കണ്ണൂര്‍: കായികമേളയില്‍ വെള്ളിമെഡല്‍ നേടിയ മുത്തുരാജിന് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ ഇടപെടല്‍. 'ഈ മുത്തിനുവേണ്ടത് മെഡലല്ല, ജാതിസര്‍ട്ടിഫിക്കറ്റ്' എന്ന തലക്കെട്ടില്‍ ചൊവ്വാഴ്ച മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടതിനെത്തുടര്‍ന്നാണ് മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്.
ജൂനിയര്‍ വിഭാഗം അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളിമെഡല്‍ ജേതാവാണ് കണ്ണൂര്‍ എളയാവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ മുത്തുരാജ്. അമ്മിക്കല്ല് വിറ്റും കൂലിപ്പണിയെടുത്തും കഴിയുന്ന തമിഴ്‌നാട്ടുകാരായ എന്‍.ശേഖരന്റെയും വെള്ളയമ്മയുടെയും മകനാണ് മുത്തുരാജ്.
മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തമിഴ് വെല്‍ഫെയര്‍ അസോസിയേഷന്‍
മുത്തുരാജിന്റെ ജാതിസര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തില്‍ ഇടപെടാന്‍ ഓള്‍ കേരള തമിഴ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കും. 'ചെട്ട്യാന്‍' എന്ന ജാതി കേരളത്തില്‍ ഇല്ലെന്ന വില്ലേജ് ഓഫീസറുടെ വാദം ശരിയല്ലെന്ന് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ചെട്ടി മഹാസഭ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.വീരപ്പന്‍ ചെട്ട്യാര്‍, എ.ആര്‍.നാരായണന്‍, കെ.വിജയന്‍, മണികണ്ഠന്‍ കറുകോടി, ടി.എം.സുരേഷ്ബാബു എന്നിവരുമായി തമിഴ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ഗുരുവായൂരപ്പന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇടപെടാനുള്ള തീരുമാനം. മുത്തുരാജിന്റെ അവസ്ഥ അധികാരികളുടെ മുന്നിലെത്തിക്കാന്‍ ശ്രദ്ധേയമായ രീതിയില്‍ വാര്‍ത്തയവതരിപ്പിച്ച 'മാതൃഭൂമി'യെയും റിപ്പോര്‍ട്ടര്‍ ടി.ജെ.ശ്രീജിത്തിനെയും തമിഴ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.
മുത്തുരാജിന്റെ ജാതിയായ 'ചെട്ട്യാന്‍' കേരളത്തിലെ വിവിധ സമുദായങ്ങളില്‍ ഉള്‍പ്പെടുന്നില്ല; അതാണ് വില്ലേജ് ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്. ഇതിന് എന്താണ് പരിഹാരമെന്ന് നിര്‍ദേശിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Caste certificate issue of Muthuraj who won silver in 5000 metres race walk State School Athletic Meet 2019