തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മീറ്റ് റെക്കോഡ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്‍ റോസ് ടോമിയാണ് മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയത്. 14.73 സെക്കന്‍ഡിലാണ് ആന്റോസ് ടോമി മത്സരം പൂര്‍ത്തിയാക്കിയത്. 2013-ല്‍ ഡിബി സെബാസ്റ്റ്യന്‍ കുറിച്ച  റെക്കോഡാണ് ആന്‍ റോസ്  ടോമി പഴങ്കഥയാക്കിയത്. 

അതേസമയം സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫിലെ അപര്‍ണ റോയി സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് സായിയുടെ ഫാദിഹിനാണ് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിന്റെ സൂര്യജിത്ത് സ്വര്‍ണം നേടി.

നേരത്തെ അവസാനിച്ച സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ അഞ്ജലി വി.ഡി സ്വര്‍ണം കരസ്ഥമാക്കി. 

സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മലപ്പുറം കടകശേരി ഐഡിയല്‍ എച്ച്.എസ്.എസിലെ പ്രഭാവതി പി.എസ് സ്വര്‍ണം നേടി. മതിരപ്പള്ളി എം.എ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സാന്ദ്ര ബാബുവിനാണ് ഈ ഇനത്തില്‍ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവിന്‍ ത്രോയില്‍ പുല്ലൂരാംപാറ സെന്റ് ജോസഫിന്റെ തളീത കുമി സുനില്‍ സ്വര്‍ണം നേടി. 

തിരുവനന്തപുരം ജില്ലയുടെ സല്‍മാന്‍ ഫാറൂഖാണ് മേളയിലെ ആദ്യ സ്വര്‍ണം നേടിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തിലാണ് തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖ് സ്വര്‍ണം നേടിയത്. എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അമിത് എന്‍.വിയ്ക്കാണ് വെള്ളി. കണ്ണൂര്‍ ജില്ലയിലെ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരിലെ വിഷ്ണു ബിജു വെങ്കലം നേടി. 

long jump sajan r

ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ തിരുവനന്തപുരം സായിയിലെ സാജന്‍.ആര്‍ സ്വര്‍ണം നേടി. എറണാകുളം പനമ്പള്ളി നഗര്‍ സ്‌പോര്‍ട് അക്കാദമിയിലെ ടി.ജെ ജോസഫിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫിലെ വിഷ്ണു രാജന്‍ മൂന്നാം സ്ഥാനം നേടി.

s sreesanth

ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ചുനക്കര ഗവ. എച്ച്.എസ്.എസിലെ എസ്. ശ്രീശാന്ത് സ്വര്‍ണം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ അഞ്ജലി വി.ഡി ഒന്നാമതെത്തി. എറണാകുളം എന്‍. ഇന്ദുമതിക്കാണ് രണ്ടാം സ്ഥാനം. ആലപ്പുഴ മട്ടം സെന്റ്. ജോണ്‍സ് എച്ച്.എസ്.എസിലെ ബി. ചന്ദ്രലേഖയ്ക്കാണ് മൂന്നാം സ്ഥാനം.

സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം കോതമംഗലം മാര്‍ ബേസിലിന്റെ താരമായ ആദര്‍ശ് ഗോപിയാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതേയിനത്തില്‍ ആദര്‍ശ് ഗോപി ഒന്നാം സ്ഥാനം നേടിയിരുന്നു. പാലക്കാട് മാത്തൂരിലെ അജിത്തിനാണ് വെള്ളി. പാലക്കാട് പറളി സ്‌കൂളിലെ ശ്രീരാഗിനാണ് ഈ ഇനത്തില്‍ വെങ്കലം.

state school athletics 2018 pournamy

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി എച്ച്.എസിലെ എന്‍. പൗര്‍ണമിക്കാണ് ഒന്നാം സ്ഥാനം. തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ സൂര്യ പി.എസ് രണ്ടാമതെത്തി. തിരുവനന്തപുരം സായിയിലെ മിന്നു പി റോയിയാണ് മൂന്നാമത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.വിദ്യാര്‍ഥിനി സനിക കെ.പി സ്വര്‍ണം നേടി. പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസിലെ ചാന്ദ്‌നി.സി ക്കാണ് രണ്ടാം സ്ഥാനം. എറണാകുളം മാര്‍ ബേസിലിന്റെ ബില്‍ന ബാബുവാണ് മൂന്നാമത്. 

നിലവില്‍ 24 പോയിന്റുകളുമായി എറണാകുളം ജില്ലയാണ് മുന്നില്‍. 19  പോയിന്റുമായി ആലപ്പുഴ പിന്നാലെയുണ്ട്. ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.  

 

2200 താരങ്ങളാണ് ഇക്കുറി മത്സത്തിനെത്തിയിരിക്കുന്നത്. ആദ്യദിനം 31 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. മൂന്നു ദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.

നിലവിലെ ചാമ്പ്യന്‍ജില്ലയായ എറണാകുളവും റണ്ണേഴ്‌സ് അപ്പായ പാലക്കാടും തമ്മിലാകും പ്രധാന മത്സരം. സ്‌കൂളുകളില്‍ ചാമ്പ്യനായ മാര്‍ ബേസിലിന്റെ കിരീടത്തിനു വെല്ലുവിളിയുയര്‍ത്തുമെന്നാണ് അയല്‍ക്കാരായ കോതമംഗലം സെന്റ് ജോര്‍ജ്ജിന്റെ അവകാശവാദം. പോയ വര്‍ഷത്തെ രണ്ടാം സ്ഥാനത്തില്‍ നിന്നു മുന്നേറാന്‍ കോഴിക്കോട് പുല്ലൂരാംപാറയും രംഗത്തുണ്ട്. 

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കായികമേള നടക്കുമോയെന്ന ശങ്കയുണ്ടായിരുന്നു. പക്ഷേ, കുട്ടികളുടെ അവസരം നഷ്ടമാകാതിരിക്കാന്‍ സംഘടിപ്പിക്കുകയായിരുന്നു. അതിനാല്‍ ആഡംബരങ്ങളൊന്നുമുണ്ടാകില്ല. ജില്ലകളിലെ മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കി പങ്കാളിത്തം കുറച്ചിട്ടുണ്ട്. നാലുദിവസമായി നടത്തിയിരുന്ന മീറ്റ് ഇക്കുറി മൂന്നു ദിവസമാക്കി. പെണ്‍കുട്ടികള്‍ക്കും 400 മീറ്റര്‍ ഹര്‍ഡില്‍സ് ഉള്‍പ്പെടുത്തിയതും സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഒഴിവാക്കിയതുമടക്കം മത്സരഘടനയില്‍ മാറ്റമുണ്ട്.

 

Content Highlights: state school athletics 2018