തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം കിരീടത്തിലേക്ക്. 69 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 സ്വര്‍ണമടക്കം എറണാകുളത്തിന് 192 പോയന്റുണ്ട്. പാലക്കാട് (130 പോയന്റ്) രണ്ടാമതും കോഴിക്കോട് മൂന്നാം (77 പോയന്റ്) സ്ഥാനത്തുമാണ്. 

സ്‌കൂളുകളില്‍, 55 പോയന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് മുന്നിലെത്തി. അയല്‍ക്കാരും നിലവിലെ ചാമ്പ്യനുമായ മാര്‍ ബേസില്‍ 44 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. 

രണ്ടാംദിനമായ ശനിയാഴ്ച രണ്ട് മീറ്റ് റെക്കോഡ് പിറന്നു. ഇതോടെ ആകെ റെക്കോഡുകള്‍ നാലായി. 4x100 മീറ്റര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ തിരുവനന്തപുരം ടീമും (43.85 സെക്കന്‍ഡ്) സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ എറണാകുളം മാതിരപ്പള്ളി എം.എ. കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സാന്ദ്രാ ബാബുവും (12.81 മീറ്റര്‍) റെക്കോഡിന് ഉടമയായി. 2017-ല്‍ എറണാകുളം ടീം സ്ഥാപിച്ച (43.88 സെ.) റെക്കോഡാണ് റിലേ ടീം തിരുത്തിയത്. സാന്ദ്രാ ബാബു, 2012-ല്‍ ജെനിമോള്‍ ജോയി സ്ഥാപിച്ച (12.78 മീ.) ദൂരം മറികടന്നു. മീറ്റിന്റെ ഒന്നാം ദിനം ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സാന്ദ്ര എ.എസും ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ മുഹമ്മദ് ബാസിമും മീറ്റ് റെക്കോഡ് നേടിയിരുന്നു.

ശനിയാഴ്ച ആറു താരങ്ങള്‍ ഇരട്ടസ്വര്‍ണത്തിന് അര്‍ഹരായി. നാട്ടിക സ്‌കൂളിലെ ആന്‍സി സോജനും തിരുവനന്തപുരം സായിയിലെ സി.അഭിനവും അതിവേഗക്കാരായി. ശനിയാഴ്ചത്തെ മുഖ്യ ആകര്‍ഷണമായിരുന്ന 4X100 മീറ്റര്‍ റിലേയില്‍ കോട്ടയം രണ്ടു സ്വര്‍ണം നേടിയപ്പോള്‍ പാലക്കാടിനും എറണാകുളത്തിനും മോഹിച്ച നേട്ടമുണ്ടാക്കാനായില്ല. എറണാകുളം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഓരോ സ്വര്‍ണം വീതം പങ്കിട്ടെടുത്തു. ഞായറാഴ്ച 27 ഫൈനലുണ്ട്. വൈകീട്ട് സമാപിക്കും.

Content Highlights: State School Sports Meet 2018 Records