തിരുവനന്തപുരം: തിരുവനന്തപുരം സായിയുടെ അഭിനവ് സി 62-ാമത് സ്‌കൂള്‍ കായിക മേളയിലെ ഏറ്റവും വേഗമേറിയ താരം. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10:97 സെക്കന്‍ഡിലാണ് അഭിനവ് ഫിനിഷിങ് ലൈന്‍ തൊട്ടത്. 11:09 സെക്കന്‍ഡില്‍ ഓടിയെത്തിയ തിരുവനന്തപുരം സായിയിലെ തന്നെ ബിജിത്തിനാണ് വെള്ളി.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജന്‍ സ്വര്‍ണം നേടി. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് സ്വര്‍ണം നേടിയിരുന്നു.

രണ്ടാം ദിനത്തിലെ ആദ്യ സ്വര്‍ണം ഇളയാവൂര്‍ സി.എം.എച്ച്.എസ്.എസിലെ മുഹമ്മദ് അഫ്ഷാനാണ്. അഞ്ച് കി.മീ നടത്തത്തിലാണ് അഫ്ഷാന്‍ സ്വര്‍ണം നേടിയത്. അതേസമയം തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖ് രണ്ടാം സ്വര്‍ണം കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് സല്‍മാന്റെ രണ്ടാം സ്വര്‍ണം. ആദ്യ ദിനം ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സല്‍മാന്‍ സ്വര്‍ണം നേടിയിരുന്നു.