ഏകദിന ക്രിക്കറ്റില്‍ ലോക റാങ്കിങ്ങില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത വര്‍ഷം മേയ് അവസാനം ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ലോകകപ്പില്‍ കിരീട പ്രതീക്ഷയുള്ളവരില് മുന്‍നിരക്കാര്‍.
വിരാട് കോലി മുന്നില്‍നിന്നു നയിക്കുന്ന ടീം ഇപ്പോഴത്തെ മത്സരങ്ങളെ ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളായാണ് കാണുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം ഒരേപോലെ മികവു പ്രകടിപ്പിക്കുന്ന ടീമില്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണുള്ളത്.
ഐ.സി.സി. ഏകദിന ബാറ്റിങ്ങില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ മൂന്നു പേര് ഇന്ത്യക്കാരാണ്. ബൗളിങ്ങില്‍ മുന്‍നിരക്കാരില്‍ രണ്ടുപേരും ഇന്ത്യന്‍ താരങ്ങളാണ്. തിരുവനന്തപുരത്ത് വിന്‍ഡീസിനെതിരേ ഇവരുടെയൊക്കെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ടീം ഇന്ത്യയിലെ ശ്രദ്ധിക്കേണ്ട താരങ്ങളെക്കുറിച്ച്.
വിരാട് കോലി
സച്ചിന് യുഗത്തില്‍ നിന്നും ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് ആയി മാറിയ താരം. ലോക ക്രിക്കറ്റില്‍ ഇന്നുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാന്. ഐ.സി.സി. ടെസ്റ്റ്-ഏകദിന ബാറ്റിങ് റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ബാറ്റു ചെയ്യുമ്പോഴും സ്കോര്‍ പിന്തുടരുമ്പോഴുമെല്ലാം ഒരേ നിലവാരത്തില്‍ കളിക്കാന്‍ കഴിയുന്ന താരം. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ആദ്യ മൂന്നു മത്സരങ്ങളിലും സെഞ്ചുറി നേടിയ കോലി ഫോമിന്റെ പാരമ്യത്തിലാണ്. റണ്ണൊഴുകുന്ന തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലെ പിച്ചിലും കോലി ബാറ്റുകൊണ്ട് ഇന്ദ്രജാലം കാണിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. 215 ഏകദിനങ്ങളില്‍ നിന്ന് 38 സെഞ്ചുറിയടക്കം 10,199 റണ്‍സ് ഇതുവരെ കോലി നേടിക്കഴിഞ്ഞു. 59.64 എന്ന മിന്നുന്ന ശരാശരിയും കോലിക്കുണ്ട്.
രോഹിത് ശര്‍മ
ഐ.സി.സി. ഏകദിന റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരന്. രോഹിത് ഫോമിലായാല്‍ ബൗളര്‍മാരുടെ റോള്‍ കാഴ്ചക്കാരുടേതാകും. കാണികള്‍ക്ക് ബാറ്റിങ് വിരുന്നും. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ഏക താരം. ഒപ്പം ഉയര്‍ന്ന സകോറിനുടമയും (264 റണ്‍സ്) ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടിയ താരമെന്ന ബഹുമതിയും രോഹിതിനുണ്ട്. ഏകദിന ക്രിക്കറ്റില്‍ 21 സെഞ്ചുറിയടക്കം 7391 റണ്‍സ് നേടിയിട്ടുണ്ട്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറിയോടെ തുടങ്ങിയ രോഹിത്തിന് അടുത്ത രണ്ടു മത്സരങ്ങളിലും മികച്ച സ്കോര്‍ കണ്ടെത്താനായില്ല. മുംബൈയിലെ നാലാം ഏകദിനത്തില്‍ അതിന് സെഞ്ചുറിയോടെ പ്രായശ്ചിത്തം ചെയ്യാന്‍ ഇന്ത്യയുടെ ഹിറ്റ്മാനായി. രോഹിത് ഫോം തുടര്‍ന്നാല്‍ കാണികള്‍ക്ക് ബാറ്റിങ് വിരുന്നിന് വകയായി.
ശിഖര്‍ ധവാന്
ബൗളര്‍മാരുടെ പേടിസ്വപ്നമാണ് ഇന്ത്യയുടെ ഇടങ്കയ്യന്‍ ഓപ്പണര്‍ 'ശിഖാരി' ധവാന്. ഏകദിന റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരന്. ആക്രമണ ബാറ്റിങ്ങിലൂടെ എതിരാളികളുടെ താളം തെറ്റിക്കാന്‍ കഴിവുള്ള ധവാന് വിന്‍ഡീസിനെതിരായ പരമ്പരയില്‍ നല്ല തുടക്കം കിട്ടിയെങ്കിലും ഇത് മികച്ച സ്കോറിലേക്കെത്തിക്കാനായിട്ടില്ല. തിരുവനന്തപുരത്ത് ഇത് ധവാന് തിരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ജസ്പ്രീത് ബുംറ
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ തുറുപ്പു ചീട്ട്. ഐ.സി.സി. ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം നമ്പറുകാരന്. അവസാന ഓവറുകളില്‍ റണ്ണൊഴുക്കു തടയുകയും യോര്‍ക്കറുകള്‍കൊണ്ട് ബാറ്റ്സ്മാന്മാരെ കുഴയ്ക്കുകയും ചെയ്യുന്ന വലങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍. ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധം ബുംറയായിരിക്കും. വിന്‍ഡീസിനെതിരായ ആദ്യ മൂന്നു മത്സരങ്ങളില്‍ ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചിരുന്നു. മുഹമ്മദ് ഷമിയും ഉമേഷ് യാദവുമടങ്ങുന്ന പേസ് നിര ആദ്യ രണ്ടു മത്സരങ്ങളിലും തിളങ്ങാതെ പോയപ്പോള്‍ ടീം മാനേജ്മെന്റിന് ബുംറയെയും ഭുവനേശ്വര്‍ കുമാറിനെയും തിരികെ വിളിക്കേണ്ടി വന്നു. പുണെയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസ് ജയിച്ചെങ്കിലും 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ബുംറയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. തിങ്കളാഴ്ച മുംബൈയില്‍ നടന്ന മത്സരത്തില്‍ വിക്കറ്റെടുത്തില്ലെങ്കിലും മികച്ച രീതിയില്‍ പന്തെറിയാനുമായി.
കുല്‍ദീപ് യാദവ്
ഐ.സി.സി. ഏകദിന ബൗളിങ് റാങ്കില്‍ മൂന്നാം സ്ഥാനക്കാരനാണ് ഈ ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്നര്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മറ്റൊരു തുറുപ്പു ചീട്ട്. കഴിഞ്ഞ കുറെ കാലങ്ങളായി കുല്‍ദീപ് യാദവ്- യുസ്വേന്ദ്ര ചഹല്‍ സഖ്യം ഏകദിന, ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.