കൊച്ചി: ''പ്രളയത്തിന്റെപേരില്‍ എന്തിനാണ് ഈ കുരുന്നുകളുടെ ഭാവി നുള്ളിക്കളയുന്നത്? കത്തുന്ന വെയിലില്‍ കഷ്ടപ്പെട്ട് നേടിയ ഇവരുടെ അധ്വാനത്തെ എന്തിനാണ് നിസ്സാരവത്കരിക്കുന്നത്?'' നട്ടുച്ചവെയിലില്‍ കത്തിനില്‍ക്കുന്ന ട്രാക്കിനരികില്‍ നെറ്റിയില്‍നിന്ന് ഇറ്റുവീഴുന്ന വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട് മാര്‍ബേസില്‍ സ്‌കൂളിലെ കായികാധ്യാപിക ഷിബി പറഞ്ഞ വാക്കുകളില്‍ ഒരുപാടുപേരുടെ സങ്കടങ്ങളുണ്ട്.

വെട്ടിച്ചുരുക്കി നടത്തുന്ന ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള ഒട്ടേറെ കുരുന്നുപ്രതിഭകളെ കണ്ണീരിലാഴ്ത്തും. മേള തുടങ്ങാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ അവസാന നിമിഷമെങ്കിലും സര്‍ക്കാര്‍ മനസ്സുമാറ്റുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍. തിരുവനന്തപുരത്ത് 26 മുതല്‍ 28 വരെയാണ് മേള.

പ്രധാന സങ്കടങ്ങള്‍

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങളോടെ നടത്താനൊരുങ്ങുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രധാന സങ്കടം കുട്ടികളുടെ എണ്ണം വെട്ടിക്കുറച്ചതാണ്. ജില്ലാ മേളയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മുമ്പ് സംസ്ഥാനമേളയില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടായിരുന്നു. ഇത്തവണ ജില്ലയില്‍നിന്ന് ഒരിനത്തില്‍ രണ്ടുപേര്‍ക്കുമാത്രമേ സംസ്ഥാനമേളയില്‍ പ്രാതിനിധ്യമുള്ളൂ. നേരത്തേ നാലു ദിവസങ്ങളിലായി നടത്തിവന്ന മേള ഇക്കുറി മൂന്നു ദിവസമാക്കി വെട്ടിച്ചുരുക്കിയതാണ് കുട്ടികള്‍ നേരിടുന്ന മറ്റൊരു പ്രധാനപ്രശ്‌നം.

ഇതിലൂടെ സംഭവിക്കുന്നത്

ജില്ലയില്‍നിന്നുള്ള മൂന്നാം സ്ഥാനക്കാര്‍ക്ക് അവസരം നിഷേധിക്കുന്നത് ഒരിക്കലും നീതീകരിക്കാന്‍ കഴിയാത്ത തീരുമാനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ താരങ്ങള്‍ക്കാണ് ഈ തീരുമാനം വലിയ തിരിച്ചടിയാവുക. ഇവിടങ്ങളിലെ ജില്ലാ മേളകളില്‍ വളരെ ചെറിയ വ്യത്യാസത്തിനാണ് പലരും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. ഇവര്‍ക്ക് അവസരം കിട്ടാതെവരുമ്പോള്‍ അതിനേക്കാള്‍ മോശം പ്രകടനമുള്ള കുട്ടികള്‍ മറ്റു ജില്ലകളുടെ മേല്‍വിലാസത്തില്‍ സംസ്ഥാന മേളയ്‌ക്കെത്തും. അതുമാത്രമല്ല, ജില്ലാ മേളയില്‍ ചെറിയൊരു പിഴവില്‍ മൂന്നാം സ്ഥാനത്തായിപ്പോയ പലരും സംസ്ഥാനമേളയില്‍ ഒന്നാം സ്ഥാനത്തെത്താറുള്ളതും എത്രയോ തവണ കായികകേരളം കണ്ടിരിക്കുന്നു.

മേള മൂന്നുദിവസമായി വെട്ടിച്ചുരുക്കിയത് മത്സരാര്‍ഥികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഒരു ദിവസം ഒന്നിലേറെ ഇനങ്ങളില്‍ മത്സരിക്കേണ്ടിവരുന്നവരുടെ കാര്യമാണ് കഷ്ടം. പരമാവധി മികവ് പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് ഇതുമൂലമുണ്ടാവുക. മാത്രവുമല്ല, വിശ്രമമില്ലാതെയുള്ള മത്സരങ്ങള്‍ പരിക്കിനും മുരടിപ്പിനും കാരണമാവുകയും ചെയ്യും.

ഗ്രേസ് മാര്‍ക്കും മെഡലും

സര്‍ക്കാരിന്റെ പുതിയ തീരുമാനംകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന പ്രധാന നഷ്ടം ഗ്രേസ് മാര്‍ക്കും മെഡലുമാണ്. മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കിയതിലൂടെ ഒട്ടേറെ താരങ്ങളുടെ ഗ്രേസ് മാര്‍ക്ക് സാധ്യത അടയും. സംസ്ഥാനമേളയില്‍ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കുണ്ട്. അതുപോലെ റിലേ ടീമില്‍ ഉള്‍പ്പെട്ട് ദേശീയ മേളയില്‍ പങ്കെടുക്കാനുള്ള അവസരം ചിലര്‍ക്കെങ്കിലും കൈമോശംവരും. അങ്ങനെവന്നാല്‍ ദേശീയ തലത്തിലെ ഗ്രേസ് മാര്‍ക്കും ഇവര്‍ക്ക് കിട്ടാതെവരും.

ഇത്തവണ സംസ്ഥാനമേളയില്‍ മെഡലുകളില്ല എന്നതാണ് മറ്റൊരു പ്രധാന സങ്കടം. ഒരു വര്‍ഷത്തോളം നീണ്ട പരിശീലനത്തിനും അധ്വാനത്തിനുംശേഷം സംസ്ഥാനമേളയ്‌ക്കെത്തി അവിടെ വിജയികളാകുന്നവര്‍ ഓര്‍മയ്ക്കായി സൂക്ഷിക്കുന്നത് ഈ മെഡലുകളാണ്. അത്ര വലിയ സാമ്പത്തികബാധ്യത മെഡലിന്റെ പേരിലുണ്ടാവില്ലെന്നിരിക്കെ, അത് നിഷേധിക്കുന്നത് ദുഃഖകരമാണ്.

Content Highlights: State School Sports 2018 Athletic Meet