തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം കിരീടം നിലനിര്‍ത്തിയപ്പോള്‍ നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോതമംഗലം സെന്റ് ജോര്‍ജ് ഓവറോള്‍ കിരീടം ഇത്തവണ തിരിച്ചു പിടിച്ചു. സെന്റ് ജോര്‍ജിന്റെ കായികാധ്യാപകന്‍ രാജുപോളിന്റെ സാന്നിധ്യം തന്നെയാണ് അവരെ കിരീടത്തിലേക്ക് നയിച്ചത്. 

നിരവധി തവണ സെന്റ് ജോര്‍ജിനെ കിരീട നേട്ടത്തിലേക്കു നയിച്ച ഈ അധ്യാപകന്‍ 34 വര്‍ഷത്തെ സേവനത്തിനു ശേഷം അടുത്ത വര്‍ഷം മേയ് മുപ്പത്തിയൊന്നോടെ വിരമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കിരീട നേട്ടത്തോടെ യാത്രയാക്കാന്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ക്കായി. 

എന്നാല്‍ കിരീട നേട്ടത്തിനു പിന്നാലെ വിവാദങ്ങളും പിന്നാലെയെത്തി, തന്റെ അവസാന കായിക മേളയില്‍ കിരീട നേട്ടത്തിനായി മണിപ്പൂരി താരങ്ങളെ കളത്തിലിറക്കിയെന്ന് രാജു പോളിനെതിരേ ആരോപണമുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. 

state school athletics 2018

''ഇന്ത്യാ മഹാരാജ്യത്ത് കുട്ടികള്‍ക്ക് എവിടെ നിന്നു വേണമെങ്കിലും പഠിക്കാം. ഇക്കൂട്ടത്തില്‍ അനാഥാലയത്തില്‍ നിന്നുവന്ന കുട്ടികളുണ്ട്. ആ കുട്ടികള്‍ക്ക് നമ്മള്‍ അഭയം കൊടുത്തതാണോ തെറ്റ്. അവര്‍ക്ക് ഭക്ഷണം കൊടുത്തതാണോ തെറ്റ്, അവരെ പരിശീലിപ്പിച്ചതാണോ തെറ്റ്, അവരെ കേരളത്തിന്റെ മെഡല്‍ ജേതാക്കളാക്കിയതാണോ തെറ്റ്, 
ഈ പറഞ്ഞവരോട് ഞാന്‍ ചോദിക്കുകയാണ്. അനേകം കുട്ടികള്‍ തെരുവിലുണ്ട്, അവരെ വളര്‍ത്തി വലുതാക്കി കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമാക്കി മാറ്റാന്‍ എല്ലാവരും തയ്യാറാകണം'', രാജുപോള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

ചിങ്കിസ് ഖാന്‍, മുക്താര്‍ ഹസന്‍, ഷാഹിദുര്‍ റഹ്മാന്‍, അരിഫ് ഖാന്‍ തുടങ്ങി ആറു താരങ്ങളാണ് ഇത്തവണ സെന്റ് ജോര്‍ജിനായി മത്സരിച്ചത്.

Content Highlights: st george raju paul's reply to manipur athletes