തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന തലസ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വപ്നം കാണുന്നത് ഏകദിന പരമ്പര വിജയം. 

വ്യാഴാഴ്ച കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബില്‍ ഇന്ത്യയും വിന്‍ഡീസും  തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഫൈനലാണ്. ജയിച്ചാല്‍ ഇപ്പോള്‍ 2-1 ന്  മുന്നിട്ടുനില്‍ക്കുന്ന വിരാട് കോലിയുടെ സംഘത്തിന് ആധികാരികമായി പരമ്പര  സ്വന്തമാക്കാം.

വിന്‍ഡീസിനും പ്രതീക്ഷ ബാക്കിയുണ്ട്. ജയിക്കുന്ന പക്ഷം അവര്‍ക്ക് പരമ്പര സമനിലയിലാക്കാം. പിന്നീട് നടക്കുന്ന ട്വന്റി 20 പരമ്പരയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനും അവര്‍ക്കാവും. പരമ്പര നേടാന്‍ ഇന്ത്യയും അഭിമാന സമനിലയ്ക്കായി വിന്‍ഡീസും പൊരുതുമ്പോള്‍ ആവേശമുയരുമെന്നുറപ്പ്. ആകാശം മേഘാവൃതവും ചെറിയ മഴയ്ക്ക് സാധ്യതയുമുള്ളതായി കാലാവസ്ഥ പ്രവചനമുണ്ടെങ്കിലും കളിയെ ഇത് സാരമായി ബാധിക്കില്ല. ബുധനാഴ്ച മഴ  പെയ്തിരുന്നു. ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം.

റണ്‍ മഴ

മഴ പെയ്താലും ഇല്ലെങ്കിലും കാര്യവട്ടത്തെ പിച്ചില്‍ റണ്‍ മഴ പെയ്യുമെന്നാണ് പ്രവചനം. മുമ്പ് ഇവിടെ നടന്ന പ്രാദേശിക കളികളില്‍ റണ്ണൊഴുക്കുണ്ടായിരുന്നു. മുന്നൂറിന് മുകളില്‍ റണ്ണൊഴുകുമെന്നാണ് കണക്കുകൂട്ടല്‍.

മുന്‍തൂക്കം ഇന്ത്യക്ക്

പരമ്പരയിലെ ആദ്യ കളി തോറ്റ വിന്‍ഡീസ് രണ്ടാം മത്സരം 'ടൈ'യിലാക്കി തിരിച്ചുവരവിന്റെ സൂചന നല്‍കി. മൂന്നാം മത്സരം ജയിച്ച് അവര്‍ ഒപ്പമെത്തുകയും ചെയ്തു.

എന്നാല്‍ മുംബൈയില്‍ നടന്ന നാലാം മത്സരത്തില്‍ വമ്പന്‍ വിജയം(224 റണ്‍സ്) നേടിയ ഇന്ത്യയ്ക്കാണിപ്പോള്‍ മേല്‍ക്കൈ. മുംബൈയില്‍ രോഹിത് ശര്‍മ(162), അമ്പാട്ടി റായുഡു(100) എന്നിവരുടെ സെഞ്ചുറികളും ഇടങ്കയ്യന്‍ പേസ് ബൗളര്‍ ഖലീല്‍ അഹമ്മദ്,  ഇടങ്കയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനങ്ങളുമാണ് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 

പരമ്പരയില്‍  മൂന്നു സെഞ്ചുറികളുമായി ക്യാപ്റ്റന്‍ വിരാട് കോലി മുന്നില്‍ നിന്ന് പടനയിക്കുകയാണ്. ഇരട്ട സെഞ്ചുറിയുമായി കൂട്ടിന് 'ഹിറ്റ്മാന്‍' രോഹിത് ശര്‍മയുമുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാന് മികച്ച തുടക്കങ്ങള്‍ വമ്പന്‍ സ്‌കോറിലെത്തിക്കാന്‍ കഴിയുന്നില്ല എന്ന ദൗര്‍ബല്യം മാത്രമാണ് മുന്‍നിരയിലുള്ളത്.

റായുഡു ഫോമിലെത്തിയതോടെ മധ്യനിരയിലെ ദൗര്‍ബല്യം നീങ്ങി. ധോനിയും കേദാര്‍  ജാദവും രവീന്ദ്ര ജഡേജയുമൊക്കെ അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യയ്ക്ക് പേടിക്കിനില്ല.

ബുധനാഴ്ചത്തെ പത്രസമ്മേളനത്തില്‍ പേസ് ബൗളര്‍മാരുടെ കരുത്തിനെക്കുറിച്ച് അഭിമാനത്തോടെയാണ് ഇന്ത്യയുടെ ബൗളിങ് കോച്ച ഭരത് അരുണ്‍ സംസാരിച്ചത്. ജസ്പ്രീത് ബുംറ തിരിച്ചെത്തിയതോടെ പേസ് ബൗളിങിന് മൂര്‍ച്ചകൂടി. ഖലീലിന്റെ മാസ്മകരിക പ്രകടനം പേസ് നിരയെ കുറ്റമറ്റതാക്കുന്നു. സ്പിന്നിലും പ്രശ്‌നങ്ങളില്ല. നാലാം ഏകദിനത്തില്‍ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ ഇറക്കാനാണ് സാധ്യത.

പ്രതീക്ഷയോടെ വിന്‍ഡീസ്

ഫോമിലുള്ള കോലിയെയും രോഹിത്തിനെയുമൊക്കെ തളച്ച് മത്സരം വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ് വിന്‍ഡീസ്. വിന്‍ഡീസ് നിരയില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങളുണ്ട്. പക്ഷേ, സ്ഥിരതയാര്‍ന്ന പ്രകടനത്തിനാവാത്തതാണ് അവരെ വേട്ടയാടുന്നത്. ഷായ് ഹോപ്പും ഷിംറോണ്‍ ഹെറ്റ്‌മെയറും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. 

ഇന്ത്യന്‍ ബൗളര്‍മാരെ മെരുക്കാനുള്ള കരുത്തും അവര്‍ക്കുണ്ട്. പക്ഷേ, ഓപ്പണര്‍മാരായ ഹേമരാജിനും കൈറണ്‍ പവലിനും പരിചയസമ്പന്നനായ മര്‍ലണ്‍ സാമുവല്‍സിനും കാര്യമായി സംഭാവന ചെയ്യാന്‍ കഴിയാതെ പോകുന്നതാണ് അവരെ വലയ്ക്കുന്നത്.  ഓപ്പണര്‍മാരിലൊരാളെ മാറ്റി വെടിക്കെട്ടു ബാറ്റ്സ്മാന്‍ സുനില്‍ ആംബ്രിസിനെ ആദ്യ ഇലവനില്‍ അവര്‍ പെടുത്തിയേക്കും.

Content Highlights: india west indies odi trivandrum