സിസേഴ്സ് കിക്കില്‍ നിന്ന് ഗോളുകള്‍ സൃഷ്ടിക്കുന്നവരോടുള്ള ആരാധനക്ക് ഇന്നുമില്ല മങ്ങല്‍. കളിക്കമ്പക്കാരനായ ആ സ്‌കൂള്‍ കുട്ടി ഇപ്പോഴും ഉള്ളിലുള്ളതുകൊണ്ടാവാം. അത്രയും നയനാഭിരാമമായ മറ്റേത് കാഴ്ചയുണ്ട് ഫുട്ബാളില്‍? 

ഓര്‍മ്മയില്‍ പഴയൊരു  ബ്ലാക്ക് ആന്‍ഡ് വൈറ്റ്  ചിത്രം തെളിയുന്നു. വയനാട്ടിലെ ഞങ്ങളുടെ വിദ്യാലയ മുറ്റത്ത്  വാശിയേറിയ ഒരു ഇന്റര്‍ സ്‌കൂള്‍ മത്സരം. മേപ്പാടി സ്‌കൂളാണ് എതിരാളികള്‍. കളി തീരാറാകുമ്പോഴും  ഒരു ഗോളിന് പിന്നിലാണ് ചുണ്ടേല്‍. അവസാന വിസിലിന് തൊട്ടു മുന്‍പ് എതിര്‍ ഗോളി കൈ കൊണ്ട് കുത്തിയകറ്റിയ  പന്ത് പെനാല്‍റ്റി ബോക്‌സിനു തൊട്ട് പുറത്ത്  പിന്തിരിഞ്ഞു നിന്ന ഞങ്ങളുടെ സ്റ്റാര്‍ സെന്റര്‍ ഫോര്‍വേഡ് കെ.എല്‍ ജോര്‍ജിന്റെ തലയ്ക്കു മുകളില്‍ പറന്നിറങ്ങുന്നു. ചുറ്റും ഓടിക്കൂടിയ എതിര്‍ പ്രതിരോധഭടന്‍മാരുടെ പത്മവ്യൂഹത്തില്‍ നിന്ന് പൊടുന്നനെ  പട്ടം പോലെ വായുവില്‍ ഉയര്‍ന്നു പൊങ്ങുന്നു ജോര്‍ജിന്റെ എണ്ണക്കറുപ്പാര്‍ന്ന  ശരീരം. ഇടം കൈയുടെ ചൂണ്ടുവിരല്‍ മാത്രം നിലത്തുകുത്തി, ബൂട്ടിടാത്ത കാലുകൊണ്ട്  സര്‍വശക്തിയുമെടുത്ത് പന്ത് പിന്നിലേക്ക് മറിക്കുന്നു ജോര്‍ജ്ജ്. ''നോക്കെടാ, സിസര്‍ കട്ട്..'' -  കാണികള്‍ക്കിടയില്‍ നിന്ന് ഏതോ കുട്ടി  വിളിച്ചു കൂവുന്നു. അന്തംവിട്ടു നിന്ന ഗോളിയുടെ തലയ്ക്കു മുകളിലൂടെ പന്ത്  ഗോള്‍വരക്കപ്പുറത്തേക്ക്. സ്‌കോര്‍ 1-1.

തൊണ്ട പൊട്ടുമാറ് ആര്‍ത്തുവിളിച്ചുകൊണ്ട് ഗ്രൗണ്ടില്‍ ഓടിയിറങ്ങിച്ചെന്ന് നിലത്തു പൂഴിമണ്ണില്‍ മലര്‍ന്നുകിടന്ന ജോര്‍ജ്ജിനെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. അന്നത്തെ ഏഴാം  ക്ലാസുകാരന്‍. ജീവിതത്തിലാദ്യമായി  സിരകളില്‍ തീ പടര്‍ത്തിയ ആ ''സിസര്‍ കട്ട്'' എങ്ങനെ മറക്കാന്‍?

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പെറുവിലെ എല്‍ കയാവോ തുറമുഖത്ത് ബ്രിട്ടീഷ് നാവികരും ആഫ്രോ-പെറൂവിയന്‍ റെയില്‍വേ തൊഴിലാളികളും തമ്മില്‍ നടന്നുപോന്ന സൗഹൃദ മത്സരങ്ങളിലാണ് ആദ്യമായി ബൈസിക്കിള്‍ കിക്ക് പരീക്ഷിക്കപ്പെട്ടതെന്നാണ് ചരിത്രം. പക്ഷേ  അതൊരു തികവാര്‍ന്ന  ദൃശ്യാനുഭവമാക്കി  മാറ്റിയെടുത്തത് എഡ്‌സണ്‍ അറാന്റസ് ഡോ നാസിമെന്റോ എന്ന സാക്ഷാല്‍ പെലെ തന്നെ. മാറക്കാന സ്റ്റേഡിയത്തില്‍ 1965-ല്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെയായിരുന്നു പെലെയുടെ ഐതിഹാസിക ഗോള്‍. ഇടതു പാര്‍ശ്വത്തില്‍ നിന്ന് ലഭിച്ച ക്രോസ് അന്തരീക്ഷത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന് പെലെ പോസ്റ്റിലേക്ക് തിരിച്ചുവിടുന്ന മില്യണ്‍ ഡോളര്‍ ദൃശ്യം വീര്‍പ്പടക്കി കണ്ടുനിന്നു ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന ജനക്കൂട്ടം.

''എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഗോളുകളില്‍ ഒന്ന്.'' ആ നിമിഷത്തിന്റെ ഓര്‍മ്മയില്‍ പിന്നീട് പെലെ എഴുതി. ''1283 ഗോളുകള്‍ നേടിയിട്ടുണ്ടെങ്കിലും ബൈസിക്കിള്‍ കിക്കിലൂടെ വിരലിലെണ്ണാവുന്ന ഗോളുകള്‍  മാത്രമേ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. കാണാന്‍ ചന്തമുണ്ടെങ്കിലും അതത്ര എളുപ്പമുള്ള ഏര്‍പ്പാടല്ല എന്നതു തന്നെ കാരണം.'' മയാമി ടോറോസിനെതിരെ ന്യൂയോര്‍ക്ക് കോസ്മോസിന് വേണ്ടിയായിരുന്നു ഒന്നാം ക്ലാസ് ഫുട്‌ബോളില്‍ പെലെയുടെ അവസാനത്തെ റിവേഴ്സ് കിക്ക് ഗോള്‍. വടക്കേ അമേരിക്കന്‍ സോക്കര്‍ ലീഗില്‍. അതിനിടക്ക് 1981-ല്‍ പുറത്തുവന്ന ''എസ്‌കേപ്പ് ടു  വിക്ടറി'' എന്ന വിഖ്യാത ഹോളിവുഡ് ചിത്രത്തിലും കണ്ടു പെലെയുടെ ഒരു തകര്‍പ്പന്‍ ബാക്ക് വോളി. ക്യാമറക്ക്  വേണ്ടിയായിരുന്നെങ്കിലും ഫുട്‌ബോള്‍ ജീവിതത്തിലെ തന്റെ ഏറ്റവും മികച്ച ഗോളാണ്  അന്ന് സ്‌കോര്‍ ചെയ്തതെന്ന  കാര്യത്തില്‍ സംശയമില്ല  പെലെക്ക്.

''ബുദ്ധിയും ശക്തിയും മനസ്സാന്നിധ്യവും മാത്രം പോരാ, ഒരു പാട് ഭാഗ്യം കൂടി വേണം അത്തരം ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍. അപൂര്‍വമായേ ആ ഭാഗ്യം വീണുകിട്ടൂ.'' ഫുട്‌ബോള്‍ രാജാവ് എഴുതി.   
അത്തരമൊരു മാന്ത്രിക ഗോള്‍ കാണാന്‍ 1978- ലെ കൊല്‍ക്കത്ത ലീഗ് വരെ കാത്തിരിക്കേണ്ടി വന്നു ഇന്ത്യന്‍ ഫുട്ബാളിന്. ശ്യാംഥാപ്പ എന്ന കൊച്ചു മനുഷ്യനെ രായ്ക്കുരാമാനം ചരിത്രപുരുഷനാക്കി മാറ്റിയ തകര്‍പ്പന്‍ ഗോള്‍. മോഹന്‍ ബഗാനില്‍ ചേര്‍ന്നിട്ട് അധികകാലമായിരുന്നില്ല ശ്യാം. ഈസ്റ്റ് ബംഗാളിനെതിരായ നിര്‍ണായക  ലീഗ് മത്സരത്തില്‍ പിറന്ന ആ ഗോളിനെ കുറിച്ച് ശ്യാംദായോട് നേരിട്ട് ചോദിച്ചിട്ടുണ്ട് ഒരിക്കല്‍. മറുപടി ഇങ്ങനെ, ''ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ്. വിങ്ങില്‍ നിന്ന് സുഭാഷ് ഭൗമിക്ക് നല്‍കിയ ക്രോസ് ഹബീബ് എന്റെ മുന്നിലേക്ക് ഹെഡ് ചെയ്യുന്നു. ആ സമയത്ത്  പോസ്റ്റിനു പിന്തിരിഞ്ഞു നില്‍ക്കുകയാണ് ഞാന്‍.  ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല. പന്ത് തലക്കുമുകളില്‍ എത്തിയതും ഇടം കൈ നിലത്തു തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ അന്തരീക്ഷത്തില്‍ ഞാന്‍ മലര്‍ന്നുകിടന്നതും ഒപ്പം. ആ കിടപ്പില്‍ പന്ത് സര്‍വ്വശക്തിയുമെടുത്ത് പിന്നിലേക്ക് മറിച്ചതേ ഓര്‍മ്മയുള്ളൂ. കാതിനരികിലൂടെ ചീറിപ്പാഞ്ഞുപോയ ഷോട്ട് കണ്ടതുപോലുമില്ലെന്നാണ് പിന്നീട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ഭാസ്‌കര്‍ ഗാംഗുലി പറഞ്ഞത്. എന്റെ ജീവിതത്തില്‍ അതിനു മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല അത്രയും അവിശ്വസനീയമായ ഒരു ഗോള്‍.'' കൊല്‍ക്കത്ത മൈതാനം കണ്ട ഏറ്റവും സുന്ദരമായ ഗോളെന്ന് കൂട്ടിച്ചേര്‍ക്കും  അന്ന് ഒപ്പം കളിച്ച സുഭാഷ് ഭൗമിക്ക്.

