കണ്ണൂര്‍: മങ്ങാട്ടുപറമ്പിലെ യൂണിവേഴ്‌സിറ്റി സിന്തറ്റിക് ട്രാക്കില്‍ എറണാകുളത്തിന്റെ കൈയില്‍ നിന്ന് കിരീടം തിരിച്ചുപിടിച്ച് പാലക്കാട്. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റാണ് നേടിയത്. അവസാന ദിവസം പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അവസാനം കിരീടം പാലക്കാടിനൊപ്പം നിന്നു. 123.33 പോയിന്റുമാണ് കോഴിക്കോട് മൂന്നാം സ്ഥാനം നേടി.

സ്‌കൂളുകളുടെ വിഭാഗത്തില്‍ മാര്‍ ബേസില്‍ എച്ച്എസ്എസ് കോതമംഗലം ആണ് ചാമ്പ്യന്‍മാര്‍. കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ സെന്റ് ജോര്‍ജ്ജിന്റെ അഭാവത്തില്‍ മാര്‍ ബേസില്‍ കുതിക്കുകയായിരുന്നു. 62.33 പോയിന്റാണ് മാര്‍ ബേസിലിന്റെ അക്കൗണ്ടിലെത്തിയത്. മാര്‍ ബേസിലിന് മികച്ച പോരാട്ടം നല്‍കിയ കല്ലടി സ്‌കൂള്‍ 58.33 പോയിന്റ് നേടി. ഉഷ സ്‌കൂളിന്റെ  കരുത്തില്‍ സെന്റ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരംപാറയ്ക്കാണ് മൂന്നാം സ്ഥാനം. 32.33 പോയിന്റാണ് കോഴിക്കോട് നിന്നുള്ള സ്‌കൂള്‍ നേടിയത്.

mar basil
മാർബേസിൽ സ്കൂൾ ടീമിന്റെ വിജയാഘോഷം

ആന്‍സി സോജനും വാങ് മയി മുഖ്‌റമും ശാരികയും മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം പൂര്‍ത്തിയാക്കി. ഈ മീറ്റോടെ വിട പറയുന്ന ആന്‍സി സോജന്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, ലോങ് ജമ്പ് എന്നിവയിലാണ് സ്വര്‍ണം നേടിയത്. മൂന്നിലും മീറ്റ് റെക്കോഡും സ്ഥാപിച്ചത് ഇരട്ടിമധുരമുള്ളതാക്കി. സബ് ജൂനിയര്‍ 100 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ് ജമ്പ് എന്നിവയിലാണ് മഖ്‌റം സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ തന്നെയാണ് ശാരികയുടേയും ട്രിപ്പിള്‍. ഉഷ സ്‌കൂളില്‍ നിന്നുള്ള ശാരിക 200, 400, 4x100 മീറ്റര്‍ വിഭാഗത്തില്‍ ഒന്നാമെത്തി. സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയില്‍ വയനാട് ജില്ല 18 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തുന്നതിനും ഈ കായികോത്സവം സാക്ഷിയായി.

 

Live Blog​

 

Content Highlights: State School Athletic Meet 2019, Day 4