കണ്ണൂർ: സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ ലിജി മത്സരിക്കാനിറങ്ങുമ്പോള്‍ മീറ്ററുകള്‍ക്കിപ്പുറത്ത് സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിനുള്ള തയ്യാറെടുപ്പിലായിരുന്നു ബ്ലെസി കുഞ്ഞുമോന്‍. ഇരുവരും സ്വര്‍ണം നേടണേ എന്ന് യേശുവിനോട് കൈകൂപ്പി പ്രാർഥിച്ച് ഗ്രൗണ്ടിന് ചുറ്റും കെട്ടിയ സുരക്ഷാ വലയ്ക്കരികില്‍ ഒരു അമ്മയും കാത്തിരിപ്പുണ്ടായിരുന്നു. ആദ്യം അവസാനിച്ചത് ലിജിയുടെ മത്സരമാണ്. ആന്‍സി മോള്‍ എന്ന് പേരുള്ള ആ അമ്മയുടെ പ്രാര്‍ഥന ദൈവം കേട്ടു. 24.59 മീറ്റര്‍ ദൂരം ഡിസ്‌കസ് പായിച്ച് ലിജി സാറ മാത്യു സ്വര്‍ണം നേടി. തൊട്ടുപിന്നാലെ ബ്ലെസിയുടെ സ്വര്‍ണവുമെത്തി. 3.10 മീറ്റര്‍ ഉയരം പിന്നിട്ട് പോള്‍വാള്‍ട്ടില്‍ സംസ്ഥാന മീറ്റിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ബ്ലെസി.
'എടീ..ബ്ലെസിയേ' എന്നു ലിജി നീട്ടി വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൂരമേ രണ്ടുപേരുടേയും വീടുകള്‍ തമ്മിലുള്ളു. ഇരുവരും പഠിക്കുന്നത് ഒരേ സ്‌കൂളിലും പരിശീലനം നേടുന്നത് ഒരേ പരിശീലകന്റെ കീഴിലും. എറണാകുളത്തെ ജിവിഎച്ച്എസ് മണീടിലാണ് ബ്ലെസിയും ലിജിയും പഠിക്കുന്നത്. ഇരുവരേയും പരിശീലിപ്പിക്കുന്നത് കോച്ച് ചാള്‍സും. ഏഴാം ക്ലാസ് മുതല്‍ ഓട്ടം തുടങ്ങിയ ബ്ലെസിയുടെ കഴിവ് തിരിച്ചറിഞ്ഞ അമ്മ ആന്‍സി, ചാള്‍സിന് കീഴില്‍ മകളെ പരിശീലനത്തിന് അയക്കുകയുമായിരുന്നു. പിന്നാലെ ലിജിക്കും ആന്‍സി മോള്‍ അമ്മയായി. ബ്ലെസിയെപ്പോലെ ലിജിക്കും ആന്‍സി വഴികാണിച്ചുകൊടുത്തു. അങ്ങനെ ലിജിയും ചാള്‍സിന് കീഴില്‍ പരിശീലനം തുടങ്ങി. പാലക്കാട് തച്ചമ്പാറയിലാണ് രണ്ടുപേരുടേയും വീട്. കഴിഞ്ഞ പ്രളയകാലത്ത് പാലക്കയം പുഴ കര കവിഞ്ഞൊഴുകി ലിജിക്ക് വീട് നഷ്ടപ്പെട്ടെന്നും ഇനി കുടുംബത്തിന്റെ പ്രതീക്ഷ മുഴുവന്‍ ലിജിയുടെ നേട്ടങ്ങളിലാണെന്നും ആന്‍സി പറയുന്നു.

ഫോട്ടോ: കൃഷ്ണ പ്രദീപ്
ലിജിക്ക് ഇത് ആദ്യ സ്‌കൂള്‍ മീറ്റ് ആണെങ്കില്‍ ബ്ലെസി മീറ്റില്‍ പോള്‍വാള്‍ട്ടുമായി ഇറങ്ങിയിട്ട് മൂന്നു വര്‍ഷമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പോള്‍വാള്‍ട്ടിലെ ദേശീയ റെക്കോഡുകാരി നിവ്യ ആന്റണിയുടെ നിഴലിലായിരുന്നു ബ്ലെസി. എന്നാല്‍ ഇത്തവണ 3.10 മീറ്റര്‍ ഉയരം പിന്നിട്ട് ബ്ലെസി സ്വര്‍ണം കഴുത്തിലണിഞ്ഞു. വെള്ളി പങ്കിട്ട മൂന്നു പേരും 2.70 മീറ്റര്‍ ഉയരമേ പിന്നിട്ടിട്ടുള്ളൂവെന്നും ഇതോടൊപ്പം കൂട്ടിവായിക്കണം.

ബ്ലെസി കുഞ്ഞുമോൻ. ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
2017-ല്‍ ജൂനിയര്‍ തലത്തില്‍ മത്സരിക്കുമ്പോള്‍ പോഡിയത്തില്‍ ഇടം നേടാതിരുന്ന ബ്ലെസി കഴിഞ്ഞ തവണ സീനിയര്‍ തലത്തില്‍ വെള്ളി നേടി. അന്ന് നിവ്യക്ക് പിന്നില്‍ 2.90 മീറ്റര്‍ ഉയരമാണ് ബ്ലെസി പിന്നിട്ടത്. പക്ഷേ കണ്ണൂരും തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനാവത്തില്‍ ബ്ലെസിക്ക് നിരാശയുണ്ട്. ഗുണ്ടൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ 3.15 മീറ്റര്‍ ഉയരം മറികടന്നിരുന്നു.
Content Highlights: State School Games Blessy liJi Kunjumon