാറ്റല്‍ മഴയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പിച്ചും ബൗളര്‍മാരുടെ റണ്ണപ്പിനുള്ള ഇടവും മൂടിയിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് അന്തരീക്ഷം തെളിഞ്ഞതോടെ ഇവ നീക്കം ചെയ്തു.

കാര്യവട്ടം സ്‌റ്റേഡിയത്തിന്റെ ഡ്രെയിനേജ് സംവിധാനങ്ങള്‍ മികച്ച നിലവാരത്തിലുള്ളതായതിനാല്‍ മഴ പെയ്താലും കളി തടസപ്പെടാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അഥവാ മഴ പെയ്താല്‍ ഓവറുകള്‍ വെട്ടിക്കുറച്ചും മത്സരം നടത്താനുള്ള സാധ്യതയും നിലവിലുണ്ട്.

കഴിഞ്ഞ നവംബറില്‍ ഇവിടെ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടിട്വന്റി മത്സരം മഴമൂലം തടസപ്പെട്ടെങ്കിലും എട്ടോവറാക്കി ചുക്കി മത്സരം നടത്തിയിരുന്നു. അതേസമയം വൈകീട്ട് മഴ പെയ്യാനുള്ള സാധ്യതയുണ്ടെങ്കിലും അത് മത്സരം തടസപ്പെടുത്തുന്ന രീതിയിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

Content Highlights: rain threat for karyavattom odi