തിരുവനന്തപുരം:  സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി കൊല്ലം സായിയുടെ സ്‌നേഹ ജേക്കബും കോതമംഗലം സെന്റ് ജോര്‍ജിന്റെ മുഹമ്മദ് ഷാഹിദുര്‍ റഹ്മാനും. മീറ്റിന്റെ രണ്ടാം ദിനം സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ സ്വര്‍ണം നേടിത്തുടങ്ങിയ സ്‌നേഹ 100 മീറ്റര്‍ ഓട്ടത്തിലും നേട്ടം ആവര്‍ത്തിച്ചു. തൊട്ടുപിന്നാലെ 4x100 മീറ്റര്‍ റിലേയിലും സ്‌നേഹടങ്ങിയ കൊല്ലം ജില്ല ഒന്നാമതെത്തി. 

13.51 സെക്കന്റില്‍ ഓടിയെത്തിയാണ് സ്‌നേഹ 100 മീറ്റില്‍ സ്വര്‍ണം നേടിയത്. പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിന്റെ കീര്‍ത്തി എസ് വെള്ളിയും പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്.എസിലെ അനീറ്റ മരിയ ജോണ്‍ വെങ്കലവും നേടി. നേരത്തെ സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അനീറ്റ എറണാകുളത്തിന് സ്വര്‍ണം സമ്മാനിച്ചിരുന്നു. ലോങ് ജമ്പില്‍ 5.09 മീറ്റര്‍ പിന്നിട്ടാണ് സ്‌നേഹ ഒന്നാമതെത്തിയത്. 4x100 മീറ്റര്‍ റിലേയില്‍ 54.03 സെക്കന്റില്‍ ഓടിയെത്തിയാണ് സ്‌നേഹയടങ്ങുന്ന കൊല്ലം ടീം സ്വര്‍ണനേട്ടത്തിലെത്തിയത്. 

സെന്റ് ജോര്‍ജിന്റെ മണിപ്പൂരി താരമായ ഷാഹിദുര്‍ റഹ്മാന്‍ സബ്ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ് ജമ്പ്, 4x100 മീറ്റര്‍ റിലേ എന്നിവയിലാണ് സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാമതെത്തി ഒരു വെള്ളിയും മണിപ്പൂരി താരം കഴുത്തിലണിഞ്ഞു. 

salman
ഇരട്ട സ്വര്‍ണം നേടിയ സല്‍മാന്‍    ഫോട്ടോ: പ്രവീണ്‍ ദാസ്‌

ആറ്‌ ഇരട്ട സ്വര്‍ണ മെഡല്‍ നേട്ടത്തിനു കൂടി മീറ്റിന്റെ രണ്ടാം ദിനം സാക്ഷിയായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണം നേടി ഈ മീറ്റിലെ ആദ്യ മെഡല്‍ ജേതാവായ സല്‍മാന്‍ ഫാറൂഖ് രണ്ടാം ദിനം 1500 മീറ്ററിലും സ്വര്‍ണം കണ്ടെത്തി. 4:08.22 സെക്കന്റില്‍ ഓടിയെത്തിയാണ് സല്‍മാന്‍ ഒന്നാമതെത്തിയത്.

ഇതേ ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിയും ഇരട്ടസ്വര്‍ണത്തിന് അവകാശിയായി. ആദ്യ ദിനം 3000 മീറ്ററില്‍ സ്വര്‍ണം നേടിയ ആദര്‍ശ് രണ്ടാം ദിനം 3:58.72 സെക്കന്റില്‍ ഓടിയെത്തി 1500 മീറ്ററിലും സ്വര്‍ണം കണ്ടെത്തി. 

sandra
സാന്ദ്ര മേഴ്‌സിക്കുട്ടനോടൊപ്പം  ഫോട്ടോ: പ്രവീണ്‍ ദാസ്‌

ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സാന്ദ്ര എ.എസാണ് ഇരട്ടസ്വര്‍ണം നേടിയ മറ്റൊരു താരം. തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനിയായ സാന്ദ്ര എ.എസ് 400 മീറ്ററിലും 100 മീറ്ററിലുമാണ് സ്വര്‍ണം നേടിയത്. 12.65 സെക്കന്റെടുത്താണ് സ്‌നേഹ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. സബ്ജൂനിയര്‍ വിഭാഗത്തില്‍ കോതംമംഗലം സെന്റ് ജോര്‍ജിന്റെ മണിപ്പൂരി താരം മുഖ്താര്‍ റഹ്മാനാണ്് ഇരട്ട സ്വര്‍ണം നേടിയ മറ്റൊരു താരം. 100 മീറ്ററിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെ 4x100 മീറ്റര്‍ റിലേയിലും മുഖ്താര്‍ സ്വര്‍ണം നേടി.

ജൂനിയര്‍ ലോങ് ജമ്പിലും ട്രിപ്പിള്‍ ജമ്പിലും സ്വര്‍ണം നേടിയ തേവര സേക്രട്ട് ഹാര്‍ച്ച് സ്‌കൂളിലെ അനു മാത്യവും ഡബിള്‍ ഗോള്‍ഡിനുടമയായി. ജൂനിയര്‍ ഷോട്ട് പുട്ടിലും ഹാമര്‍ ത്രോയിലും ഒന്നാമതെത്തി മാതിരപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നിയും ഇരട്ട സ്വര്‍ണപ്പട്ടികയില്‍ ഇടം നേടി. 

 

Content Highlights: State School Meet 2018 Triple Gold and Doubvle Gold Winners