അവസരം നല്‍കണം- പി.ടി ഉഷ

മേളയുടെ ദിനങ്ങള്‍ വെട്ടിച്ചുരുക്കുന്നത് കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടാകും. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം. ജില്ലയിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് അവസരം നിഷേധിക്കുന്നത് എന്തു ചെലവുചുരുക്കലിന്റെ ഭാഗമാണെന്ന് മനസ്സിലാവുന്നില്ല. ജില്ലാ കായികോത്സവം തട്ടിക്കൂട്ട് പരിപാടിയായിരുന്നു. തുടര്‍ച്ചയായ മത്സരങ്ങള്‍ താരങ്ങളെ വലച്ചു. സംസ്ഥാനമേള അഞ്ചു ദിവസമായി തന്നെ നടത്തണം. മേളയുടെ ആര്‍ഭാടം കുറച്ചുകൊണ്ട് മേള നടത്താമല്ലോ.

കുട്ടികളുടെ മനസ്സ് കാണണ്ടേ- മേഴ്സിക്കുട്ടന്‍, സ്‌പോര്‍ട്സ് കൗണ്‍സില്‍

കുട്ടികളുടെ മനസ്സ് കാണാതെയുള്ള തീരുമാനങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഏതു പ്രതിസന്ധിയില്‍നിന്നും കുതിച്ചുയരാന്‍ ശക്തിയുള്ള നമ്മുടെ കായികതാരങ്ങളെ പ്രളയത്തിന്റെ പേരുപറഞ്ഞ് തളര്‍ത്താനാണ് ശ്രമിക്കുന്നത്. ഒരു വര്‍ഷം നീണ്ട കഠിനാധ്വാനത്തിന്റെ വിളവെടുപ്പിനുള്ള വേദിയാണ് സംസ്ഥാന മീറ്റ്. അര്‍ഹതയുണ്ടായിട്ടും അവിടേക്ക് പ്രവേശനം നല്‍കാതെ ജില്ലയിലെ മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കുന്നത് ശരിയല്ല. വൈകിയിട്ടില്ല, സര്‍ക്കാര്‍ കുട്ടികളുടെ മനസ്സ് കണ്ടിരുന്നെങ്കില്‍!

കുട്ടികളുടെ അവസരം നഷ്ടമായി- പി.ജി. മനോജ്, പാലക്കാട് പറളി സ്‌കൂള്‍

ജില്ലാ കായികമേളയില്‍ മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കിയത് ഒട്ടേറെ കുട്ടികളുടെ അവസരം നഷ്ടമാക്കി. ജില്ലാ മീറ്റ് മഴയത്തു നടത്തിയപ്പോള്‍ത്തന്നെ പലര്‍ക്കും പരിക്കേറ്റു. ഫീല്‍ഡ്, ത്രോ ഇനങ്ങളില്‍ മൂന്ന് അവസരം മാത്രമാണ് നല്‍കിയത്. പലര്‍ക്കും ശരിയായ മികവ് പുറത്തെടുക്കാനായില്ല. ഇവിടത്തെ മൂന്നാം സ്ഥാനക്കാര്‍ക്കുപോലും സംസ്ഥാനതലത്തില്‍ മെഡല്‍സാധ്യതയുണ്ട്. ഇത് ടീമിനെയും ബാധിക്കും. പ്രളയവും സാമ്പത്തിക പ്രതിസന്ധിയുമുണ്ടെങ്കിലും കുട്ടികളുടെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല. സംസ്ഥാന മീറ്റ് ഒഴിവാക്കി ജില്ലാതലത്തിലെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാമായിരുന്നു. പിന്നീട് ദേശീയ മീറ്റിന് സെലക്ഷന്‍ ട്രയല്‍ നടത്തിയാല്‍ മതിയായിരുന്നു.

കുട്ടികളെയല്ല, ഒഫീഷ്യല്‍സിനെ കുറയ്ക്കണം- എന്‍.എസ്. സിജിന്‍, പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍

മൂന്നാം സ്ഥാനക്കാരെ തഴഞ്ഞതുകൊണ്ട് വലിയ സാമ്പത്തികനേട്ടമൊന്നും ഉണ്ടാകില്ല. കുട്ടികളുടെ അവസരം ഇല്ലാതായെന്നുമാത്രം. പാലക്കാട്, എറണാകുളം ജില്ലകളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഇവിടത്തെ മൂന്നാം സ്ഥാനക്കാര്‍ക്ക് ദേശീയതലത്തില്‍പ്പോലും മെഡല്‍നേടാനാകും. ഇപ്പോഴത്തെ നീക്കം ദേശീയമീറ്റില്‍ കേരളത്തിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. സംസ്ഥാനമീറ്റില്‍ 400 പേര്‍വരെ ഒഫീഷ്യല്‍സ് ആകാറുണ്ട്. എന്തിനാണ് ഇത്രയും പേര്‍? 100-ല്‍ താഴെ ആളുകളെക്കൊണ്ട് മേളനടത്താം. 60 പേരെക്കൊണ്ട് ദേശീയ മേളകള്‍ നടത്താറുണ്ട്. വിജയികള്‍ക്ക് ട്രോഫി പ്രോത്സാഹനമാണ്. ഇത് ഒഴിവാക്കാതെ സ്‌പോണ്‍സര്‍മാരെ കണ്ടെത്താമായിരുന്നു.

എന്തിനാണ് ഈ കടുംപിടിത്തം- ഷിബി മാത്യു, കോതമംഗലം മാര്‍ബേസില്‍

പ്രളയത്തിന്റെപേരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയെ ഇങ്ങനെ കൊല്ലുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പ്രളയത്തില്‍ നമുക്കെല്ലാം സങ്കടമുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ, കുട്ടികളുടെ അവസരം നഷ്ടമാക്കി മത്സരാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നത് ക്രൂരതയാണ്. അവര്‍ക്ക് ഗ്രേസ് മാര്‍ക്കടക്കം നഷ്ടമാകും. മിക്കവാറും ഇടങ്ങളില്‍ വളരെ പാവപ്പെട്ടനിലയിലുള്ള കുട്ടികളാണ് കായികമേളയ്‌ക്കെത്താറുള്ളത്. അവരുടെ അവസരങ്ങള്‍ ഇല്ലാതാക്കി മേള നടത്തുന്നതുകൊണ്ട് എന്തു പ്രയോജനം?

ദു:ഖകരം- വി.ടി. മിനീഷ് (കായികാധ്യാപകന്‍, കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസ്)

ജില്ലയിലെ മൂന്നാം സ്ഥാനത്തിന് സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നത് ദുഃഖകരമാണ്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാത്തവരാണ് ചെലവുചുരുക്കലിന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തിയവര്‍തന്നെ സംസ്ഥാനതലത്തിലും ആദ്യമൂന്നുസ്ഥാനങ്ങളില്‍ എത്തിയ ചരിത്രമുണ്ട്.

Content Hghlights: Kerala State School Sports 2018 Sports Personalities Speak