കണ്ണൂര്‍: മാങ്ങാട്ടുപറമ്പിലെ യൂണിവേഴ്‌സിറ്റി സിന്തറ്റിക് ട്രാക്കിലെ താരമായി ആന്‍സി സോജന്‍. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ട്രിപ്പിള്‍ മീറ്റ് റെക്കോഡോടെ ട്രിപ്പിള്‍ സ്വര്‍ണം നേടിയാണ് ആന്‍സി താരമായത്.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീറ്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ആന്‍സി തന്നെ. ലോങ് ജമ്പ്, 100, 200 മീറ്ററുകളിലാണ് ആന്‍സി മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയത്. തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയായ ആന്‍സിക്ക് തന്റെ അവസാന മീറ്റ് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒന്നായി.
100 മീറ്ററില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കായികോത്സവത്തിലെ വേഗറാണിയായ ആന്‍സി മീറ്റ് റെക്കോഡ് തിരുത്തിയാണ് സ്വര്‍ണം നേടിയത്. 12.05 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആന്‍സി 2015-ല്‍ ജിസ്‌ന മാത്യു സ്ഥാപിച്ച സ്ഥാപിച്ച 12.08 സെക്കന്‍ഡിന്റെ റെക്കോഡാണ് മറികടന്നത്.
ആദ്യ ദിനം ലോങ് ജമ്പിലും ആന്‍സി മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. 2012-ല്‍ ജെനിമോള്‍ ജോയ് സ്ഥാപിച്ച 5.91 സെക്കന്‍ഡിന്റെ റെക്കോഡാണ് ആന്‍സി 6.24 ആക്കി തിരുത്തിയത്. അവസാന ദിനം നടന്ന 200 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തിലും മീറ്റ് റെക്കോഡോടെ ആന്‍സി ഒന്നാമതെത്തി. 2015-ല്‍ ജിസ്‌ന മാത്യു സ്ഥാപിച്ച 24.76 സെക്കന്‍ഡിന്റെ റെക്കോഡാണ് ആന്‍സി തിരുത്തിയെഴുതിയത്.
2018-ല്‍ തിരുവനന്തപുരത്ത് നടന്ന മേളയില്‍ ആന്‍സി ഇരട്ട സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. 100 മീറ്ററിലും 200 മീറ്ററിലുമായിരുന്നു ആന്‍സിയുടെ നേട്ടം. അന്ന് ലോങ് ജമ്പില്‍ പ്രഭാവതിക്കു പിന്നില്‍ രണ്ടാമതായിരുന്നു ആന്‍സി.
Content Highlights: Kerala State School Games Athletics