ടുക്കി രാജാക്കാട് സിറ്റിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് കയറുമ്പോള്‍ അലന്‍ ജോസിന്റെയും ഹരിഗോവിന്ദിന്റെയും മനസില്‍ ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ. സുഡാനില്‍ ജനിച്ച് ഖത്തറിനുവേണ്ടി ഇറങ്ങുന്ന മുതാസ എസ്സ ബര്‍ഷിമിന്റെ മുഖം. തിരുവനന്തപുരത്ത് വന്നിറങ്ങുമ്പോള്‍ ഒരൊറ്റ ആഗ്രഹമേ അവരുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. മുതാസയെപ്പോലെ ഹൈജമ്പില്‍ 2.43 മീറ്റര്‍ ഉയരം താണ്ടി ഏഷ്യന്‍ റെക്കോഡോടെ ജമ്പിങ് ബെഡില്‍ വന്നുവീഴണം.

രാജാക്കാടിന്റെ സ്വന്തം ചാട്ടക്കാരുടെ മോഹം വെറുതെയായില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സ്വര്‍ണവും വെള്ളിയും നേടി അലനും ഹരിഗോവിന്ദും നാടിന്റെ അഭിമാനമായി. എന്‍.ആര്‍ സിറ്റിയിലെ എസ്.എന്‍.വി.എച്ച്.എസ്.എസിലെ പ്ലസ് ടു  വിദ്യാര്‍ഥികളായ ഇരുവര്‍ക്കും സ്വന്തം സ്‌ക്കൂളില്‍ മത്സരിക്കുന്ന പ്രതീതിയാണ്ടുണ്ടായിരുന്നത്. അവസാനം 1.98 മീറ്റര്‍ പിന്നിട്ട് തന്റെ കരിയര്‍ ബെസ്റ്റോടെ ഹരിഗോവിന്ദ്  വെള്ളി നേടി. 

2.02 മീ പിന്നിട്ട് സ്വര്‍ണമുറപ്പിച്ച അലന്‍ തന്റെ ബെസ്റ്റ് ആയ 2.06 മീ പിന്നിടാനായി പിന്നീടുള്ള ശ്രമം. പിന്നില്‍ നിന്ന് കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ഹരിഗോവിന്ദ് തൊട്ടടുത്തുണ്ടായിരുന്നു. എന്നാല്‍ 2.06 മീറ്റര്‍ പിന്നിടാന്‍ അലന് കഴിഞ്ഞില്ല. കാല്‍ നഖത്തിനടിയിലേറ്റ മുറിവിന്റെ വേദന അസ്വാരസ്വമുണ്ടാക്കിയെന്നും അത് പ്രകടനത്തെ ബാധിച്ചെന്നും അലന്‍ പറയുന്നു. 2016ല്‍ ഏഴാം സ്ഥാനവും 2017ല്‍ നാലാം സ്ഥാനവുമായി തൃപ്തിപ്പെടേണ്ടി വന്ന അലനെ സംബന്ധിച്ച് ഈ സ്വര്‍ണം വിലമതിക്കാനാകാത്തതാണ്.

alan jose
അലനും ഹരിഗോവിന്ദും പരിശീലകയോടൊപ്പം  ഫോട്ടോ: പ്രവീണ്‍ ദാസ്‌

'ബര്‍ഷിമിന്റെ ചാട്ടം പണ്ടേ ഇഷ്ടമാണ്. ഇതുവരെ നേരില്‍ കണ്ടിട്ടില്ല. യൂട്യൂബായിരുന്നു ആശ്രയം. ഓരോ ഉയരം ക്ലിയര്‍ ചെയ്യുമ്പോഴും ക്രോസ് ബാര്‍  കൊണ്ടു പോകും. ക്രിക്കറ്റില്‍ വിജയാഘോഷത്തിനിടെ സ്റ്റമ്പ് എടുക്കുന്ന പോലെയാണത്. അതാണ് ബര്‍ഷിമിനോടുള്ള ആരാധനയ്ക്ക് കാരണം'- അലന്‍ പറയുന്നു.

ഉയരമുള്ളതുകൊണ്ട് കുട്ടിക്കാലത്ത് വോളിബോളിനോടായിരുന്നു അലന് പ്രിയം. രണ്ടാം ക്ലാസ് മുതല്‍ ഹൈജമ്പ് ചെയ്തു തുടങ്ങി. മണലിലായിരുന്നു ആദ്യം പരിശീലനം. സെന്റ് റീത്ത സ്‌കൂള്‍ മൈലക്കൊമ്പിലായിരുന്നു പത്താം ക്ലാസ് വരെ. പ്ലസ് വണ്ണിന് എന്‍ ആര്‍ സിറ്റി സ്‌കൂളിലെത്തിയതു മുതലാണ് മിനിജ ടീച്ചറുടെ കീഴില്‍ പ്രാക്ടീസ് തുടങ്ങിയത്.

 പൈനാപ്പിള്‍ കയറ്റുമതിക്കാരനായ തൊടുപുഴ മടക്കത്താനം ജോസ് കുര്യന്റെയും ഷീബയുടെയും മകനാണ്. അനിയന്‍ ആല്‍ബര്‍ട്ട് ജോസുമുണ്ട് ചേട്ടന്റെ വഴിയേ ഹൈജമ്പില്‍. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ വിദ്യാര്‍ഥിയായ ആല്‍ബട്ടിന് ഈ മീറ്റില്‍ നാലാം സ്ഥാനമുണ്ട്. ഈ വര്‍ഷം ജൂനിയര്‍ സ്റ്റേറ്റ്  ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് അലന്‍. ആന്ധ്രപ്രദേശില്‍ നടന്ന ഇന്റര്‍ കപ്പ് നാഷണല്‍സിലും ക്ലബ്ബ് സ്റ്റേറ്റ് അണ്ടര്‍ 20 മീറ്റിലും സ്വര്‍ണം നേടിയിട്ടുണ്ട്.

alan jose
അലനും ഹരിഗോവിന്ദും മത്സരത്തിനിടെ   ഫോട്ടോ: പ്രവീണ്‍ ദാസ്‌

ആറാം ക്ലാസ് മുതലാണ് ഹരിഗോവിന്ദ് ചാടിത്തുടങ്ങിയത്. ജൂനിയര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ഇന്റര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിലും സൗത്ത് സോണ്‍ മീറ്റിലും അണ്ടര്‍ 18 വിഭാഗത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

എന്‍ആര്‍ സിറ്റി സ്‌കൂളില്‍ മിനിജ ടീച്ചറുടെ കീഴിലായിരുന്നു പരിശീലനം. റിയല്‍ എസ്റ്റേറ്റ് ഏജന്റായ വി.കെ. പ്രകാശിന്റെയും സഹകരണ ബാങ്ക് മാനേജര്‍ വിജിയുടെയും മകനാണ്. സഹോദരന്‍ ഗോകുല്‍ ബെംഗളൂരുവില്‍ പഠിക്കുകയാണ്.

Content Highlights: State School Athletic Meet High Jump Winners Alan Jose and Harigovind