റിയോ ഡി ജനൈറോ: ഏതാകും ലോകത്ത് ഏറ്റവും കൂടുതല്‍ ഉച്ചരിക്കപ്പെട്ട ഒരു ഫുട്‌ബോള്‍ താരത്തിന്റെ പേര്? ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങി ഉത്തരങ്ങള്‍ നിരവധിയുണ്ടാകും ഇന്നത്തെ തലമുറയ്ക്ക്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും 'പെലെ' എന്ന രണ്ടക്ഷരം ഉച്ചരിക്കാത്ത എത്ര പേരുണ്ടാകും ലോകത്ത്. അതെ ഫുട്‌ബോളിന്റെ ആദ്യത്തെ പര്യായമാണ് പെലെ. ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യ ഓടിയെത്തുക ഒരു പന്താണ്, പിന്നെ പെലെയും. ഫുട്‌ബോളിന്റെ ഈ ബ്രാന്‍ഡ് അംബാസഡര്‍ക്ക്, കാല്‍പ്പന്തു കളിയുടെ മാന്ത്രികന് ഇന്ന് 80 വയസ് തികയുകയാണ്.

ബ്രസീലില്‍ മിനാസ് ജെറെയ്സിലെ ട്രെസ് കൊറാക്കോസില്‍ 1940 ഒക്ടോബര്‍ 23-ന് ജനിച്ച എഡ്സണ്‍ അരാന്റെസ് ദോ നാസിമെന്റോ എന്ന പെലെ മൂന്നു ഫുട്‌ബോള്‍ ലോകകപ്പുകളില്‍ മുത്തമിട്ട ഒരേയൊരു താരമാണ്. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു ആ നേട്ടം. നാലു ലോകകപ്പുകളിലും കളിച്ചു.

ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരത്തിനുള്ള ഗിന്നസ് റെക്കോഡിന് ഉടമയും പെലെ തന്നെ. 1363 കളികളില്‍ നിന്ന് 1281 ഗോളുകള്‍ (ഇക്കാര്യത്തില്‍ ഇന്നും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്). 1999-ല്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് നൂറ്റാണ്ടിന്റെ താരമായി തിരഞ്ഞെടുത്തത് പെലെയെയാണ്.

നാലു ലോകകപ്പുകളിലായി 14 മത്സരങ്ങള്‍ കളിച്ച പെലെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം 12 ആണ്. 1958-ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ വെയ്ല്‍സിനെതിരായ ക്വാര്‍ട്ടറിലാണ് പെലെ തന്റെ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിക്കുന്നത്. അതുവരെയുള്ള ലോകകപ്പിന്റെ ചരിത്രത്തില്‍ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടവും പെലെയെക്ക് സ്വന്തമായിരുന്നു. ബ്രസീലിനായി 92 മത്സരങ്ങളില്‍ നിന്ന് നേടിയത് 77 ഗോളുകളാണ് അദ്ദേഹം നേടിയത്. 

ബ്രസീസിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബായ സാന്റോസാണ് പെലെ എന്ന ഇതിഹാസത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഭാവി വാഗ്ദാനം എന്ന ലേബലില്‍ പെലെ സാന്റോസിലെത്തുമ്പോള്‍ അദ്ദേഹത്തിന് പ്രായം വെറും 15. ആ പ്രായത്തില്‍ കൊറിന്ത്യന്‍സിനെതിരേ തുടങ്ങിവെച്ച ഗോള്‍വേട്ട പെലെ അവസാനിപ്പിച്ചത് 1977-ല്‍ 37-ാം വയസില്‍ കോസ്‌മോസിനെതിരായ മത്സരത്തിലായിരുന്നു.

Content Highlights: Pele the football legend turns 80