കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ മികച്ച താരങ്ങള്‍ക്കുള്ള മാതൃഭൂമിയുടെ പുരസ്‌കാരം ആന്‍സി സോജനും സൂര്യജിത്തിനും. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നു മീറ്റ് റെക്കോഡോടെ ട്രിപ്പിള്‍ സ്വര്‍ണം നേടിയ ആന്‍സി ഈ കായികോത്സവത്തിന്റെ താരമാണ്. മീറ്റിലെ വേഗരാജാവാണ് സൂര്യജിത്ത്. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലും 110 മീറ്റര്‍ ഹര്‍ഡില്‍സിലും സൂര്യജിത്ത് ഒന്നാമതെത്തി.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, ലോങ് ജമ്പ് എന്നിവയിലാണ് ആന്‍സിയുടെ സ്വര്‍ണനേട്ടം. ഗവണ്‍മെന്റ് ഫിഷറീസ് എച്ച്.എസ്.എസ് നാട്ടികയിലാണ് ആന്‍സി പഠിക്കുന്നത്. സൂര്യജിത്ത് പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ്.
100 മീറ്ററിലും 200 മീറ്ററിലും 2015-ല്‍ ജിസ്‌ന മാത്യു സ്ഥാപിച്ച റെക്കോഡാണ് ആന്‍സി മറികടന്നത്. ലോങ് ജമ്പില്‍ ആറു മീറ്റര്‍ ദൂരം പിന്നിട്ട് 2012ല്‍ ജെനിമോള്‍ ജോയ് സ്ഥാപിച്ച 5.91 മീറ്ററിന്റെ റെക്കോഡും പഴങ്കഥയാക്കി.
Content Highlights: Kerala State School Games Athletics Ancy Sojan Suryajith Mathrubhumi Award