കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവം മൂന്നാം ദിനം പിന്നിടുമ്പോള്‍ പാലക്കാട് ജില്ല മുന്നേറ്റം തുടരുന്നു. 153.33 പോയിന്റാണ് പാലക്കാടിന്റെ അക്കൗണ്ടിലുള്ളത്. 129.33 പോയിന്റുമായി എറണാംകുളം രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് പോയിന്റ് നിലയില്‍ ഏറെ പിന്നിലാണ്. 75 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോഴിക്കോടിന്റെ അക്കൗണ്ടിലുള്ളത് 84.33 പോയിന്റാണ്.
മികച്ച സ്‌കൂള്‍ ആകാനുള്ള മത്സരത്തില്‍ പാലക്കാട് കല്ലടി സ്‌കൂള്‍ ആണ് മുന്നില്‍. കല്ലടി 48.33 പോയിന്റ് നേടിയപ്പോള്‍ മാര്‍ ബേസില്‍ തൊട്ടുപിന്നിലുണ്ട്. 46.33 പോയിന്റാണ് എറണാംകുത്തെ ഈ ചാമ്പ്യന്‍ സ്‌കൂളിനുള്ളത്. 26 പോയിന്റുമായി ബി.ഇ.എം.എച്ച്.എസ് പാലക്കാട് ആണ് മൂന്നാം സ്ഥാനത്ത്.
തൃശൂര്‍ ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസിലെ വിദ്യാര്‍ഥിയും മണിപ്പൂരി താരവുമായ വാങ് മയൂം മുഖ്‌റം ട്രിപ്പിള്‍ സ്വര്‍ണം നേടി എന്നതാണ് മൂന്നാം ദിനത്തിലെ ഹൈലൈറ്റ്. സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തിലും ലോങ് ജമ്പിലും സ്വര്‍ണം നേടിയിരുന്ന മുഖ്‌റം മൂന്നാം ദിനം 80 മീറ്റര്‍ ഹര്‍ഡില്‍സിലും ഒന്നാമതെത്തി. ഇതോടെ ഈ മീറ്റിലെ ആദ്യ ട്രിപ്പിളിന് അവകാശിയായി ഈ മണിപ്പൂരി താരം.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 4X100 റിലേയില്‍ പുതിയ മീറ്റ് റെക്കോഡ് പിറക്കുന്നതിനും കാണികള്‍ സാക്ഷിയായി. 18 വര്‍ഷത്തെ മീറ്റ് റെക്കോഡ് തിരുത്തി വയനാട് ജില്ലയാണ് ഒന്നാമതെത്തിയത്. 47.44 സെക്കന്റില്‍ ടീം ഫിനിഷിങ് ലൈന്‍ തൊട്ടു. ഇതോടെ 18 വര്‍ഷം മുമ്പ് തിരുവനന്തപുരം ടീം സ്ഥാപിച്ച 47.60 സെക്കന്റിന്റെ റെക്കോഡ് ആണ് പഴങ്കഥയായത്.
ഇതുവരെ 15 മീറ്റു റെക്കോഡുകളാണ് കായികോത്സവത്തില്‍ പിറന്നത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ ഹെനിന്‍ എലിസബത്, ഡിസ്‌കസ് ത്രോയില്‍ സെര്‍വന്‍ കെ.സി, 400 മീറ്ററില്‍ ശാരിക സുനില്‍ കുമാര്‍, 4X100 മീറ്റര്‍ റിലേ ടീം, ജൂനിയര്‍ വിഭാഗത്തില്‍ ഡിസ്‌ക്‌സ് ത്രോയില്‍ ബ്ലെസി ദേവസ്യ, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പ്രതിഭാ വര്‍ഗീസ് സീനിയര്‍ വിഭാഗത്തില്‍ ജാവലിന്‍ ത്രോയില്‍ തലീത സുനില്‍, 3 കിമീ നടത്തത്തില്‍ നന്ദന ശിവദാസ്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അര്‍ജുന്‍ കെയും രോഹിത് എയും, ജാവലിന്‍ ത്രോയില്‍ ജിബിന്‍ തോമസ്, ലോങ് ജമ്പില്‍ ആന്‍സി സോജനും പ്രഭാവതിയും,100 മീറ്ററില്‍ ആന്‍സി സോജന്‍, ലോങ് ജമ്പില്‍ ജോസഫ് എന്നിവരാണ് മീറ്റ് റെക്കോഡ് സൃഷ്ടിച്ചത്.
Content Highlights: Kerala State School Games Athletics