അതുപോലെ ആഘോഷിക്കപ്പെട്ട മറ്റൊരു ഗോളേയുള്ളൂ  ഇന്ത്യന്‍ ഫുട്ബാളില്‍. 1995-ലെ സിസേഴ്‌സ് കപ്പ് ഫൈനലില്‍ മലേഷ്യന്‍ ക്ലബ്ബായ പെര്‍ലിസിനെതിരെ ബാക്ക് വോളിയിലൂടെ ഐ.എം വിജയന്‍ നേടിയ ഗോള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഗാലറികളിലെ പതിനായിരങ്ങള്‍ക്കൊപ്പം ആ അനര്‍ഘ നിമിഷത്തിനു സാക്ഷ്യം വഹിക്കാനായത് കളിയെഴുത്തു ജീവിതത്തിലെ അപൂര്‍വ ഭാഗ്യങ്ങളില്‍ ഒന്ന്. തേജീന്ദര്‍ കുമാര്‍ നിന്ന നില്‍പ്പില്‍ വലതുവശത്തു നിന്ന് ലിഫ്റ്റ്  ചെയ്ത പന്ത് നിലം തൊടും മുന്‍പ് മലക്കം മറിഞ്ഞു പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു വിജയന്‍. ഫഗ്വാരയിലെ ജെ.സി.ടി മില്‍സിന്  സിസേഴ്‌സ് കപ്പ് നേടിക്കൊടുത്ത ഗോള്‍.

അതേ വര്‍ഷത്തെ ചെന്നൈ സന്തോഷ് ട്രോഫി ഫൈനലിന്റെ എക്‌സ്ട്രാ ടൈമില്‍  പഞ്ചാബിനെതിരെ  ബൈച്ചുങ് ബൂട്ടിയ നേടിയ 'ഗോള്‍ഡന്‍ ഗോളു'മുണ്ട് മിഴിവാര്‍ന്ന ചിത്രമായി ഓര്‍മ്മയില്‍. മിഡ്ഫീല്‍ഡറും പിന്‍വാങ്ങിക്കളിക്കുന്ന സ്ട്രൈക്കറും മാത്രമായി കളിച്ചു  ശീലിച്ചിരുന്ന ബൈച്ചുങ്ങിനെ മുഴുവന്‍സമയ ഫോര്‍വേഡിന്റെ റോളില്‍ കോച്ച് നയീമുദ്ദീന്‍ ആദ്യമായി പരീക്ഷിച്ച ദിവസം. ''അവിശ്വസനീയമായിരുന്നു ബൈച്ചുങ്ങിന്റെ ഗോള്‍.'' - മത്സരത്തിന് ശേഷം നയീം പറഞ്ഞു. ''ആദ്യമെടുത്ത ഷോട്ട്  റീബൗണ്ട് ചെയ്ത് വന്നപ്പോള്‍ ബൈച്ചുങ് ഒരു ബാക്ക് വോളിക്ക് ശ്രമിക്കുമെന്ന് ഞാന്‍ പോലും കരുതിയതല്ല. പക്ഷേ മടങ്ങി വന്ന പന്ത് അതേ വേഗത്തില്‍, അതേ ഊര്‍ജത്തില്‍ തിരിച്ചയച്ചു അവന്‍. അതും പോസ്റ്റിനു പിന്തിരിഞ്ഞു നിന്നുകൊണ്ട്. ഏതു കളിക്കാരനായാലും അപാരമായ ചങ്കുറപ്പ് വേണം അത്തരമൊരു ഷോട്ട് പരീക്ഷിക്കാന്‍.''

Content Highlights: Pele s iconic overhead kick executed one with ease against Belgium