തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച താരങ്ങള്‍ക്കുള്ള മാതൃഭൂമിയുടെ സ്വര്‍ണമെഡലിന് ആദര്‍ശ് ഗോപിയും എ.എസ്. സാന്ദ്രയും അര്‍ഹരായി. 

എറണാകുളം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ആദര്‍ശ് ഗോപി സീനിയര്‍ ആണ്‍കുട്ടികളുടെ 800, 1500, 3000 മീറ്ററുകളില്‍ ഒന്നാമതെത്തി ട്രിപ്പിള്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയിരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 400 മീറ്ററുകളില്‍ ഒന്നാമതെത്തി എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ്. വിദ്യാര്‍ഥിയായ എ.എസ് സാന്ദ്രയും ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കി.

മാത്രമല്ല ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലെ മീറ്റ് റെക്കോഡും സാന്ദ്ര മറികടന്നിരുന്നു. 0:55:95 സെക്കന്‍ഡിലാണ് സാന്ദ്ര ഫിനിഷ് ചെയ്തത്. ഇതോടെ 2014-ല്‍ ജിസ്‌ന മാത്യു സ്ഥാപിച്ച 0:56:04 സെക്കന്‍ഡിന്റെ റെക്കോഡ് പഴങ്കഥയായി. സ്പ്രിന്റ് ഡബിളും സാന്ദ്ര സ്വന്തമാക്കി.

state school athletics 2018

ഒളിമ്പ്യന്‍മാരായ മേഴ്‌സിക്കുട്ടന്‍, ബോബി അലോഷ്യസ്, കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

Content Highlights: state school athletics 2018, mathrubhumi gold medal for adarsh gopi and sandra as