കണ്ണൂര്‍: അവസാനലാപ്പിന്റെ പകുതി പിന്നിടുമ്പോഴും അഭിഷേക് മാത്യു നാലാമതായിരുന്നു. പിന്നെയുള്ള നൂറ് മീറ്ററിലെ കുതിപ്പ് അവിശ്വസനീയം... ആ കുതിപ്പില്‍ അവന്റെ സ്‌പൈക്കുകള്‍ കീറി, ഇടതുകാല്‍പ്പാദത്തില്‍നിന്ന് ചോരയൊലിച്ചു... എന്നിട്ടും, കോതമംഗലം മാര്‍ ബേസിലിന്റെ ക്യാപ്റ്റന്‍ തോല്‍ക്കാന്‍ മനസ്സില്ലാതെ സ്വര്‍ണം ഓടിപ്പിടിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ അവസാനദിവസത്തിന്റെ തുടക്കത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിന് പിന്നിലായിരുന്ന മാര്‍ ബേസിലിന്റെ അട്ടിമറി തുടങ്ങുന്നത് സീനിയര്‍ വിഭാഗം 800 മീറ്ററില്‍ പൊരുതിനേടിയ ആ സ്വര്‍ണത്തില്‍നിന്നായിരുന്നു.
കല്ലടി സ്‌കൂള്‍ ചാമ്പ്യന്മാരാകുമെന്നുറപ്പിച്ചിടത്തുനിന്നുമാണ് അഭിഷേകിലൂടെ മാര്‍ ബേസില്‍ കിരീടത്തിലേക്ക് അതിവേഗം ഓടിയടുത്തത്. അഭിഷേകിന്റെ ജയം ഒപ്പമുള്ളവര്‍ക്ക് ആവേശം പകരുന്നതായി. ഒരേസമയം നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലും ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പിലും മാര്‍ ബേസിലിന്റെ പിള്ളേര്‍ സ്വര്‍ണംനേടിയതോടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.

അഭിഷേകിന്റെ അവസാന സംസ്ഥാന സ്‌കൂള്‍ കായികമത്സരമായിരുന്നു ഇത്. സീനിയര്‍ വിഭാഗം 100 മീറ്ററില്‍ മൂന്നാം സ്ഥാനത്തേക്കും 1,500 മീറ്ററില്‍ രണ്ടാംസ്ഥാനത്തേക്കും തള്ളപ്പെട്ട അഭിഷേക് മാത്യു, എണ്ണൂറില്‍ സ്വര്‍ണംനേടുമെന്ന് ആരും കരുതിയില്ല. പരിക്കിന്റെ പിടിയില്‍നിന്ന് മോചിതനായിട്ടും അധികനാളായിരുന്നില്ല. സബ്ജൂനിയര്‍ വിഭാഗം മുതല്‍ വ്യക്തിഗത ചാമ്പ്യനായിരുന്ന അഭിഷേക്, യൂത്ത് ഏഷ്യന്‍ മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണവും ലോക സ്‌കൂള്‍ കായികമേളയില്‍ മെഡ്ലേ റിലേയില്‍ വെങ്കലവും നേടിയ താരമാണ്.
കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് മറ്റത്തില്‍ വീട്ടില്‍ മാത്യൂസിന്റെയും ലിസിയുടെയും മകനാണ്. ആറ് സംസ്ഥാന കായികമേളകളില്‍നിന്ന് 12 മെഡലുകളാണ് അഭിഷേക് ഓടിപ്പിടിച്ചത്.
Content Highlights: The turning point of Mar basil; gold earned by captain by spilling blood