കേരളപ്പിറവിദിന സമ്മാനമായി ഒരു വിജയം. ഒപ്പം പരമ്പര നേട്ടവും. തിരുവനന്തപുരത്തെ കാണികള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് വ്യാഴാഴ്ചത്തെ നിര്‍ണായക മത്സരത്തില്‍ പ്രതീക്ഷിക്കുന്നത് വീരോചിതപ്രകടനമാണ്. 

കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബില്‍ ഇന്ത്യയും വിന്‍ഡീസും ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം വാനോളമുയരും. ക്യാപ്റ്റന്‍ കോലിയുടെയും രോഹിത് ശര്‍മയുടെയുമൊക്കെ ബാറ്റുകൊണ്ട് വെടിക്കെട്ടു നടത്തുന്നതുകാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

മുപ്പതു വര്‍ഷത്തിനു ശേഷമാണ് തിരുവനന്തപുരത്ത് ഇന്ത്യയും വിന്‍ഡീസും വീണ്ടും മുഖാമുഖം വരുന്നത്. 1988 ജനുവരിയില്‍ ഇരു ടീമുകളും ആദ്യമായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം സന്ദര്‍ശകര്‍ക്കൊപ്പം നിന്നു. 

വിവിയന്‍ റിച്ചാര്‍ഡ്സിന്റെ നേതൃത്വത്തിലുള്ള വിന്‍ഡീസ് സംഘം ഒന്‍പതു വിക്കറ്റിന്റെ അനായാസ വിജയമാണ് നേടിയത്. ഇന്ത്യയെ നയിച്ച രവിശാസ്ത്രി ഇന്ന് ടീമിന്റെ കോച്ചാണ്. മുപ്പതുവര്‍ഷം മുമ്പത്തെ തോല്‍വിക്കു മറുപടി നല്‍കുകയെന്ന ലക്ഷ്യവും ഇന്ത്യന്‍ ടീമിനുണ്ട്.

കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന രണ്ടാം അന്താരാഷ്ട്ര മത്സരമാണ് വ്യാഴാഴ്ചത്തേത്. കഴിഞ്ഞവര്‍ഷം നവംബറില്‍ അരങ്ങേറിയ ട്വന്റി 20 മത്സരമായിരുന്നു ആദ്യത്തേത്. ന്യൂസീലന്‍ഡിനെതിരേയായിരുന്നു മത്സരം. ചന്നംപിന്നം പെയ്ത മഴയത്തു നടന്ന ആവേശമത്സരത്തില്‍ ഇന്ത്യ ആറു റണ്‍സിന് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ട്വന്റി 20 പരമ്പര നേടി.

തുടര്‍ച്ചയായി പെയ്ത മഴയ്ക്കുപോലും കാണികളുടെ ആവേശം കെടുത്താനായില്ല. മഴ വകവയ്ക്കാതെയാണ് കാണികള്‍ മത്സരത്തിനായി കാത്തിരുന്നത്. ഒരു അപശബ്ദംപോലും ആരുടെയും ഭാഗത്തു നിന്നുണ്ടായില്ല. മഴമാറി കളി തുടങ്ങിയതോടെ അവരുടെ ആവേശം ഇരട്ടിച്ചു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ളവര്‍ കാണികളുടെ പങ്കാളിത്തത്തെയും ഗ്രൗണ്ടിന്റെ മികവിനെയും പ്രശംസിച്ചിരുന്നു. ഇതിഹാസതാരം സുനില്‍ ഗവാസ്‌കറും സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളെ അകമഴിഞ്ഞ് പ്രശംസിച്ചിരുന്നു.
ഒരുവര്‍ഷത്തിനുശേഷം വീണ്ടും തിരുവനന്തപുരത്ത് അന്താരാഷ്ട ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ കഴിഞ്ഞവര്‍ഷത്തെ വിജയം ഇന്ത്യ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കാണികള്‍. അന്നും നിര്‍ണായക മത്സരത്തില്‍ കോലിയും സംഘവും വെന്നിക്കൊടി പാറിക്കുകയായിരുന്നു. ഇക്കുറിയും സാഹചര്യങ്ങള്‍ സമാനമാണ്.

ഇന്ത്യ 2-1-ന് മുന്നിലാണെങ്കിലും പരമ്പര ഉറപ്പിക്കണമെങ്കില്‍ ജയംതന്നെ വേണം (അല്ലെങ്കില്‍ മത്സരം ടൈ ആകണം.) 
വിന്‍ഡീസ് ജയിച്ചാല്‍ പരമ്പര സമനിലയിലാകും. ജയത്തോടെതന്നെ പരമ്പര സ്വന്തമാക്കുകയാണ് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

മുംബൈയില്‍ നടന്ന നാലാം ഏകദിനത്തിലെ വമ്പന്‍ ജയത്തോടെ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇതേ ഫോം നിലനിര്‍ത്താനായാല്‍ കോലിക്കും സംഘത്തിനും തലയുയര്‍ത്തിത്തന്നെ മടങ്ങാം. ആവേശപ്പോരിനുള്ള എല്ലാ പിന്തുണയുമായി കാണികള്‍ കൂടെയുണ്ട്.

Content Highlights: india vs west indies hosts eye final flourish to clinch series