കട്ടപ്പന: പേമാരി ദുരന്തം പെയ്തപ്പോൾ ഒരു കുഞ്ഞുവീട്ടിൽ പേടിച്ചരണ്ട് കഴിച്ചുകൂട്ടിയ ദിവസങ്ങൾ. പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാഞ്ഞ ആ ദിവസങ്ങളിൽ നേടിയ മനക്കരുത്തുമായാണ്‌ ബേസിൽ ബിനോയി കാൽവരിയിലെ ട്രാക്കിലേക്കിറങ്ങിയത്. തിരിച്ചുകയറിയപ്പോൾ അവൻ മൂന്ന് സ്വർണ മെഡലുകൾ കൊയ്‌തെടുത്തിരുന്നു.

പട്ടയക്കുടി പുൽപ്പറമ്പിൽ ബിനോയി ജെസ്മി ദമ്പതിമാരുടെ മകനായ ബേസിൽ പ്രളയക്കെടുതികൾ നേരിട്ടു കണ്ടവനാണ്. മഴയിൽ ഒറ്റപ്പെട്ടുപോയ ഇവരുടെ കുടുംബം പട്ടയക്കുടിയിലെ കൊച്ചുവീട്ടിൽ ഭീതിയോടെയാണ് അന്ന് കഴിഞ്ഞുകൂടിയത്. കായികതാരത്തിന്റെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണെന്ന ഗുരുനാഥനായ ഷൈജു ചന്ദ്രശേഖരന്റെ വാക്കുകളാണ് കായികമത്സരത്തിൽ വീറോടെ മത്സരിക്കാൻ ബേസിലിനു പ്രചോദനമായത്.

സബ് ജൂനിയർ വിഭാഗത്തിൽ 100 മീറ്റർ ഓട്ടം, ലോങ് ജംപ്‌, 80 മീറ്റർ ഹർഡിൽസ് എന്നിവകളിൽ ഒന്നാമനായി ബേസിൽ ഫിനിഷ് ചെയ്തു. കായികമേളയിൽ സജീവമാണെങ്കിലും ആദ്യമായിട്ടാണ് മത്സരിച്ച മൂന്ന് ഇനങ്ങളിലും ഒന്നാമതെത്തുന്നത്. സംസ്ഥാനതലത്തിൽ ഹർഡിൽസ്, ലോങ്ങ് ജംപ്‌ മത്സരയിനങ്ങളിൽ ബേസിൽ മികവ് പുലർത്തിയിട്ടുണ്ട്. എസ്.എൻ.എച്ച്.എസ്‌.എസ്. നങ്കിസിറ്റിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.