കണ്ണൂര്‍: പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറിയിലെ സൂര്യജിത്താണ് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ ഏറ്റവും വേഗമേറിയ താരം. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലാണ് സൂര്യജിത്ത് സ്വര്‍ണം നേടിയത്. തൃശൂര്‍ നാട്ടിക ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആന്‍സി സോജനാണ് മീറ്റിലെ ഏറ്റവും വേഗമേറിയ പെണ്‍കുട്ടി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 12.05 സെക്കന്‍ഡ് എന്ന റെക്കോഡ് സമയത്താണ് ആന്‍സി ഫിനിഷ് ചെയ്തത്. ആന്‍സിയുടെ ഈ മീറ്റിലെ രണ്ടാം സ്വര്‍ണമാണിത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പിലും ആന്‍സി സ്വര്‍ണം നേടിയിരുന്നു.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ആന്‍ റോസ് ടോം 12.43 സെക്കന്‍ഡില്‍ വെള്ളിയും കോട്ടയം സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.ഡി. അഞ്ജലി 12.50 സെക്കന്‍ഡില്‍ വെങ്കലവും നേടി.

സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 11.023 സെക്കന്‍ഡിലാണ് സൂര്യജിത്ത് ഫിനിഷ് ചെയ്തത്. സായിയിലെ ആകാശ് 11.029 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് കെ.എച്ച്.എസ്. കുമരംപുത്തൂരിലെ മുഹമ്മദ് എസ്.എച്ച്. 11.14 സെക്കന്‍ഡില്‍ വെങ്കലവും നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ ജി താര സ്വര്‍ണം നേടി. കോഴിക്കോടിന്റെ ജെ.എസ്.നിവേദ്യ വെള്ളിയും തിരുവനന്തപുരത്തിന്റെ സ്‌നേഹ ജേക്കബ് വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ കോട്ടയത്തിന്റെ സാന്ദ്രമോള്‍ സാബു സ്വര്‍ണം നേടി. കോട്ടയം പൂഞ്ഞാർ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Content Highlights: Kerala State School Games 100 meter Athletics Suryahith Ancy Sojan