കണ്ണൂര്‍: 63-ാമത് സംസ്ഥാന കായികോത്സവം നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മൈതാനത്ത് ഇറങ്ങി നടന്നാല്‍ ഓരോ ഇനങ്ങള്‍ നടക്കുന്നിടത്തും കായികോത്സവത്തിന്റെ വെള്ളയും നീലയും ജേഴ്‌സി ധരിച്ച ഒരു കട്ടിമീശക്കാരനെ കാണാം. രാവിലെ ആദ്യ ഇനം മുതല്‍ വൈകീട്ട് അവസാന ഇനം നടക്കുന്നതുവരെ തന്റെ കാനോണ്‍ 6 ഡി മാര്‍ക്ക് ടു ക്യാമറയും കൊണ്ട് താരങ്ങളുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാന്‍ അദ്ദേഹം ഈ മൈതാനത്ത് കാണും. പൊരിവെയിലൊന്നും തന്നെ തൊട്ടുനോക്കുന്നുപോലുമില്ലെന്ന് ചിരിയെ ആ കട്ടിമീശയ്ക്കിടയിലൊതുക്കി അദ്ദേഹം പറയുന്നു.
ഇത് സോജന്‍ ഫിലിപ്പ്, കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ സ്വദേശി. ദേശം കണ്ണൂരായതുകൊണ്ടല്ല സോജന്‍ ഇവിടെ ക്യാമറയും കൊണ്ട് നടക്കുന്നത്. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറാണ്. ഒപ്പം കേരള അത്‌ലറ്റിക് അസോസിയേഷന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറും. കാസര്‍കോട് ജി.എച്ച്.എസ്.എസ് മാലോത്ത് കസബയിലെ കായികാധ്യാപകനും കൂടിയാണ്. ഇന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ കായികതാരങ്ങളുടെ ചിത്രങ്ങള്‍ക്കായി സമീപിക്കുന്നത് ഇദ്ദേഹത്തെയാണ്.
400 മീറ്റര്‍ ഹര്‍ഡില്‍സ് താരമായിരുന്ന സോജന്‍, 1992-ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹര്‍ഡില്‍സ് ചാമ്പ്യനുംകൂടിയായിരുന്നു. 2002 മുതല്‍ പരിശീലന രംഗത്തുള്ള സോജന് ഫോട്ടോഗ്രഫി എന്നത് അത്രയും പ്രിയപ്പെട്ട ഒന്നാണ്. പണ്ടു മുതലേ പരിശീലിപ്പിക്കുന്ന കുട്ടികളുടെ മത്സരചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. പിന്നീട് അത് ഒരു ശീലമായി. ആദ്യ ക്യാമറ നിക്കോണിന്റെ ഡി 300 ആയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഓര്‍മ.
കേരളത്തിലെ മാത്രമല്ല എല്ലാ സംസ്ഥാനത്തെ മീറ്റുകളിലും പോയി അവിടത്തെ താരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സോജന്റെ പതിവാണ്. 2015 തൊട്ടാണ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫി സീരിയസായി കാണുന്നത്. 2017-ല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറുമായി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ നടക്കുന്ന എല്ലാ ദേശീയ അത്‌ലറ്റിക് മീറ്റുകളും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയയ്ക്കായി കവര്‍ ചെയ്യുന്നത് സോജനാണ്. ഒഡിഷയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെയും അതിനുശേഷം നടന്ന എല്ലാ സീനിയര്‍ ജൂനിയര്‍ മീറ്റുകളിലെയും താരങ്ങളുടെ ഭാവങ്ങള്‍ സോജന്റെ ക്ലിക്കുകളില്‍ പതിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ നടന്ന എല്ലാ ദേശീയ മീറ്റുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
2002-ല്‍ കാസര്‍കോട് ജില്ലയിലെ ജി.എച്ച്.എസ്.എസ് കമ്പല്ലൂരിലാണ് അദ്ദേഹത്തിന്റെ കായികാധ്യാപനത്തിന് തുടക്കം. സോജന്‍ പരിശീലിപ്പിച്ച ഈ സ്‌കൂളിലെ വിവിധ ബാച്ചുകളിലെ 46 കുട്ടികള്‍ കേരളത്തിന്റെ ഹാന്‍ഡ്‌ബോള്‍ ടീമില്‍ കളിച്ചിട്ടുണ്ട്. അതില്‍ രണ്ടുപേര്‍ ഇന്ത്യയ്ക്കായി സീനിയര്‍ ടീമിലും കളിച്ചു. തായ്‌ലന്‍ഡില്‍ നടന്ന ബീച്ച് ഏഷ്യന്‍ ഗെയിംസില്‍ കളിച്ച നീതു കെ.വി, സാഫ് ഗെയിംസില്‍ പങ്കെടുത്ത രഞ്ജിനി എന്നിവര്‍ സോജന്റെ ശിഷ്യരാണ്. 2012 വരെ കമ്പല്ലൂരില്‍ തുടര്‍ന്ന അദ്ദേഹം പിന്നീട് ജി.എച്ച്.എസ്.എസ് മാലോത്ത് കസബയിലേക്ക് മാറുകയായിരുന്നു.
ഇന്ത്യയുടെ സ്പ്രിന്റര്‍ ഹിമാ ദാസ്, ജാവലിന്‍ താരം നീരജ് ചോപ്ര എന്നിവരുടെ തുടക്കകാലത്തെ പ്രകടനങ്ങളടക്കം സോജന്റെ ശേഖരത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിന് പാട്യാലയിലെ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് മത്സരത്തിനിടെ മലയാളി താരം രഞ്ജിത്ത് മഹേശ്വരി പരിക്കേറ്റ് വീണത് സോജന്റെ ക്യാമറ കണ്ണിനു മുന്നിലേക്കായിരുന്നു. രഞ്ജിത്തിന്റെ വേദനയും കണ്ണീരും പകര്‍ത്തിയത് പിന്നീട് തന്നെ ഏറെക്കാലം വേട്ടയാടിയിരുന്നുവെന്നും സോജന്‍ പറയുന്നു.
Content Highlights: Kerala State School Games Athletics Photographer Sojan Ranjith Maheshwari