തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. 253 പോയിന്റ് നേടിയാണ് എറണാകുളം ജേതാക്കളായത്. എറണാകുളത്തിന്റെ 13-ാം കിരീടമാണിത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് 196 പോയിന്റുമായി ഇക്കുറിയും രണ്ടാമതെത്തി. 101 പോയിന്റുകളുമായി തിരുവനന്തപുരം മൂന്നാമതെത്തി. 

കോഴിക്കോട് (82), തൃശൂര്‍ (69), കോട്ടയം (37), ആലപ്പുഴ (28), കൊല്ലം  (24), മലപ്പുറം (20), കണ്ണൂര്‍ (19), ഇടുക്കി (17), കാസര്‍കോട് (എട്ട്), പത്തനംതിട്ട (ആറ്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.

സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാര്‍

അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാരായി. 81 പോയിന്റുകളാണ് സെന്റ് ജോര്‍ജ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ കോതമംഗലം മാര്‍ ബേസിലിന് ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 62 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ രണ്ടാമതും 50 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ മൂന്നാമതുമെത്തി. സെന്റ് ജോര്‍ജിന്റെ പത്താം കിരീടമാണിത്. 2014-നു ശേഷമുള്ള സെന്റ് ജോര്‍ജിന്റെ ആദ്യം കിരീടമാണിത്. കിരീട നേട്ടത്തോടെ പരിശീലകന്‍ രാജു പോളിനെ യാത്ര അയക്കാനും പ്രിയ ശിഷ്യര്‍ക്കായി.

മൂന്ന് ട്രിപ്പിള്‍ സ്വര്‍ണം

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മൂന്നു പേര്‍ ട്രിപ്പിള്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കി. സാന്ദ്ര എ.എസ്, ചിങ്കിസ് ഖാന്‍, ആദര്‍ശ് ഗോപി എന്നിവരാണ് മൂന്നിനങ്ങളില്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ് സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍, 400 മീറ്റര്‍, 600 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം കോതമംഗലം സെന്റ് ജോര്‍ജിലെ ചിങ്കിസ് ഖാന്‍ സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് എറണാകുളം കോതമംഗലം മാര്‍ ബേസിലിലെ ആദര്‍ശ് ഗോപി സ്വര്‍ണം നേടിയത്.

 


മീറ്റ് റെക്കോഡുകള്‍ ഏഴ്

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഏഴ് മീറ്റ് റെക്കോഡുകളാണ് പിറന്നത്. 

1. ജൂനിയര്‍ ആണ്‍കുട്ടികളുടെ 600 മീറ്ററില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ചിങ്കിസ് ഖാനാണ് മീറ്റ് റെക്കോഡ് തിരുത്തിയത്. 1:25:06 സെക്കന്‍ഡില്‍ ഓടിയെത്തിയ ചിങ്കിസ് 2007-ല്‍ ലിജോ മണി കുറിച്ച 1:26:86 സെക്കന്‍ഡിന്റെ റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. 

2. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ സി.ഡി അനില്‍ കുമാറും മീറ്റ് റെക്കോഡ് തിരുത്തി. 15.24 മീറ്റര്‍ ദൂരമാണ് അനില്‍ കുറിച്ചത്. 2014-ല്‍ അബ്ദുള്ള അബൂബക്കര്‍ കുറിച്ച റെക്കോഡാണ് അനില്‍ മറികടന്നത്. 

3. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിലെ എം. ജിഷ്‌നയാണ് പുതിയ റെക്കോഡ് കുറിച്ചത്. 2008-ല്‍ സ്‌റ്റെനി മൈക്കിള്‍ സ്ഥാപിച്ച 1.70 മീറ്റര്‍ മറികടന്ന ജിഷ്‌ന 1.73 എന്ന പുതിയ റെക്കോഡും സ്ഥാപിച്ചു. 

4. സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ എറണാകുളം മതിരപ്പള്ളി എം.എ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സാന്ദ്ര ബാബു പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. 12.81 മീറ്റര്‍ താണ്ടിയാണ് സാന്ദ്ര റെക്കോഡ് സ്വന്തം പേരിലാക്കിയത്. 2012-ല്‍ ജെനിമോള്‍ ജോയ് കുറിച്ച 12.78 മീറ്ററാണ് സാന്ദ്ര മറികടന്നത്.

5. ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വോള്‍ട്ടില്‍ പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിലെ മുഹമ്മദ് ബാസിം സി.എ പുതിയ മീറ്റ് റെക്കോഡ് കുറിച്ചു. 4.06 മീറ്റര്‍ കുറിച്ച ബാസിം 2016-ല്‍ അനീഷ് മധു സ്ഥാപിച്ച 4.05 മീറ്ററിന്റെ റെക്കോഡ് സ്വന്തം പേരിലാക്കി.

state school athletics 2018 sandra as

6. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലാണ് എറണാകുളം തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. 0:55:95 സെക്കന്‍ഡിലാണ് സാന്ദ്ര ഫിനിഷ് ചെയ്തത്. ഇതോടെ 2014-ല്‍ ജിസ്‌ന മാത്യു സ്ഥാപിച്ച 0:56:04 സെക്കന്‍ഡിന്റെ റെക്കോഡ് പഴങ്കഥയായി. 

7. 4X100 മീറ്റര്‍ റിലേയില്‍ കഴിഞ്ഞ വര്‍ഷം എറണാകുളം സ്ഥാപിച്ച 43:88 സെക്കന്‍ഡിന്റെ റെക്കോഡ് ഇത്തവണ തിരുവനന്തപുരം 43:85 ആക്കി തിരുത്തി.

state school athletics 2018

സ്പ്രിന്റ് ഡബിള്‍ മൂന്നു പേര്‍ക്ക്

100 മീറ്ററിലും 200 മീറ്ററിലും ഒന്നിച്ച് സ്വര്‍ണം നേടിയവര്‍ ഇത്തവണ മൂന്ന്. സീനിയര്‍ പെണ്‍കുട്ടികളില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി സോജന്‍, സീനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ അഭിനവ് സി, ജൂനിയര്‍ പെണ്‍കുട്ടികളില്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ് എന്നിവരാണ് 100 മീറ്ററിലും 200 മീറ്ററിലുമായി ഇരട്ട സ്വര്‍ണം നേടിയത്.

Content Highlights: state school athletics 2018 eranakulam champions st georges hss kothamangalam won title