പുഴുങ്ങിയ മുട്ട, റോബസ്റ്റ പഴം, ഇളം ചൂടും മധുരവുമുള്ള പാല്‍...ഒപ്പം ഇടിയപ്പമോ ഇഡ്ഡലിയോ പുട്ടോ ഉണ്ടാകും. ഉച്ചയ്ക്ക് ചോറും സാമ്പാറും കൂട്ടുകറിയും ഉപ്പേരിയും പായസവും. ഒന്നാം ദിവസം സ്പെഷ്യല്‍ ആയി മീന്‍ പൊരിച്ചതാണെങ്കില്‍ അടുത്ത ദിവസം കോഴിക്കറിയാകും. വൈകുന്നേരം ചായയും ചെറുകടിയും. രാത്രി ചോറും എന്തെങ്കിലും നോണ്‍ വെജ് കറിയും.സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ ഭക്ഷണത്തിന് കഴിച്ചവരെല്ലാം സ്വര്‍ണമെഡല്‍ കൊടുക്കുന്നു.
പ്രാതലിന് ഒരു ദിവസം ചെലവാകുന്നത് മൂവായിരത്തോളം മുട്ടയും പഴവുമാണ്. പാല്‍ ആകട്ടെ, 400 ലിറ്ററും. കണക്കു നോക്കിയാല്‍ നാലുദിവസത്തേക്ക് ആകെ ചെലവാകുന്നത് 12000 വീതം മുട്ടയും പഴവും 1600 ലിറ്റര്‍ പാലുമാണ്!
പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കീഴിലുള്ള അഞ്ചിലധികം പാചകക്കാരാണ് കണ്ണൂര്‍ മങ്ങാട്ടുപറമ്പിലെ യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന കായികോത്സവത്തിന് ഭക്ഷണം തയ്യാറാക്കുന്നത്. 18 ലക്ഷം രൂപയാണ് നാല് ദിവമായി നടക്കുന്ന മേളയുടെ ഭക്ഷണച്ചെലവ്. ഒരു ദിവസം അത്ലറ്റുകളും കോച്ചിങ് സ്റ്റാഫുകളും ഗ്രൗണ്ട് സ്റ്റാഫുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ മൂവായിരത്തോളം ആളുകളാണ് ഒരു നേരം തന്നെ ഭക്ഷണം കഴിക്കാനെത്തുന്നത്.
ആദ്യ രണ്ടു ദിവസങ്ങളില്‍ 3500-ഓളം ആളുകളുണ്ടായിരുന്നു. മൂന്നാം ദിവസമായപ്പോള്‍ ആളുകളുടെ എണ്ണം കുറഞ്ഞെന്ന് ഫുഡ് കമ്മിറ്റി കണ്‍വീനറും കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയുമായ കെ.കെ പ്രകാശന്‍ പറയുന്നു. കെ.എസ്.ടി.എയുടെ ഫുഡ് സബ് കമ്മിറ്റിയും വിവിധ സ്‌കൂളുകളിലെ എന്‍.എസ്.എസ് വൊളന്റിയര്‍മാരുമാണ് ഭക്ഷണം വിളമ്പുന്നത്. ഇവര്‍ക്ക് വിളമ്പുന്നതിനിടയില്‍ ഒന്നു വൃത്തിയാക്കാന്‍ പോലും നേരം കിട്ടാറില്ല.
രാവിലെ ആറു മണിക്ക് തുടങ്ങുന്ന പ്രാതല്‍ ഏകദേശം 11 മണി വരെയുണ്ടാകും. 11.30ന് ഉച്ചഭക്ഷണം കൊടുത്തുതുടങ്ങും. ഇത് നാല് മണി വരെ നീളാറുണ്ട്. അര മണിക്കൂറിന് ശേഷം വൈകുന്നേരത്തെ ചായ കൊടുത്തുതുടങ്ങും. ആറു മണി വരെ ചായയുണ്ടാകും. 7.30ന് രാത്രി ഭക്ഷണം കൊടുക്കാന്‍ തുടങ്ങും. ഇതു ഒമ്പത് മണി വരെയൊക്കെ നീളും. ചുരുക്കിപ്പറഞ്ഞാല്‍ രാവിലെ ആറു മണിക്കു തുടങ്ങുന്ന ഭക്ഷണ പരിപാടി അവസാനിക്കാന്‍ രാത്രി ഒമ്പത് മണിയാകും. കെ.കെ പ്രകാശന്‍ പറയുന്നു.
Content Highlights: Pazhayidam Namboothiri makes food for 3000 plus people in State School Athletic Meet 2019