തിരുവനന്തപുരം: ഏകദിന മത്സരം കാണാനെത്തിയവര്‍ക്ക് ലഭിച്ചത് ടിട്വന്റിയുടെ അനുഭവം. കാര്യവട്ടത്ത് നടന്ന ഇന്ത്യ-വിന്‍ഡീസ് മത്സരം കഷ്ടിച്ച് 47 ഓവര്‍ മാത്രമാണുണ്ടായിരുന്നത്. മൂന്നരമണിക്കൂറിനുള്ളില്‍ കളി അവസാനിക്കുകയും ചെയ്തു.

വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന്റെ സന്തോഷമുണ്ടെങ്കിലും കളി പെട്ടെന്ന് തീര്‍ന്നുപോയല്ലോ എന്നായിരുന്നു പലരുടെയും സങ്കടം. കളിയും സമ്മാനദാനവുമൊക്കെ കഴിഞ്ഞെങ്കിലും മറ്റു കാഴ്ചകളൊക്കെക്കണ്ട് പലരും ഗാലറികളില്‍തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ടീമുകള്‍ സ്റ്റേഡിയത്തില്‍നിന്നും മടങ്ങിയശേഷമാണ് ഇവരും പോയത്.

വിന്‍ഡീസ് ടീമിന്റെ പ്രകടനത്തെയും കാണികള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നു. കുറഞ്ഞ സ്‌കോറില്‍ വിന്‍ഡീസിനെ ഇന്ത്യ പുറത്താക്കിയപ്പോള്‍ കാണികള്‍ പക്ഷേ, അമതാഹ്ലാദം പ്രകടിപ്പിച്ചില്ല.

നീല ജേഴ്‌സിയണിഞ്ഞെത്തിയ ആരാധകര്‍ നിറഞ്ഞതോടെ ഗാലറി അക്ഷരാര്‍ഥത്തില്‍ നീലക്കടലായി. രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ബൗണ്ടറി ഷോട്ടുകള്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നു. രോഹിതിന്റെ നാലു സിക്‌സറുകളും കാണികള്‍ കൈയടികളോടെയാണ് സ്വീകരിച്ചത്. കോലി ബാറ്റിങ്ങിനെത്തിയതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു. തിരമാലകള്‍ തീര്‍ത്താണ് കാണികള്‍ ആഹ്ലാദം പങ്കുവെച്ചത്. ഇന്ത്യ 25 റണ്‍സ് പിന്നിട്ടപ്പോഴും 50 റണ്‍സ് പിന്നിട്ടപ്പോഴും ഗാലറി ആര്‍ത്തിരമ്പി.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങിയ മത്സരത്തിന്റെ ആദ്യപകുതി നാലോടെതന്നെ അവസാനിച്ചു. 32 ഓവറില്‍ വിന്‍ഡീസ് പുറത്തായതിനാല്‍ ഇടവേളയില്ലാതെ ഇന്ത്യയുടെ ബാറ്റിങ് തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ 15 ഓവറില്‍ ഇന്ത്യ ലക്ഷ്യംകാണുകയും ചെയ്തു. മൊബൈല്‍ ലൈറ്റുകള്‍ തെളിയിച്ചാണ് ഇന്ത്യയുടെ വിജയം ഗാലറികള്‍ ആഘോഷിച്ചത്.

രാവിലെ മുതല്‍തന്നെ സ്റ്റേഡിയത്തിലേക്ക് കാണികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. നാല്‍പ്പതിനായിരത്തോളംപേര്‍ കളികാണാനെത്തിയിട്ടുണ്ടാവുമെന്നാണ് കണക്ക്.

Content Highlights: india vs west indies fifth odi ended fast