സ്. ശ്രീശാന്ത്. പേരു കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് താരം ശാന്തകുമാരന്‍ ശ്രീശാന്തിനെയാണ് ഓര്‍മ്മ വരിക, എന്നാല്‍ ഇത് ശാന്തകുമാരന്‍ ശ്രീശാന്തല്ല. ശ്രീകുമാര്‍ ശ്രീശാന്താണ്. ആ ശ്രീശാന്ത് പന്താണ് എറിയുന്നതെങ്കില്‍ ഷോട്ട് പുട്ട് എറിയുന്നതിലാണ് ഈ ശ്രീശാന്ത് മിടുക്കന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ സ്വര്‍ണം നേടിയാണ് ആലപ്പുഴ ചുനക്കര ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസുകാരന്‍ മേളയുടെ താരമായത്. 

തഴക്കര പഞ്ചായത്തിലെ മാങ്കാങ്കുഴി സ്വദേശിയായ രേഖകുമാരി തന്റെ മകന് നല്‍കാന്‍ കരുതിയിരുന്ന പേര് ശ്രീകേഷ് എന്നായിരുന്നു. പക്ഷേ ക്രിക്കറ്റ് ആരാധകനായ രേഖാകുമാരിയുടെ ഭര്‍ത്താവ് പി. ശ്രീകുമാര്‍ മകന് മറ്റൊരു പേര് കണ്ടുപിടിച്ചിരുന്നു. അന്ന് ബിസിനസ് ആവശ്യത്തിനായി എറണാകുളത്ത് പോയപ്പോള്‍ പത്രത്താളില്‍ കണ്ട ശ്രീശാന്ത് എന്ന പേര്. അങ്ങനെ ശ്രീകേഷ് ശ്രീശാന്തായി മാറി. അച്ഛന്റെ പേരിന്റെ ആദ്യാക്ഷരം ഇനീഷ്യല്‍ കൂടി ആയതോടെ എസ്. ശ്രീശാന്തായി. ശ്രീശാന്തിന്റെ സഹോദരനും ക്രിക്കറ്റ് താരത്തിന്റെ പേര് തന്നെയാണ്. ശ്രീകാന്ത്.

ശ്രീശാന്ത് കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ മകനെ ഇടക്കിടെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നെന്ന് രേഖകുമാരി പറയുന്നു. അന്ന് മകന്‍ ക്രിക്കറ്റ് കളിക്കുന്നതിടിയില്‍ ബൗളാറുകമ്പോള്‍ കൂട്ടുകാര്‍ പറയും;'എടാ, പറ്റിക്കാതെ എറിയണേ'' ന്ന്. അത് കൂട്ടുകാരുടെ തമാശയായി കാണാനാണ് രേഖാകുമാരിക്കും ശ്രീശാന്തിനും ഇഷ്ടം.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ രേഖാകുമാരി തന്നെയാണ് മകന്റെ കഴിവ് തിരിച്ചറിഞ്ഞത്. അന്ന് പരിശീലനം കൊടുക്കാന്‍ തുടങ്ങിയതാണ്. മുന്‍ ഹാമര്‍ത്രോ താരം ശങ്കരന്‍പിള്ള പരിശീലകനായെത്തിയതോടെ ശ്രീശാന്തിന്റെ തലവര തെളിഞ്ഞു. പ്രതിഫലമൊന്നും വാങ്ങാതെയുള്ള ശങ്കരന്‍പിള്ളയുടെ പരിശീലനത്തിന് കീഴില്‍ ശ്രീശാന്ത് ഷോട്ട് പുട്ടില്‍ പുതിയ ദൂരങ്ങള്‍ കണ്ടെത്തി. 

കഴിഞ്ഞ മൂന്ന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും ശ്രീശാന്ത് നേടിയിരുന്നു. എപ്പോഴും അഞ്ചാമത്തെ ശ്രമം വരെ മുന്നിലുണ്ടാകുന്ന ശ്രീശാന്തിനെ ആറാമത്തെ ശ്രമത്തില്‍ ആരെങ്കിലും മറികടക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ ആ പതിവ് ശ്രീശാന്തിനൊപ്പമായിരുന്നു. ആറാമത്തെ ശ്രമത്തില്‍ 13.19 മീറ്റര്‍ ദൂരത്തില്‍ ഷോട്ട് പുട്ട് പായിച്ച് ശ്രീശാന്ത് സ്വര്‍ണം കഴുത്തിലണിഞ്ഞു. ഇനി ദേശീയ മീറ്റില്‍ ഒരു സ്വര്‍ണം. ആ സ്വപ്‌നവുമായാണ് ശ്രീശാന്ത് തിരുവനന്തപുരത്തോട് ബൈ പറഞ്ഞത്. 

Content Highlights: S Sreesanth Shot Put Gold Medal Winner